ബിൽക്കിസ് ബാനുകേസിൽ പ്രതിക്ക് വേണ്ടി ഹാജരായത് കേരള ഹൈക്കോടതിയിലെ മുൻ ജഡ്ജി; ഇമേജിനെക്കുറിച്ച് ആശങ്കയില്ലെന്ന് ജസ്റ്റിസ് വി.ചിദംബരേഷ്

രാജ്യമെങ്ങും ചർച്ചചെയ്യുന്ന ബിൽക്കിസ് ബാനുകേസിൽ പ്രതിഭാഗത്തിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായത് കേരള ഹൈക്കോടതിയിലെ മുൻ ജഡ്ജി വി.ചിദംബരേഷ്. പ്രതികൾ തിരികെ ജയിലിലേക്ക് മടങ്ങേണ്ടിവന്ന പ്രധാന കേസിലും, ജയിലിൽ പോകാൻ സാവകാശം തേടി സുപ്രീം കോടതിയെ സമീപിച്ചപ്പോഴും വി.ചിദംബരേഷ് ആണ് പ്രധാന പ്രതികളിലൊരാളെ പ്രതിനിധാനം ചെയ്തത്. ഹൈക്കോടതി ജഡ്ജിയെന്ന നിലയ്ക്കുള്ള തൻ്റെ അനുഭവസമ്പത്തും ഇപ്പോൾ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനാണ് എന്നതും പരിഗണിച്ചാണ് ആളുകൾ തന്നെ കേസുകൾ ഏൽപിക്കുന്നതെന്ന് ജസ്റ്റിസ് ചിദംബരേഷ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

2019ലാണ് വി.ചിദംബരേഷ് കേരള ഹൈക്കോടതിയിൽ നിന്ന് വിരമിച്ചത്. 2021 മാർച്ചിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിച്ച വിജയയാത്രക്കിടെ തൃപ്പൂണിത്തുറയിൽ വച്ച് അദ്ദേഹം പാർട്ടിയിൽ അംഗത്വം എടുത്തിരുന്നു. എന്നാൽ ബിജെപി അംഗമായതും ബിൽക്കിസ് ബാനുകേസിൽ പ്രതിയുടെ വക്കാലത്ത് എടുത്തതും തമ്മിൽ ബന്ധമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. അഭിഭാഷകനെന്ന നിലയിലുള്ള ജോലിയാണ് താൻ ഏറ്റെടുത്തത്. അതിൽ മറ്റ് പരിഗണനകളൊന്നുമില്ല. പഠിക്കുന്ന കാലം മുതൽ തനിക്ക് രാഷ്ട്രീയമുണ്ട്. പാലക്കാട് വിക്ടോറിയ കോളജിൽ എബിവിപിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. ഒരിക്കലും സജീവ രാഷ്ട്രിയം ഉണ്ടായിരുന്നില്ലെന്ന് മാത്രം; വി.ചിദംബരേഷ് പറഞ്ഞു.

അതിനീചമായ നരഹത്യാക്കേസിലെ പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കുന്നതിൽ അനൗചിത്യമില്ലേ എന്ന ചോദ്യത്തിന്, ഒട്ടുമില്ലെന്ന് അദ്ദേഹം മറുപടി നൽകി. അഭിഭാഷകനെന്ന നിലയിൽ പല തരത്തിലുള്ള കേസുകൾ തന്നെ തേടിയെത്തും. ഇമേജിനെക്കുറിച്ച് ആശങ്കയില്ല. രാജ്യമെങ്ങും ശ്രദ്ധിക്കപ്പെടുന്ന കേസ് കൈകാര്യം ചെയ്തയാളെന്ന നിലയിൽ തൻ്റെ പേര് ചർച്ച ചെയ്യപ്പെട്ടാൽ അതുകൊണ്ട് നല്ലതേ വരൂവെന്നും ജസ്റ്റിസ് ചിദംബരേഷ് വിശദീകരിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top