നായാട്ടിന് അറസ്റ്റിലായത് കെഎസ്ആർടിസി മുൻ എക്സി. ഡയറക്ടറും അഭിഭാഷകനും; ഇരുവരും റിമാൻഡിൽ; വെടിവച്ച തോക്ക് കിട്ടിയില്ല
ഇടുക്കി: പുതുവർഷപ്പുലരിയിൽ ശാന്തൻപാറയിൽ മുള്ളൻപന്നിയെ വെടിവച്ചുകൊന്ന് തിന്ന കേസിൽ ഏഴുപേർ അറസ്റ്റിലായ വാർത്ത പുറത്തുവന്ന് കഴിഞ്ഞു. എന്നാൽ പിടിയിലായവരുടെ വിശദാംശങ്ങളാണ് ഇപ്പോൾ വെളിവാകുന്നത്. പ്രധാനപ്രതികളിൽ ഒരാൾ കെഎസ്ആർടിസി മുൻ എക്സിക്യൂട്ടീവ് ഡയറക്ടറും മറ്റൊരാൾ അഭിഭാഷകനും. ഇവർക്ക് വേണ്ടി മുള്ളൻപന്നിയെ വെടിവച്ചവരും കറിവച്ചവരുമാണ് അറസ്റ്റിലായ ഒരുസ്ത്രീയടക്കം മറ്റുള്ളവർ.
ശാന്തൻപാറയിലെ ജി.എ. എസ്റ്റേറ്റിൽ ഡിസംബർ 31നു പുതുവർഷം ആഘോഷിക്കാനാണ് സംഘമെത്തിയത്.കെ എസ് ആർ ടി സി മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ തിരുവനന്തപുരം കവടിയാർ സ്വദേശി കെ എം ഇർഷാദ്, വഞ്ചിയൂർ ബാറിലെ അഭിഭാഷകൻ തിരുവനന്തപുരം സ്വദേശി എച്ച്.അസുമുദീൻ, അസുമുദീന്റെ മകനും എങ്ങനിയറിങ്ങ് വിദ്യാർത്ഥിയുമായ അസ്‌ലം റസൂൽ ഖാൻ, തിരുവല്ല സ്വദേശി രമേശ്‌കുമാർ എന്നിവരാണ് അറസ്റ്റിലായത്. എല്ലാവരും റിമാൻഡിലാണ്.
കാട്ടിറച്ചി കഴിക്കാൻ അതിഥികൾ ആഗ്രഹം പ്രകടിപ്പിച്ചതോടെ എസ്റ്റേറ്റ് നടത്തിപ്പുകാരാണ് മുള്ളൻപന്നിയെ വെടിവെച്ചു പിടിക്കാൻ സംവിധാനമൊരുക്കിയത്. എസ്റ്റേറ്റ് മാനേജർ പാമ്പനാർ സ്വദേശിനി ബീന, സഹായികളായ ശാന്തൻപാറ സ്വദേശി വർഗീസ്, വണ്ടിപ്പെരിയാർ സ്വദേശി മനോജ് എന്നിവരും അറസ്റ്റിലായിട്ടുണ്ട്. പന്നിയാർകുട്ടി സ്വദേശികളായ രണ്ട് പേരാണ് മുള്ളൻപന്നിയെ വെടിവെച്ചു പിടിച്ചതെന്ന് വനംവകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ പിടികിട്ടിയിട്ടില്ല. നായാട്ടിനു ഉപയോഗിച്ച തോക്കും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
കാട്ടിൽ വെടിയൊച്ച കേട്ടതിനെതുടർന്ന് നാട്ടുകാരാണ് വനംവകുപ്പിനെ വിവരം അറിയിച്ചത്. തുടർന്ന് ദേവികുളം, നേര്യമംഗലം റേഞ്ച് ഓഫീസർമാരുടെ നേതൃത്വത്തിൽ തലക്കോട് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയിൽ മുള്ളൻപന്നിയുടെ പാചകംചെയ്ത ഇറച്ചിയുമായി തിരുവനന്തപുരം സംഘം പിടിയിലായി. ഇവരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്റ്റേറ്റിൽ തെരച്ചിൽ നടത്തിയപ്പോൾ മുള്ളൻപന്നിയുടെ അവശിഷ്ടങ്ങൾ ലഭിച്ചു.
അതീവ സംരക്ഷണ വിഭാഗത്തിൽപ്പെടുന്ന ഷെഡ്യൂൾ ഒന്നിൽ പെടുന്ന മൃഗമാണ് മുള്ളൻപന്നി. ഇതിനെ വേട്ടയാടുന്നത് ഒന്നുമുതൽ ഏഴ് വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
ഇർഷാദ്, അസ്‌ലം എന്നിവർ മുള്ളൻപന്നിയുടെ ഇറച്ചി കഴിച്ചിട്ടില്ലെന്നും സസ്യഭുക്കുകളാണെന്നുമാണ് മൊഴി നൽകിയിട്ടുള്ളത്.എന്നാൽ ഇറച്ചി പിടികൂടിയ വാഹനംത്തിൽ ഇരുവരും ഉണ്ടായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here