കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ ടി.എം.മനോഹരൻ അന്തരിച്ചു; വിട പറഞ്ഞത് വൈദ്യുതി ബോര്‍ഡിലെ ‘മിസ്റ്റർ പെർഫക്ട്’

കൊച്ചി: കെഎസ്ഇബി മുൻ ചെയർമാനും വനംവകുപ്പ് മേധാവിയുമായിരുന്ന ടി.എം മനോഹരൻ (71) അന്തരിച്ചു. വൈകീട്ട് 7.30-ന് കളമശ്ശേരിയിലെ വീട്ടിൽവച്ചായിരുന്നു അന്ത്യം. തൃശ്ശൂർ പെരിഞ്ഞനം സ്വദേശിയാണ്.

1976 ബാച്ചിലെ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായിരുന്ന മനോഹരൻ 2001 മുതൽ 2007 വരെയും 2011 മുതൽ 2012 വരെയും ഏഴുവർഷം വൈദ്യുതി ബോർഡ് ചെയർമാനായിരുന്നു. രാജ്യത്ത് ഏറ്റവുമധികം കാലം വൈദ്യുതി ബോർഡ് ചെയർമാനായിരുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. വകുപ്പിൽ കൂടുതൽ അടുക്കും ചിട്ടയും കൊണ്ടുവരുന്നതില്‍ ശ്രദ്ധയൂന്നിയതിനാല്‍ വൈദ്യുതി വകുപ്പിൽ ‘മിസ്റ്റർ പെർഫക്ട്’ എന്നും അറിയപ്പെട്ടു. 2013 മുതൽ 2017 വരെ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അധ്യക്ഷസ്ഥാനവും വഹിച്ചു. വനംവകുപ്പിലും വൈദ്യുതി ബോര്‍ഡിലും അഴിമതി അനുവദിക്കാതിരിക്കുന്നതിലും അദ്ദേഹം ശ്രദ്ധവെച്ചു.

മദ്രാസ് ഐഐടിയിൽ നിന്ന് എംഎസ്സി. കെമിസ്ട്രിയിൽ ഒന്നാംക്ലാസോടെ ബിരുദം നേടിയ ശേഷമാണ് ഇന്ത്യൻ ഫോറസ്റ്റ് സർവീസിലേക്കെത്തുന്നത്. ഇന്ദിരാഗാന്ധി നാഷണൽ ഫോറസ്റ്റ് അക്കാദമിയിൽ നിന്ന് ഒന്നാം ക്ലാസോടെ അസോസിയേറ്റ് ഓഫ് ഇന്ത്യൻ ഫോറസ്റ്റ് കോളേജ് ബിരുദവും കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് എൽഎൽബി ബിരുദവും നേടി. കാലിക്കറ്റ് സർവകലാശാലയിൽ നിന്നും എംഎ സോഷ്യോളജിയിൽ ഒന്നാം റാങ്കും നേടിയിട്ടുണ്ട്. ഭാര്യ: സി.ജി. ജയ, മകള്‍: ഡോ. ടി.എം. മഞ്ജു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top