ക്ലാസിൽ വെടിയുതിർത്ത് പൂർവവിദ്യാർഥി; “സ്കൂൾ തന്റെ ഭാവി നശിപ്പിച്ചു”

തൃശ്ശൂര്‍: ക്ലാസ് മുറിയില്‍ കയറിവന്ന് വെടിയുതിര്‍ത്ത പൂര്‍വ്വവിദ്യാര്‍ഥി പൊലീസ് കസ്റ്റഡിയില്‍. മുളയം സ്വദേശി ജഗനാണ് വിവേകോദയം സ്‌കൂളില്‍ വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. യുവാവിന് മാനസികപ്രശ്‌നങ്ങള്‍ ഉള്ളതായി പോലീസ് പറയുന്നു. എയര്‍ ഗണ്‍ ഉപയോഗിച്ചാണ് ഇയാള്‍ വെടിയുതിര്‍ത്തത് എന്നാണ് പറയുന്നത്.

രാവിലെ 11മണിയോടെ സ്‌കൂളില്‍ തോക്കുമായി എത്തിയ ജഗന്‍ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പലിന്റെ മുറിയിലെത്തി കസേരയില്‍ വന്നിരുന്ന് അസ്വാഭാവികമായി പെരുമാറുകയും ജീവനക്കാരെ തോക്ക് കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. തന്റെ ഭാവി സ്‌കൂള്‍ നശിപ്പിച്ചെന്ന് പറഞ്ഞായിരുന്നു യുവാവ് ബാഗില്‍ നിന്ന് തോക്കെടുത്തത്. ശേഷം ഒരു ക്ലാസ് മുറിയില്‍ ചെന്ന് മുകളിലേക്ക് മൂന്ന് പ്രാവിശ്യം വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

ഓടി രക്ഷപെടാന്‍ ശ്രമിച്ച യുവാവിനെ സ്‌കൂള്‍ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. നിലവില്‍ തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് യുവാവിനെ ചോദ്യം ചെയ്ത് വരികയാണ്.

Logo
X
Top