വീണ്ടും ഞെട്ടിച്ച് യുപി; ചികിത്സ ലഭിക്കാതെ മരിച്ചത് BJP മുന്‍ MPയുടെ മകന്‍; ചര്‍ച്ചയായി ഉത്തര്‍പ്രദേശ് ആരോഗ്യരംഗത്തെ പാളിച്ച

ലഖ്‌നൗ: കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ ബിജെപി മുന്‍ എംപിയുടെ മകന്‍ മരിച്ചതോടെ ഉത്തര്‍പ്രദേശ് ആരോഗ്യ സംവിധാനങ്ങളുടെ ശോചനീയാവസ്ഥ വീണ്ടും ചര്‍ച്ചയാകുന്നു. ബാന്ദയില്‍ നിന്നുള്ള മുന്‍ എം.പി. ഭൈറോണ്‍ പ്രസാദ് മിശ്രയുടെ മകന്‍ പ്രകാശ് മിശ്രയാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി മരിച്ചത്. അത്യാഹിത വിഭാഗത്തില്‍ കിടക്ക ഒഴിവില്ലെന്ന് ചൂണ്ടിക്കാട്ടി വൃക്കരോഗ ബാധിതനായ പ്രകാശിന് ലഖ്‌നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അധികൃതര്‍ ചികിത്സ നിഷേധിച്ചുവെന്നാണ് ആരോപണം.

യുപി ആരോഗ്യവകുപ്പ് അധികൃതരുടെ അനാസ്ഥ കാരണം തലസേമിയ ബാധിച്ച 14 കുട്ടികള്‍ക്ക് എയിഡ്സ്-ഹെപ്പറ്റെറ്റിസ് ബാധിച്ച വാര്‍ത്ത വന്നത് കഴിഞ്ഞയാഴ്ചയാണ്. വേണ്ടത്ര പരിശോധനയില്ലാതെ രക്തം നല്‍കിയതാണ് കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കിയത്. ഇതിന്റെ ഞെട്ടല്‍ മാറുംമുന്‍പാണ് വീണ്ടും ആരോഗ്യവകുപ്പിന്റെ അനാസ്ഥ ചര്‍ച്ചയാകുന്നത്.

ആശുപത്രിക്ക് എതിരെ നടപടി വരുംവരെ മുന്‍ എംപി മകന്റെ മൃതദേഹവുമായി കവാടത്തില്‍ കുത്തിയിരുന്നത് സ്ഥിതിഗതികള്‍ വഷളാക്കി. ആരോപണ വിധേയനായ ഡോക്ടറെ അധികൃതര്‍ ഉടന്‍ തന്നെ സസ്പെന്‍ഡ് ചെയ്തു. ഉന്നതതല അന്വേഷണത്തിനും ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍ ഉത്തരവിട്ടു.

സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങളുടെ ശോചനീയാവസ്ഥ വീണ്ടും ചര്‍ച്ചയാക്കി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ഒരു മുൻ എംപിയുടെ മകന് ചികിത്സ ലഭിക്കുന്നില്ലെങ്കിൽ പൊതുജനങ്ങൾക്ക് എങ്ങനെ ചികിത്സ ലഭിക്കുമെന്നാണ് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ചോദിച്ചത്. പ്രശ്നം കത്തിയതോടെയാണ് ഉന്നതതല അന്വേഷണത്തിന് അധികൃതര്‍ ഉത്തരവിട്ടത്.

ഗുരുതരാവസ്ഥയിലുള്ള മകനുമായാണ് മുന്‍ എം.പി ആശുപത്രിയിലെത്തുന്നത്. എന്നാല്‍ കിടക്ക ഒഴിവില്ലെന്ന് ചൂണ്ടിക്കാട്ടി ആശുപത്രി ജീവനക്കാര്‍ പ്രകാശിനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചില്ല. ഇതിനിടെ പ്രകാശിന്റെ രോഗം വഷളാവുകയും ശ്വാസതടസ്സമുള്‍പ്പടെ അനുഭവപ്പെടുകയും ചെയ്തു. എന്നിട്ടും ഡോക്ടര്‍മാര്‍ ചികിത്സ നല്‍കിയില്ലെന്ന് പ്രസാദ് മിശ്ര ആരോപിക്കുന്നു. ഒരു മണിക്കൂറിന് ശേഷം പ്രകാശ് മരിക്കുകയും ചെയ്തു.

യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പ്രസാദ് മിശ്രയെ സന്ദര്‍ശിക്കുകയും വിഷയം സമഗ്രമായി അന്വേഷിക്കുമെന്നും മൂന്നംഗ സമിതിയെ നിയോഗിച്ചതായും അറിയിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top