മുൻ ഡിജിപി കുത്തേറ്റു മരിച്ചു… ഭാര്യയെ കസ്റ്റഡിയിൽ എടുത്ത് കർണാടക പോലീസ്; മകളെയും വിളിപ്പിച്ചു

കർണാടകയിലെ മുൻ പോലീസ് മേധാവി ഓം പ്രകാശിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ചോദ്യം ചെയ്യാനായി ഭാര്യ പല്ലവിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഓം പ്രകാശ് മരിച്ചുവെന്ന് ഇന്ന് വൈകിട്ടോടെ സുഹൃത്തുക്കളെ ഫോണിൽ വിളിച്ച് അറിയിച്ചത് പല്ലവി തന്നെയാണ്. ഓംപ്രകാശിന്റെ ശരീരത്തിൽ പലയിടത്തും കുത്തേറ്റ പാടുകൾ ഉണ്ടായിരുന്നു എന്നും മൃതദേഹം രക്തത്തിൽ കുളിച്ച നിലയിലായിരുന്നു എന്നും ആദ്യം സ്ഥലത്തെത്തിയ പോലീസ് സംഘം പറഞ്ഞു.

ബെംഗളൂരുവിലെ സ്വന്തം വീടിനുള്ളിലാണ് മുൻ പോലീസ് മേധാവിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഓംപ്രകാശും ഭാര്യ പല്ലവിയും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് അയൽക്കാർ പോലീസിന് മൊഴി നല്‍കി. വീട്ടിൽ മറ്റാരെങ്കിലും അതിക്രമിച്ച് കയറിയതായി സൂചനയൊന്നും പോലീസിന് കിട്ടിയിട്ടില്ല. അതുകൊണ്ട് തന്നെ പല്ലവിയെ പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യാൻ ഏക മകളെയും പോലീസ് വിളിപ്പിച്ചതോടെ ചിത്രം വ്യക്തമായിട്ടുണ്ട്.

1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഓം പ്രകാശ് ബിഹാർ സ്വദേശിയാണ്. 2015 മുതൽ 2017 വരെ പോലീസ് മേധാവിയായിരുന്നതിന് പിന്നാലെയാണ് വിരമിച്ചത്. ബെംഗളൂരു എച്ച്എസ്ആർ ലേഔട്ടിലെ മൂന്നുനില വീട്ടിലായിരുന്നു താമസം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പോലീസ് മേധാവിസ്ഥാനം ഏല്‍ക്കുന്നതിന് മുമ്പ് ഫയർ ഫോഴ്സ് ഡയറക്ടർ ജനറലായും ഓംപ്രകാശ് പ്രധാന ഔദ്യോഗിക പദവികൾ വഹിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top