നവീൻ പട്‌നായിക്ക് നീക്കം ചെയ്ത മുന്‍ ഡിജിപിക്ക് കാബിനറ്റ്‌ പദവിയോടെ നിയമനം; പ്രകാശ് മിശ്ര ഒഡീഷ മുഖ്യമന്ത്രിയുടെ ഉപദേശകന്‍

മുൻ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്ക് നീക്കം ചെയ്ത മുൻ ഡിജിപി പ്രകാശ് മിശ്രക്ക് കാബിനറ്റ് പദവിയോടെ പദവിയോടെ നിയമനം. മുഖ്യമന്ത്രി മോഹൻ ചരൺ മാജിയുടെ ഉപദേശകനായാണ് നിയമിച്ചത്. പോലീസ്, ഇൻ്റലിജൻസ്, ക്രമസമാധാനം എന്നിവ പ്രകാശ് മിശ്ര നിയന്ത്രിക്കും. മാവോയിസ്റ്റ് ആക്രമണങ്ങള്‍ അതിൻ്റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന സമയത്താണ് ഒഡീഷയിലേക്കുള്ള മിശ്രയുടെ തിരിച്ചുവരവ്.

പട്‌നായിക്കിനെ പേരെടുത്തു പറയാതെ പരിഹസിച്ചുകൊണ്ട് തന്റെ ഓർമ്മക്കുറിപ്പായ ‘കോമഡി ഇൻ കാക്കി’ പുറത്തിറക്കി ദിവസങ്ങള്‍ക്ക് ശേഷമാണ് നിയമനം. മുഖ്യമന്ത്രിയോട് എൻ്റെ നന്ദി അറിയിക്കുന്നു. ജനങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ കൂട്ടായ രീതിയിൽ പരിഹരിക്കാൻ ശ്രമിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

2014 ജൂലൈയിൽ മിശ്രയെ ഡിജിപി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും ഒഡീഷ സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ്റെ സിഎംഡിയായി നിയമിക്കുകയും ചെയ്തിരുന്നു. 2006 മുതൽ 2009 വരെ അദ്ദേഹം ജോലി ചെയ്ത സ്റ്റേറ്റ് പോലീസ് ഹൗസിംഗ് ആൻഡ് വെൽഫെയർ കോർപ്പറേഷനില (OSPHWC) സാമ്പത്തിക ക്രമക്കേട് ആരോപിച്ച് അന്ന് ബിജെഡി സർക്കാർ വിജിലൻസ് കേസ് ഫയൽ ചെയ്തിരുന്നു.

2014 സെപ്തംബറിൽ സിബിഐ മേധാവിയെ തിരഞ്ഞെടുക്കുന്നതിന് ആഴ്‌ചകൾ മുമ്പാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. സ്റ്റീലിനും സിമൻ്റിനും വേണ്ടി മിശ്ര 59 കോടി രൂപ മുൻകൂറായി നൽകിയെന്നാണ് കേസ്. വിജിലൻസ് കേസ് വരുമ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ ആഭ്യന്തര സുരക്ഷാ സ്‌പെഷ്യൽ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയായിരുന്നു മിശ്ര. ഈ കേസ് സിബിഐയിലെ ഉന്നത പദവി അദ്ദേഹത്തിന് നഷ്ടമാകുന്നതിനു ഇടവരുത്തി. 2015 ജൂണിൽ ഒഡീഷ ഹൈക്കോടതി വിജിലൻസ് കേസ് റദ്ദാക്കി. സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top