മേയർക്കെതിരെ കേസ് നടത്താൻ യദുവിന് 100 രൂപ ചലഞ്ച് വേണമെന്ന് മുന്‍ ഡിജിപി; ‘സപ്പോർട്ട് യദു’ ഹാഷ് ടാഗില്‍ പിന്തുണയെന്ന് സെന്‍കുമാര്‍; ഫെയ്സ്ബുക്ക് കുറിപ്പ് വൈറല്‍
തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയും കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ തടഞ്ഞ് നിര്‍ത്തിയ നടപടി വിവാദമായി തുടരുമ്പോള്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ അനുകൂലിച്ച് മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ രംഗത്ത്. ഫെയ്സ്ബുക്ക് കുറിപ്പിലാണ് യദുവിന് പിന്തുണയുമായി സെന്‍കുമാര്‍ എത്തിയത്. 2006 മുതല്‍ 2010 വരെ കെഎസ്ആര്‍ടിസി സിഎംഡിയായിരുന്നു സെന്‍കുമാര്‍.
കോടതിയില്‍ കേസിന് പോകാന്‍ യദുവിന് 100 രൂപയുടെ ചലഞ്ച് ഏര്‍പ്പെടുത്തണം എന്നാണ് സെന്‍കുമാര്‍ ആവശ്യപ്പെടുന്നത്. സെന്‍കുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാണ്. മേയര്‍ക്കും സംഘത്തിനും എതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് ഡ്രൈവര്‍ യദു കോടതിയെ സമീപിച്ചിരിക്കുകയാണ്. നാളെയാണ് കോടതി യദുവിന്റെ ഹര്‍ജി പരിഗണിക്കുന്നത്. ഈ ഘട്ടത്തിലാണ് മുന്‍ ഡിജിപിയുടെ പിന്തുണ യദുവിന് ലഭിക്കുന്നത്.
കേസ് നടത്തിപ്പിന് യദുവിന് പണം അധികം വേണ്ടി വരും. ‘സപ്പോർട്ട് യദു’ എന്ന ഹാഷ് ടാഗില്‍ ചലഞ്ച് ആരംഭിക്കണം എന്നാണ് സെന്‍കുമാര്‍ ആവശ്യപ്പെടുന്നത്.
“കെഎസ്ആർടിസിയിലെ ഡ്രൈവർ യദുവിന്റെ കാര്യത്തിൽ കോടതികൾ ഇടപെട്ടു തുടങ്ങി. അസാധാരണമായ സമ്മർദമാണ് യദു അനുഭവിക്കുന്നത്. ഒരു പൊളിറ്റിക്കൽ സിസ്റ്റം മുഴുവനും, പോലീസും മറ്റും, ജോലി കൊടുക്കാതെ കെഎസ്ആർടിസിയും സമ്മർദങ്ങൾ കൊടുക്കുന്നു. ശാരീരിക ഭീഷണികൾ പുറമെ. സമൂഹം കാര്യക്ഷമമായി യദുവിനെ പിൻതാങ്ങേണ്ടതുണ്ട്. എന്തും ചെയ്യാം എന്ന പ്രമത്തത ചോദ്യം ചെയ്യപ്പെടണം. അതിന് തയാറായ ഒരു അപൂർവ മലയാളിയാണ് യദു. നേരത്തെ എഴുതിയിരുന്നതുപോലെ ” സപ്പോർട്ട് യദു”. ഒരു ചലഞ്ച്,100 രൂപയുടെ, യദുവിന് വേണ്ടി,അടുത്ത ആളുകൾ തുടങ്ങുക. കോടതികളിൽ പോകുവാൻ പണം അധികം വേണ്ടി വരും.” – സെന്‍കുമാര്‍ കുറിക്കുന്നു.
കുറിപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും കുറിപ്പിന് താഴെ കമന്റുകള്‍ ധാരാളം വന്നിട്ടുണ്ട്. ഒട്ടനവധി ആളുകള്‍ ചലഞ്ച് ഏറ്റെടുക്കുവാന്‍ മുന്നോട്ടു വന്നിട്ടുണ്ട്. എന്നാല്‍ അശ്ലീലം കാണിക്കുന്നവർക്കും ഫാൻസ് എന്ന രീതിയിലുള്ള പ്രതികരണങ്ങളും ധാരാളമുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here