താമരശേരി വനം ഓഫീസ് കത്തിച്ച കേസ് വീണ്ടും കത്തിയേക്കും; 35 പ്രതികളെയും വെറുതെവിട്ട വിധിക്കെതിരെ അപ്പീലിന് നീക്കം; സുപ്രധാന രേഖകൾ കാണാതായതിൽ പോലീസും പ്രതിക്കൂട്ടിൽ

കോഴിക്കോട്: കേരളം കണ്ടതിൽ ഏറ്റവും വലിയ ഹർത്താൽ അക്രമക്കേസിലെ മുഴുവൻ പ്രതികളെയും വെറുതെവിട്ട വിധിക്കെതിരെ അപ്പീൽ സാധ്യത തേടി വനംവകുപ്പ്. കസ്തൂരി രംഗൻ റിപ്പോർട്ട് നടപ്പാക്കുന്നതിന് എതിരെ നടന്ന ഹർത്താലിൽ കോഴിക്കോട് ജില്ലയിൽ വ്യാപക അക്രമം നടന്നതുമായി ബന്ധപ്പെട്ട കേസുകൾ ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് കോടതി തീർപ്പാക്കിയത്. ഇതിലുണ്ടായ തിരിച്ചടി മറികടക്കാനാണ് വിധിക്കെതിരെ അപ്പീൽ നൽകാൻ വനംവകുപ്പ് ഒരുങ്ങുന്നത്. ഹര്‍ത്താലിനിടെ താമരശ്ശേരി വനംവകുപ്പ് റേഞ്ച് ഓഫീസ് കത്തിച്ച കേസിലെ 35 പ്രതികളെയും എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വെറുതെവിട്ടത്.

ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം പ്രധാനസാക്ഷികള്‍ വിചാരണക്കിടെ കൂറുമാറിയതാണ് കേസിൽ തിരിച്ചടിയായത്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും വനംവകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ എട്ട് പ്രോസിക്യൂഷന്‍ സാക്ഷികളാണ് കൂറുമാറിയത്. ഇവര്‍ക്കെതിരെ അച്ചടക്കനടപടികള്‍ ഉണ്ടാകും. ഇതിന് സര്‍ക്കാരില്‍ നിന്ന് അനുമതി തേടി. വനംവകുപ്പിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചേക്കും.

സുപ്രധാന രേഖകൾ കാണാതാകുന്ന വിചിത്ര സംഭവവും കേസിൽ ഉണ്ടായി. ഇത് പ്രോസിക്യൂഷന് കനത്ത തിരിച്ചടിയായി. സാക്ഷിമൊഴികളുടെയും മറ്റ് രേഖകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഉപയോഗിക്കാന്‍ പ്രോസിക്യൂഷന്‍ നിര്‍ബന്ധിതരായി. ഇത് കേസ് ദുര്‍ബലമാക്കി. രേഖകളുടെ അഭാവത്തില്‍ കോടതിയില്‍ തെളിവുകള്‍ ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥൻ ബുദ്ധിമുട്ടി.

അന്വേഷണത്തിലെ കാലതാമസത്തിനും ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിലെ വീഴ്ചയ്ക്കും പോലീസിനെയും വനംവകുപ്പ് പ്രതിസ്ഥാനത്ത് കാണുന്നുണ്ട്. തെളിവ് നശിപ്പിക്കുന്നതിലേക്ക് വരെ പോലീസ് നീങ്ങിയെന്ന സംശയവുമുണ്ട്. കേസ് അട്ടിമറിക്കാനുള്ള സംഘടിത ശ്രമമാണ് നടന്നതെന്ന് വ്യക്തം. ഫയലുകള്‍ കാണാതായതിനെക്കുറിച്ചും, തെളിവുകള്‍ നശിപ്പിക്കപ്പെട്ടതിനെക്കുറിച്ചും, ഉദ്യോഗസ്ഥര്‍ കൂറുമാറിയതിനെക്കുറിച്ചും ഒരു അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് വനംവകുപ്പില്‍ നിന്ന് അപ്പീലിനുള്ള പുതിയ നീക്കം. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി വേണമെന്നാണ് ആവശ്യം.

ഹര്‍ത്താല്‍ നടന്ന 2013 നവംബര്‍ 15ന് രാവിലെ പത്തരയോടെ 200ലേറെ പേരുടെ സംഘം ഓഫീസ് ആക്രമിച്ച് ഫയലുകളും വാഹനങ്ങളുമടക്കം കത്തിച്ചുവെന്നാണ് കേസ്. ഒട്ടേറെ രേഖകളും ഔദ്യോഗിക ജീപ്പും കത്തിനശിച്ചു. ഓഫീസിന് ചുറ്റുമുള്ള മരങ്ങള്‍ വെട്ടിമുറിച്ചു, മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമമുണ്ടായി. ഡിവൈഎസ്പി ഉള്‍പ്പെടെയുള്ളവരെ ഹര്‍ത്താലനുകൂലികള്‍ തടഞ്ഞ് കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നുമാണ് കേസ്. പല തവണ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥര്‍ ഹാജരാവാത്തതിനാല്‍ പ്രോസിക്യൂഷന് ചില സാക്ഷികളെ ഒഴിവാക്കേണ്ടി വന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ കൂറുമാറുകയും കേസ് ഡയറി കാണാതാവുകയും ചെയ്തു. താമരശേരി പോലീസ് സ്റ്റേഷനിലും ഡിവൈഎസ്പി ഓഫീസിലും സൂക്ഷിച്ച കേസ് ഡയറിയാണ് വിചാരണ നടക്കുന്നതിനിടെ കാണാതായത്. ഇതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍, പ്രോസിക്യൂഷന്‍ അഭിഭാഷകര്‍, പ്രോസിക്യൂഷന്‍ സാക്ഷികള്‍ എന്നിവര്‍ വിചാരണവേളയില്‍ മൊഴി നല്‍കാന്‍ പ്രയാസപ്പെട്ടു. ഇങ്ങനെ എല്ലാ അര്‍ത്ഥത്തിലും വിചാരണ ദുഷ്‌കരമായി.

കേസ് ഡയറിയില്‍ അഞ്ചാം സാക്ഷിയായ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സുബ്രഹ്‌മണ്യന്‍, എട്ടാം സാക്ഷി സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുരേഷ്, ഒമ്പതാം സാക്ഷി റേഞ്ച് ഓഫീസര്‍ സജുവര്‍ഗീസ് എന്നിവരെ പ്രോസിക്യൂഷന്‍ അപേക്ഷ നൽകിയതിനെതുടര്‍ന്ന് വീണ്ടും വിസ്തരിച്ചു. മൊത്തം 26 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കി സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ പ്രതികളെ ക്രിമിനല്‍ നടപടിച്ചട്ടം 313 പ്രകാരം ചോദ്യംചെയ്യാനിരിക്കെയായിരുന്നു പ്രോസിക്യൂഷന്റെ നടപടി. ഫോറസ്റ്റ്‌ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ എകെ രാജീവന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പ്രവീണ്‍, സുരേന്ദ്രന്‍ എന്നിവര്‍ നേരത്തേ രേഖപ്പെടുത്തിയ മൊഴിക്ക് വിരുദ്ധമായി പറഞ്ഞതിനാല്‍ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. സംഭവസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസറും കൂറുമാറി. ഇവര്‍ക്കെതിരെയെല്ലാം നടപടിക്ക് സാധ്യതയുണ്ട്.

അന്നത്തെ ഡിവൈഎസ്പി ജയ്സണ്‍ കെ.എബ്രഹാം ഉള്‍പ്പെടെയുള്ളവരെ ഹര്‍ത്താലനുകൂലികള്‍ വളഞ്ഞിട്ട് വഴിമുടക്കി എന്നാണ് കേസ്. അക്രമികളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന നിലപാടാണ് ഡിവൈഎസ്പിയും അസിസ്റ്റന്റ് കമ്മിഷണര്‍ ബിജുരാജും വിചാരണവേളയില്‍ സ്വീകരിച്ചത്. ഇതോടെയാണ് 34 പ്രതികളും വെറുതെ വിടുന്ന സാഹചര്യം ഉണ്ടായത്. അപ്പീൽ സാധ്യത തേടിയുള്ള വനംവകുപ്പിൻ്റെ നീക്കം ‘ദ ഹിന്ദു’ ദിനപത്രത്തിൽ കെ.എസ്.സുധി ആണ് റിപ്പോർട്ട് ചെയ്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top