‘ഇതുവരെ കണ്ടത് ട്രെയിലര്‍ മാത്രം’ സിനിമ വരുന്നതേ ഉള്ളൂ’ എന്ന് സന്ദീപ് വാര്യര്‍; പാണക്കാട് എത്തി ലീഗ് അധ്യക്ഷനെ കണ്ടു
ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ പാണക്കാട് എത്തി ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായും ലീഗ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തി. ലീഗിന്റെ കൂടി അഭിപ്രായം ആരാഞ്ഞാണ് സന്ദീപിനെ കോണ്‍ഗ്രസിന് അംഗത്വം നല്‍കിയത്.
ഏതെങ്കിലും പാര്‍ട്ടിയെ പിളര്‍ത്തികൊണ്ടുവരാം എന്ന ക്വട്ടേഷന്‍ എടുത്തിട്ടല്ല കോണ്‍ഗ്രസില്‍ വന്നതെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. “ബിജെപിയില്‍ ഉള്ളപ്പോള്‍ തന്നെ പ്രത്യയശാസ്ത്രപരമായ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ഇന്ത്യ എന്ന ആശയത്തോട് പൂര്‍ണമായും യോജിച്ചാണ് എത്തിയത്.”
“പാലക്കാട് മൂത്താന്‍ സമുദായത്തില്‍ നിന്നും ബിജെപിയിലെത്തിയ നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രിയ അജയനെ എങ്ങനെയാണ് മാറ്റിയത് എന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പ്രിയ അജയനെ പുറത്താക്കാന്‍ ഹീനമായ ശ്രമമാണ് നടന്നത്. ബിജെപിയില്‍ അസ്വസ്ഥത നിലനില്‍ക്കുന്നുണ്ട്. അവരൊക്കെ എന്നോട് ആശയവിനിമയം നടത്തിയിട്ടുണ്ട്. ഇതുവരെ കണ്ടത് ട്രെയിലര്‍ മാത്രം. സിനിമ വരുന്നതേയുള്ളൂ.”
“കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ വലിയ കസേര കിട്ടട്ടേയെന്നാണ് കെ.സുരേന്ദ്രന്‍ ഇന്നലെ പറഞ്ഞത്. ഇരിക്കുന്ന കസേരയുടെ മഹത്വമറിയാത്തവരാണ് ആ രീതിയിലുള്ള കാര്യങ്ങള്‍ പറയുന്നത്. ഇന്ന് എനിക്ക് കിട്ടിയത് വലിയ കസേര തന്നെയാണ്. കുടപ്പനക്കുന്ന് തറവാട്ടില്‍ വന്ന് തങ്ങളുടെ കൂടെ ഇരിക്കാനൊരു കസേര കിട്ടിയിട്ടുണ്ടെങ്കില്‍ അതൊരു വലിയ കാര്യം തന്നെയാണ്.” – സന്ദീപ് വാര്യര്‍ പറഞ്ഞു.
ബിജെപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന സന്ദീപ് വാര്യര്‍ ഇന്നലെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തീര്‍ത്തും അപ്രതീക്ഷിതമായ നീക്കമാണ് സന്ദീപ് വാര്യര്‍ നടത്തിയത്. സരിന്‍ സീറ്റ് മോഹിച്ചാണ് കോണ്‍ഗ്രസ് വിട്ടത്. എന്നാല്‍ സന്ദീപ് എത്തിയത് കസേര തേടിയല്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here