കടുവയെ വെടിവച്ചു കൊന്നോ? ഗ്രാമ്പിയിലെ കടുവാ ദൗത്യത്തില്‍ അവ്യക്തത

ഇടുക്കി ഗ്രാമ്പി അരണക്കല്ലില്‍ ജനവാസ മേഖലയില്‍ ഭീതിപരത്തിയ കടുവയെ വെടിവച്ചു കൊന്നതാണോ എന്ന് സംശയം. കടുവയെ മയക്കുവെടിവച്ചു കൂട്ടിലാക്കി ചികിത്സ നല്‍കാനുള്ള പദ്ധതിയായിരുന്നു വനംവകുപ്പ് ആസൂത്രണം ചെയ്തത്. രണ്ട് ദിവസമായി ഇതിനുള്ള ശ്രമത്തിലായിരുന്നു ദൗത്യസംഘം.

എന്നാൽ ഇന്നലെ കടുവ സംഘത്തിന് മുന്നില്‍പ്പെട്ടില്ല. വനത്തിലേക്ക് കയറിയിരിക്കാം എന്ന നിഗമനത്തില്‍ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ ഡ്രോണ്‍ നിരീക്ഷണത്തിലാണ് കടുവ ഉള്ള സ്ഥലം കണ്ടെത്തിയത്. ഇവിടേക്ക് എത്തിയ ദൗത്യസംഘം കടുവയെ നേരില്‍ കണ്ടു.

ആദ്യം മയക്കുവെടി വയ്ക്കുകയും ചെയ്തു. ആദ്യ വെടിയേറ്റ കടുവയുടെ അടുത്തെത്തിയ ദൗത്യസംഘത്തിനു നേരെ കടുവ ചാടിവീണു. ഇതോടെ തൊട്ടടുത്ത് നിന്ന് മൂന്ന് റൗണ്ട് വെടിയുതിര്‍ത്തു. അത് മയക്കുവെടിയാണോ എന്ന കാര്യത്തിലാണ് സ്ഥിരീകരണമില്ലാത്തത്.

Also Read: കടുവയെ കൊന്നത് തന്നെ; ആക്രമിച്ചപ്പോള്‍ വെടിവച്ചെന്ന് ഔദ്യോഗിക സ്ഥിരീകരണം

വെടിയേറ്റ കടുവ മയങ്ങാന്‍ 10 മിനിറ്റ് സമയം എടുക്കും എന്നായിരുന്നു വനം വകുപ്പ് അറിയിച്ചത്. എന്നാല്‍ വെടിവച്ചതിന് തൊട്ടുപിന്നാലെ തന്നെ സംഘാംഗങ്ങള്‍ കടുവയുടെ അടുത്ത് എത്തുകയും വലയിലാക്കി വാഹനത്തില്‍ എത്തിച്ച് തേക്കടിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. മയങ്ങാനുള്ള സമയം പോലും നല്‍കാതെ ദൗത്യസംഘം നടപടികളിലേക്ക് കടന്നതോടെയാണ് വെടിവച്ച് കൊന്നതാകാം എന്ന ചര്‍ച്ച തുടങ്ങിയത്.

Also Read: ദൗത്യസംഘത്തിന് നേരെ പാഞ്ഞടുത്തു; പിന്നാലെ വെടി; ഗ്രാമ്പിയിലെ കടുവയെ പിടികൂടി

തേക്കടിയില്‍ എത്തിയ ഡിഎഫ്ഒ അടക്കം ഇക്കാര്യത്തില്‍ വ്യക്തമായ പ്രതികരണം നടത്തിയതുമില്ല. പരിശോധിച്ച ശേഷം മറുപടി എന്ന രീതിയില്‍ പ്രതികരിച്ച് വേഗത്തില്‍ പോവുകയാണ് ചെയ്തത്. ഇതും ആശയക്കുഴപ്പം കൂട്ടുകയാണ് ഉണ്ടായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top