വ്യാജരേഖ, കിഡ്നാപ്പിങ്ങ്… മലയാള സിനിമാ നിർമാണരംഗത്തെ വനിതാമുഖം സോഫിയ പോളിനെതിരെ രണ്ടു എഫ്ഐആറുകൾ കൂടി

ബാംഗ്ലൂർ ഡേയ്സ്, മിന്നൽ മുരളി തുടങ്ങി ഒട്ടേറെ സൂപ്പർ ഹിറ്റ് സിനിമകളുടെ നിർമാതാവ് ആണ് സോഫിയ പോൾ. വീക്കെൻഡ് ബ്ലോക്‌ബസ്റ്റേഴ്സ് എന്ന സ്ഥാപനം നിർമിച്ച മറ്റൊരു വിജയച്ചിത്രം ആർഡിഎക്സ് സിനിമക്ക് പിന്നാലെയാണ് ഇവർക്കെതിരെ ആരോപണപ്രവാഹം തുടങ്ങിയത്. കോടികളുടെ വഞ്ചന ആരോപിച്ച് ആർഡിഎക്സിൻ്റെ നിർമാണ പങ്കാളിയായിരുന്നു അഞ്ജന ഏബ്രഹാം ആണ് ആദ്യം പരാതിയുമായി രംഗത്ത് എത്തിയത്. പിന്നാലെ ആർഡിഎക്സ് സംവിധായകൻ നഹാസ്, സിനിമാ നിർമാണ സ്ഥാപനത്തിലെ ജീവനക്കാരൻ തുടങ്ങിയവരെല്ലാം നിലവിൽ സോഫിയ്ക്കെതിരെ നിയമനടപടിയിലേക്ക് പോയിക്കഴിഞ്ഞു. അങ്ങനെയാണ് രണ്ട് മാസത്തെ ഇടവേളയിൽ ഇവരെ പ്രതിയാക്കി രണ്ടു കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടത്.

ആര്‍ഡിഎക്‌സ് എന്ന ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളിയാക്കി വഞ്ചിച്ചു എന്ന് സോഫിയ പോളിന് ആദ്യം പരാതി ഉന്നയിച്ചത് എറണാകുളം തൃപ്പൂണിത്തുറ സ്വദേശി അഞ്ജന എബ്രഹാമാണ്. ആറു കോടി രൂപ സിനിമക്കായി വാങ്ങിയെന്നായിരുന്നു അഞ്ജനയുടെ ആരോപണം. ലാഭവിഹിതത്തിന്റെ 30 ശതമാനമായിരുന്നു വാഗ്ദാനം. എന്നാല്‍ സിനിമ വമ്പന്‍ ഹിറ്റാവുകയും 100 കോടിക്കുമേല്‍ ലാഭമുണ്ടാക്കിയിട്ടും കരാറില്‍ പറഞ്ഞ ലാഭവിഹിതം നല്‍കിയില്ല. മൂന്ന് കോടി ആറ് ലക്ഷം രൂപ മാത്രമാണ് അഞ്ജന എബ്രഹാമിന് സോഫിയ നല്‍കിയത്. ഇതിനായി നിര്‍മ്മാണ ചിലവ് 23 കോടി ആയതായി വ്യാജരേഖയുണ്ടാക്കി എന്നുമാണ് അഞ്ജനയുടെ പരാതി. നേരത്തെ ഈ പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ കോടതി വഴി ഉത്തരവ് വാങ്ങിയാണ് നിലവിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യുന്ന സാഹചര്യത്തിലേക്ക് എത്തിച്ചത്. 676/2024 എന്ന ക്രൈംനമ്പറില്‍ സോഫിയ പോളിനെ ഒന്നാം പ്രതിയാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭര്‍ത്താവ് ജെയിംസ് പോളാണ് കേസിലെ രണ്ടാംപ്രതി.

സോഫിയ പോളിന്റെ ഉടമസ്ഥതയിലുളള വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് എന്ന ഫിലിം പ്രൊഡക്ഷന്‍ കമ്പനിയിലെ ജീവനക്കാരനായിരുന്ന സിബനോൻ സി.സൈമണ്‍ എന്ന യുവാവാണ് തട്ടിക്കൊണ്ടു പോയതായും ഭീഷണിപ്പെടുത്തിയതായും പോലീസില്‍ പരാതി നല്‍കിയത്. ജൂലൈ അഞ്ചിനാണ് ഈ പരാതി കൊല്ലം ശക്തികുളങ്ങര പോലീസില്‍ നല്‍കിയിരിക്കുന്നത്. സോഫിയ പോളിന്റെ സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ച് മറ്റൊരു പ്രൊഡക്ഷന്‍ കമ്പനിയില്‍ ചേരാന്‍ തീരുമാനിച്ചതിലെ പ്രതികാരമാണ് ഇത്തരത്തില്‍ തീര്‍ത്തത്. ഗുണ്ടകളെ ഉപയോഗിച്ചായിരുന്നു ഈ തട്ടികൊണ്ടുപോകല്‍ നടത്തിയത് എന്നും പരാതിയിൽ പറയുന്നു.

കൊല്ലം തങ്കശേരിയിലെ സിനിമ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് തട്ടിക്കൊണ്ടു പോയി എന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ഭാര്യയെ വിളിച്ച് 35 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നുണ്ട്. ഭീഷണിപ്പെടുത്തി ചെക്ക് ലീഫുകളിലും മുദ്രപത്രങ്ങളില്‍ ഒപ്പിടിയിക്കുകയും എടിഎം കാർഡ് ഉപയോഗിച്ച് അക്കൗണ്ടിലുണ്ടായിരുന്ന അമ്പതിനായിരം രൂപ തട്ടിയെടുത്തെന്നുമാണ് പരാതി. കൂടാതെ സിബനോന്റെ വീട്ടിലെത്തി രണ്ടു കാറുകള്‍ ഭീഷണിപ്പെടുത്തി കടത്തിയതായും പരാതിയില്‍ പറഞ്ഞിട്ടുണ്ട്. സോഫിയ പോളും ജെയിംസ് പോളും കൂടാതെ മകന്‍ സെബിന്‍ പോളും മരുമകളും ബന്ധുക്കളും ഈ കേസില്‍ പ്രതികളാണ്. ഏഴ് പ്രതികളാണ് ഈ കേസിലുള്ളത്.

ഇതിനൊപ്പമാണ് കരാറില്‍ കൃത്രിമം നടത്തിയെന്ന ഗുരുതര ആരോപണം ഉയര്‍ത്തി സംവിധായകന്‍ നഹാസ് കോടതിയെ സമീപിച്ചിരിക്കുന്നത്. സോഫിയ പോള്‍ നിര്‍മ്മിച്ച ആര്‍ഡിഎക്സ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ കെഎച്ച് നഹാസാണ് ഈ ആരോപണം ഉന്നയിച്ചത്. സംവിധായകനെതിരെ ആദ്യം കോടതിയെ സമീപിച്ചത് സോഫിയ പോള്‍ ആയിരുന്നു. അടുത്ത ചിത്രവും ഇതേ നിര്‍മ്മാണ കമ്പനിക്കായി തന്നെ ചെയ്യുമെന്ന് കരാര്‍ വച്ചിരുന്നുവെന്നും പിന്നീട് അത് ലംഘിച്ചു എന്നുമായിരുന്നു സോഫിയയുടെ ആരോപണം. കരാര്‍ പ്രകാരം ആദ്യ ചിത്രത്തിന്റെ പ്രതിഫലമായി 15 ലക്ഷവും രണ്ടാമത്തെ ചിത്രത്തിന്റെ അഡ്വാന്‍സായി 40 ലക്ഷം രൂപയും സംവിധായകന് നല്‍കി. എന്നാല്‍ യാതൊരു കാരണവും ഇല്ലാതെ നഹാസ് പിന്‍മാറിയെന്നും പലതവണ ആവശ്യപ്പെട്ടിട്ടും അഡ്വാന്‍സ് തുക തിരികെ നല്‍കിയില്ല എന്നുമാണ് സോഫിയ പോള്‍ ആരോപിച്ചത്.

ഹര്‍ജിയിലെ ഈ ആരോപണങ്ങള്‍ക്ക് എതിരെയാണ് കെഎച്ച് നഹാസ് രംഗത്ത് എത്തിയത്. കരാറിൽ സോഫിയ പോള്‍ കൃത്രിമം നടത്തിയെന്ന ഗുരുതര ആരോപണമാണ് നഹാസ് ഉയര്‍ത്തിയത്. കരാറിന്റെ ആദ്യം ഇല്ലാതിരുന്ന ആറാം പേജ് കൂട്ടിച്ചേര്‍ത്തത് ആണെന്നും അതില്‍ തന്റെ ഒപ്പായി കാണിച്ചിരിക്കുന്നത് വ്യാജമാണ് എന്നുമാണ് പരാതി. ഇത് തെളിയിക്കാന്‍ രേഖ ഫൊറന്‍സിക് പരിശോധനക്ക് അയക്കണമെന്നും എറണാകുളം സബ്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നഹാസ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഇപ്പോള്‍ കോടതി പരിഗണനയിലാണ്.

ഇവരുനായുള്ള സാമ്പത്തിക ഇടപാടിൽ പരാതിയുമായി കൂടുതൽ പേർ പോലീസിനെ സമീപിച്ചതായി വിവരമുണ്ട്. അടുത്ത ദിവസങ്ങളിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടാനും സാധ്യതയുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top