മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് വിട്ടു; അശോക് ചവാന്‍റെ രാജിയില്‍ ഉലഞ്ഞ് മഹാരാഷ്ട്ര പിസിസി
മുംബൈ: മിലിന്ദ് ദേവ്‌റയും ബാബ സിദ്ദിഖിയും കോണ്‍ഗ്രസ് വിട്ടതിനു പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍. പാര്‍ട്ടിവിട്ട ചവാന്‍ ബിജെപിയില്‍ ചേരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിനും ഇന്ത്യ മുന്നണിക്കും ഇത് കനത്ത ആഘാതമായി.
മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ നാനാ പഠോളെയ്ക്ക് ഇന്ന് രാവിലെയാണ് ചവാന്‍ രാജിക്കത്ത് നല്‍കിയത്. എംഎല്‍എ സ്ഥാനവും രാജിവെച്ച് സ്പീക്കർ രാഹുൽ നർവേക്കറിന് കത്തയച്ചതായി ചവാന്‍ എക്സില്‍ കുറിച്ചു.
അതേസമയം മഹാരാഷ്ട്രാ കോൺഗ്രസിൽ ആഭ്യന്തര കലഹമാണെന്ന് ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ ആരോപിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒബിസി സമുദായത്തെ അധിക്ഷേപിച്ചതുകൊണ്ടാണ് ആരും പാര്‍ട്ടിയില്‍ നില്‍ക്കാത്തത്. ബിജെപിയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും ചന്ദ്രശേഖർ അറിയിച്ചു. കോണ്‍ഗ്രസിലെ പല മുതിര്‍ന്ന നേതാക്കളും ബിജെപിയെ ബന്ധപ്പെട്ടിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
2008 മുതല്‍ രണ്ട് വര്‍ഷക്കാലം മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച ചവാന്‍, മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിന്റെ ഏറ്റവും സ്വാധീനമുള്ള നേതാക്കളില്‍ ഒരാളായിരുന്നു. മുന്‍ മുഖ്യമന്ത്രി ശങ്കര്‍റാവു ചവാന്റെ മകനാണ് അദ്ദേഹം. മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ പാര്‍ട്ടിക്കുള്ളില്‍ വിവിധ പദവികളും ചവാന്‍ വഹിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here