‘എന്നെ ദ്രോഹിച്ചവരുടെ ഇപ്പോഴത്തെ അവസ്ഥയില്‍ സന്തോഷിക്കുന്നു’; സിപിഎമ്മിനെ വെട്ടിലാക്കി സികെപി പത്മനാഭന്റെ തുറന്നുപറച്ചില്‍

പാര്‍ട്ടിക്ക് ഇന്ന് ഏറ്റ തിരിച്ചടി പ്രകൃതി നിയമം ആണെന്ന് സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ സികെപി പത്മനാഭന്‍. തന്നെ ഡയാലിസ് രോഗിയാക്കിയതിന് പിന്നില്‍ പാര്‍ട്ടിയുടെ നടപടികളാണെന്നും അദ്ദേഹം തുറന്നടിച്ചു. ‘ ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ഒരു പൈസയുടെ അഴിമതിയും കാണിച്ചിട്ടില്ല. തന്നെ കുറ്റക്കാരനാക്കാന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ പ്രകൃതിയുടെ ശിക്ഷ ഏറ്റുവാങ്ങുകയാണ്. ഞാന്‍ അതില്‍ സന്തോഷിക്കുന്നു’ ഒരു പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പത്മനാഭന്‍ പറയുന്നു,

സിപിഎം സംസ്ഥാന സമിതി അംഗമായിരുന്ന പത്മനാഭനെ നടപടിയുടെ പേരില്‍ മാടായി ഏരിയാ കമ്മറ്റിയിലേക്ക് 12 വര്‍ഷം മുമ്പ് തരംതാഴ്ത്തിയിരുന്നു. കര്‍ഷക സംഘത്തിന്റെ സെക്രട്ടറിയായിരുന്ന കാലത്ത് 20 ലക്ഷം രൂപ സംഘടനയുടെ അക്കൗണ്ടില്‍ നിന്നും സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നായിരുന്നു പാര്‍ട്ടിയുടെ ആരോപണം. ഇത്രയും പണം ഒരിക്കലും എടുക്കാന്‍ കഴിയില്ല. ഒരു തെറ്റും താന്‍ ചെയ്തിട്ടില്ല. പാര്‍ട്ടി നടപടി വന്നപ്പോള്‍ തനിക്ക് ശ്രദ്ധകുറവ് ഉണ്ടായി എന്നാണ് രേഖകളില്‍ പറഞ്ഞിരുന്നത്. ശ്രദ്ധകുറവിന് നടപടിയെടുത്ത ചിരിത്രം സിപിഎമ്മിലുണ്ടോയെന്നും സികെപി ചോദിക്കുന്നു. 20 ലക്ഷം രൂപ ഇപി ജയരാജനും കെജി രാമകൃഷ്ണനും കൂടിയാണ് പിന്‍വലിച്ചത്. 15 പ്രാവശ്യം തന്റെ പേരിലുളള നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടിക്ക് അപ്പീല്‍ നല്‍കി. ഒരു മറുപടിയും ലഭിച്ചില്ല. സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ടിനെ നേരില്‍ കണ്ട് തന്റെ പരാതി ബോധിപ്പിച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ല. പാര്‍ട്ടിയുടെ ഈ നിലപാടാണ് തന്നെ രോഗിയാക്കിയത്. ഒരു തെറ്റും ചെയ്യാത്ത തന്നെയാണ് അഴിമതിക്കാരനും തട്ടിപ്പുകാരനും ആക്കിയതെന്നും സികെപി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ പെരുമാറ്റ ദൂഷ്യത്തിന് പരാതി നല്‍കിയിരുന്നു എന്നും അദ്ദേഹം സ്ഥിരീകരിച്ചു. ടിപി ചന്ദ്രശേഖരന്‍ തന്റെ പ്രീയപ്പെട്ട സുഹൃത്തായിരുന്നു. വിഭാഗീയതയുടെ കാലത്ത് വിഎസ് അച്യുതാനന്ദനോട് ചന്ദ്രശേഖരനെ പാര്‍ട്ടിയില്‍ ഉറപ്പിച്ച് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിഎസ് അക്കാലത്ത് ചന്ദ്രശേഖരനെ വിമര്‍ശിക്കാത്തതിന്റെ പേരില്‍ ഒരുപാട് പഴികേട്ടു. ഒരു ആശയം രൂപപ്പെട്ടാല്‍ അതിനെ ഇല്ലാതാക്കാന്‍ കഴിയില്ല. അതാണ് ഇപ്പോഴും ടിപിയുടെ കാര്യത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നും സികെപി പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top