ബിജെപി ദേശീയ അധ്യക്ഷന്‍ വിളിച്ച യോഗത്തില്‍ എ.വി.ഗോപിനാഥ്; രാഷ്ട്രീയ അഭ്യൂഹങ്ങള്‍
ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ പാലക്കാട് വിളിച്ച പൗരപ്രമുഖരുടെ യോഗത്തില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് എ.വി.ഗോപിനാഥ് പങ്കെടുത്തത് അഭ്യൂഹങ്ങള്‍ക്കിടയാക്കി. കർഷകരുടെ പ്രശ്നങ്ങൾ ഉന്നയിക്കാനാണ് എത്തിയതെന്നും പരിപാടിയില്‍ പങ്കെടുത്തതില്‍ രാഷ്ട്രീയമില്ലെന്നുമാണ് ഗോപിനാഥ് വ്യക്തമാക്കിയത്. ആര്‍എസ്എസ് ദേശീയ യോഗമായ സമന്വയ ബൈഠക്കില്‍ പങ്കെടുക്കാനാണ് നഡ്ഡ എത്തിയത്. ഇതിനിടയിലാണ് പാലക്കാട്ടെ പൗരപ്രമുഖരുടെ യോഗം അദ്ദേഹം വിളിച്ചുകൂട്ടിയത്.
ഗോപിനാഥ് നഡ്ഡയുടെ യോഗത്തിനു എത്തിയതില്‍ രാഷ്ട്രീയം മണക്കുന്നുണ്ട്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. ഷാഫി പറമ്പില്‍ വടകരയില്‍ നിന്നും എംപിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് പാലക്കാട് നിയമസഭാ സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് വരുന്നത്. ബിജെപിയും ഇടതുമുന്നണിയും യുഡിഎഫും ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് ബിജെപി രണ്ടാമത് എത്തിയിരുന്നു. നാലായിരത്തോളം വോട്ടുകള്‍ക്കാണ് മെട്രോമാന്‍ ഇ.ശ്രീധരന്‍ പാലക്കാട് ഷാഫിയോട് പരാജയപ്പെട്ടത്. കോണ്‍ഗ്രസ് നേതാവ് എന്ന നിലയില്‍ ഗോപിനാഥിന് സ്വാധീനമുള്ള മണ്ഡലം കൂടിയാണിത്.
ഗോപിനാഥ് നിലവില്‍ കോണ്‍ഗ്രസിലില്ല. അദ്ദേഹത്തിനെ കോണ്‍ഗ്രസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ നവകേരള യാത്രയില്‍ പങ്കെടുത്തതിന്റെ പേരിലാണ് കഴിഞ്ഞ വര്‍ഷം പാര്‍ട്ടി അദ്ദേഹത്തിന് സസ്പെന്‍ഷന്‍ നല്‍കിയത്. പക്ഷെ 2021ല്‍ തന്നെ കോണ്‍ഗ്രസ് വിട്ടതായി ഗോപിനാഥ് പ്രഖ്യാപനം നടത്തിയിട്ടുണ്ട്. പാലക്കാട് ഡിസിസി അധ്യക്ഷസ്ഥാനം ലഭിക്കാത്തതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസില്‍ നിന്നും രാജിവയ്ക്കുന്നു എന്ന പ്രഖ്യാപനം നടത്തിയത്.
കോണ്‍ഗ്രസിലും സിപിഎമ്മിലും ഇല്ലാതിരിക്കുമ്പോഴാണ് അദ്ദേഹം നഡ്ഡ വിളിച്ച യോഗത്തിന് എത്തിയത്. ഇങ്ങനത്തെ ഒരവസ്ഥയില്‍ നഡ്ഡയെ കണ്ട എ.പി.അബ്ദുള്ളക്കുട്ടി ഇന്ന് ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനാണ്. സിപിഎമ്മിന്റെ കണ്ണൂര്‍ എംപിയായിരുന്ന അബ്ദുള്ളക്കുട്ടി അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായ മോദിയുടെ വികസനമാതൃകയെ പുകഴ്ത്തിയപ്പോഴാണ് സിപിഎമ്മില്‍ നിന്നും പുറത്തായത്. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു കണ്ണൂരില്‍ നിന്നുള്ള നിയമസഭാംഗമായി. പിന്നീട് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തുകയായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here