കിഫ്ബി പദ്ധതികളില്‍ നിന്ന് ടോള്‍ പിരിക്കില്ലെന്ന് നിയമസഭയില്‍ ഐസക്ക്; മാറ്റി പറയാന്‍ ബാലഗോപാല്‍ പുതിയ ക്യാപ്‌സ്യൂള്‍ തയ്യാറാക്കേണ്ടി വരും

കിഫ്ബി നടപ്പാക്കുന്ന പദ്ധതികളില്‍ നിന്ന് യൂസര്‍ഫീയോ ടോളോ പിരിക്കില്ലെന്ന് നിയമസഭയില്‍ പറഞ്ഞ സര്‍ക്കാരാണിപ്പോള്‍ റോഡില്‍ നിന്ന് ടോള്‍ പിരിവിന് തയ്യാറെടുക്കുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ ധനമന്ത്രി തോമസ് ഐസക്കാണ് ടോള്‍ പിരിവ് നടത്തില്ലെന്ന് നിയമസഭയ്ക്ക് ഉറപ്പ് നല്‍കിയത്.

2019 ജൂണ്‍ 14ന് നിയമസഭയില്‍ വി.ടി. ബല്‍റാം, ഐ.സി. ബാലകൃഷ്ണന്‍, എ.പി. അനില്‍കുമാര്‍, അനില്‍ അക്കര എന്നിവരുടെ ചോദ്യത്തിനായിരുന്നു കിഫ്ബി നടപ്പാക്കിയ പദ്ധതികളില്‍ നിന്ന് ടോള്‍ പിരിക്കില്ലെന്ന തോമസ് ഐസക്കിന്റെ മറുപടി. അങ്ങനെ ഇടത് സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തില്‍ നിന്ന് മാറിയാണ് ഇപ്പോള്‍ ജനങ്ങളില്‍ നിന്ന് ടോള്‍ പിരിവ് നടത്താന്‍ പിണറായി സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. കിഫ്ബിയെക്കുറിച്ച് രണ്ട് പിണറായി സര്‍ക്കാരുകളും പറഞ്ഞ കാര്യങ്ങളില്‍ ഉണ്ടാകുന്ന ഈ മാറ്റത്തെ ന്യായീകരിക്കാന്‍ സിപിഎമ്മിനും ഐസക്കിനും പുതിയ ക്യാപ്‌സ്യൂള്‍ കണ്ടെത്തേണ്ടി വരും.

രാജ്യത്ത് ദേശീയപാതകളില്‍ ടോള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ ശക്തമായി എതിര്‍ക്കുകയും അക്രമസമരത്തിനു വരെ മുന്നിട്ടിറങ്ങിയ പാര്‍ട്ടിയും മുന്നണിയുമാണിപ്പോള്‍ റോഡുകളില്‍ നിന്ന് ടോള്‍ പിരിവിന് തയ്യാറെടുക്കുന്നത്. പണ്ട് പറഞ്ഞതെല്ലാം വിഴുങ്ങുകയോ തിരുത്തിപ്പറയുകയോ ചെയ്യേണ്ട ഗതികേടിലാണ് സിപിഎം.

കിഫ്ബി പദ്ധതി പ്രകാരം നിര്‍മ്മിക്കുന്ന റോഡുകളില്‍ നിന്ന് ടോള്‍ പിരിക്കാന്‍ സര്‍ക്കാര്‍ സജീവമായി ആലോചിച്ചു വരികയാണ്. ഇക്കാര്യം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്തിരുന്നുവെന്ന് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.50 കോടിക്ക് മുകളില്‍ മുതല്‍മുടക്കുള്ള റോഡുകളില്‍ മാത്രമാണ് തുടക്കത്തില്‍ ടോള്‍ ഈടാക്കുക. ഇത് സംബന്ധിച്ച തീരുമാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല സമിതി അംഗീകരിച്ചു. നിയമ, ധന മന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുത്തത്. വിഷയം ഉടന്‍ മന്ത്രിസഭയുടെ പരിഗണനയില്‍ വരാനിടയുണ്ട്.

കിഫ്ബിയുടെ കടമെടുപ്പ് സംസ്ഥാനത്തിന്റെ പൊതുകടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയതോടെയാണ് വായ്പയെടുത്ത് പശ്ചാത്തല സൗകര്യങ്ങളൊരുക്കാനുള്ള കിഫ്-ബിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായത്. വായ്പാ പരിധി വെട്ടിക്കുറച്ചതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ദേശീയ ഹൈവേ അതോറിറ്റി ടോള്‍ പിരിക്കുന്ന മാതൃകയിലാണ് കിഫ് ബിയും ടോള്‍ പിരിക്കാനൊങ്ങുന്നത്. ടോള്‍ പിരിവിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top