സ്ട്രോക്ക് വന്ന മുന്‍ എംഎല്‍എ പ്രേംനാഥിന്‍റെ നില കൂടുതല്‍ വഷളാക്കിയത് ഡോക്ടറുടെ മോശം പെരുമാറ്റം; മരണത്തില്‍ പരാതി; നിഷേധിച്ച് ഡോ.ജയിംസ് ജോസ്

കോഴിക്കോട്: ഇക്കഴിഞ്ഞ ദിവസം അന്തരിച്ച എല്‍ജെഡി സംസ്ഥാന വൈസ് പ്രസിഡനറും വടകര മുന്‍ എംഎല്‍എയുമായിരുന്ന എം.കെ.പ്രേംനാഥിന് ഡോക്ടര്‍ ചികിത്സ നിഷേധിച്ചതായി ബന്ധുക്കളുടെ പരാതി. പക്ഷാഘാത ലക്ഷണങ്ങളുമായി വന്നപ്പോള്‍ വീടിനടുത്തുള്ള ഡോക്ടറില്‍ നിന്നും വന്ന മോശമായ പെരുമാറ്റമാണ് പ്രേംനാഥിന്‍റെ നില കൂടുതല്‍ വഷളാക്കാന്‍ കാരണമെന്നാണ് ബന്ധുക്കളുടെയും പാര്‍ട്ടി നേതാക്കളുടെയും ആരോപണം. പ്രേംനാഥ് താമസിച്ചിരുന്ന കോഴിക്കോട് നടക്കാവ് വീടിന് സമീപത്തുള്ള ന്യൂറോളജി ഡോക്ടറായ ജെയിംസ്‌ ജോസിനെതിരെയാണ് പരാതി വന്നത്.

പ്രേംനാഥിനെ അയല്‍ക്കാര്‍ ഡോക്ടറുടെ വീട്ടില്‍ എത്തിച്ചപ്പോള്‍ ഡോക്ടര്‍ പരുഷമായി പെരുമാറുകയും ചികിത്സ നിഷേധിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇവിടെ ചികിത്സ ലഭിക്കാതെ വന്നപ്പോള്‍ പ്രേംനാഥിനെ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ ചികിത്സ തുടരുമ്പോഴാണ് പ്രേംനാഥ് വിട പറയുന്നത്. ഡോക്ടര്‍ക്ക് എതിരെ പ്രേംനാഥിന്‍റെ സഹോദരന്‍ നല്‍കിയ പരാതി സ്വീകരിച്ച പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശ്രേയാംസ് കുമാര്‍ പരാതി ആരോഗ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും കൈമാറിയിട്ടുണ്ട്.

ഡോക്ടർ ജെയിംസ് ജോസ് ജ്യേഷ്ഠനെ പരിശോധിച്ചിരുന്നെങ്കിൽ പക്ഷാഘാതം തിരിച്ചറിയാന്‍ സാധിക്കുകയും അടിയന്തര ചികിത്സ ലഭിക്കുകയും ചെയ്യുമായിരുന്നു. ഈ സംഭവത്തില്‍ അന്വേഷണം വേണമെന്നാണ് സഹോദരന്‍ മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. എന്നാല്‍ പരാതിയിലുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഡോ. ജെയിംസ്‌ ജോസ് മാധ്യമ സിന്‍ഡിക്കറ്റിനോട് നിഷേധിച്ചു. തെറ്റിദ്ധാരണയാണ് ഈ പരാതി നല്‍കാന്‍ കാരണമെന്നാണ് ഡോക്ടര്‍ പറഞ്ഞത്.

പ്രേംനാഥിന്‍റെ മരണശേഷമാണ് ചികിത്സാ നിഷേധം വിവാദമാകുന്നത്. അയല്‍ക്കാര്‍ കാര്യങ്ങള്‍ ബന്ധുക്കളോട് പറഞ്ഞു. ബന്ധുക്കള്‍ വഴി പാര്‍ട്ടി നേതാക്കള്‍ വിവരം അറിയുകയും അവര്‍ പ്രശ്നത്തില്‍ ഇടപെടുകയുമായിരുന്നു. എല്‍ജെഡി നേതാക്കളാണ് സഹോദരനില്‍ നിന്നും പരാതി എഴുതി വാങ്ങി പാര്‍ട്ടി അധ്യക്ഷന്‍ ശ്രേയാംസ്കുമാറിന് നല്‍കിയത്.

അയല്‍ക്കാര്‍ പറഞ്ഞത് തന്നെ ഞെട്ടിച്ചുവെന്ന് പ്രേംനാഥിന്റെ സഹോദരന്‍ ബാബു ഹരിപ്രസാദ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. പ്രേംനാഥിന് സുഖമില്ലാതെ വന്നപ്പോള്‍ തൊട്ടടുത്തുള്ള ഡോക്ടറെ കാണിക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്. മുന്‍പ് അസുഖം വന്നപ്പോള്‍ ന്യൂറോളജിസ്റ്റായ ജെയിംസ് ജോസിനെയാണ് കാണിച്ചത്. ഭാര്യ മരിച്ച ശേഷം കോഴിക്കോട്ടെ വീട്ടില്‍ അദ്ദേഹം തനിച്ചാണ്. വിവാഹശേഷം മകള്‍ ദുബായിലാണ്. അതുകൊണ്ടാണ് അയല്‍ക്കാര്‍ സഹായത്തിന് വന്നത്. പഴയ ഷീട്ട് എടുത്തിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ ഡോക്ടര്‍ തട്ടിക്കയറി, ഉടന്‍ ഇറങ്ങിപ്പോകാന്‍ പറഞ്ഞു- ഹരിപ്രസാദ് പറയുന്നു,.

‘ഈ ഡോക്ടറെ തന്നെ കാണിക്കാം എന്ന് പറഞ്ഞാണ് വൈകീട്ട് നാലുമണിവരെ കാത്തത്’-പ്രേംനാഥിന്റെ മകള്‍ പ്രിയ പ്രേംനാഥ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. പക്ഷാഘാത ലക്ഷണങ്ങളുമായി വന്നപ്പോള്‍ അടുത്തുള്ള നല്ല ആശുപത്രിയില്‍ എത്തിക്കാന്‍ എന്തുകൊണ്ടാണ് ഡോക്ടര്‍ പറയാതിരുന്നത്. ചികിത്സ തേടിയ അച്ഛന് ദുരനുഭവമാണ് ഉണ്ടായത്. പ്രേംനാഥിനെ പരിശോധിക്കാന്‍ കഴിയുമോ എന്ന് അയല്‍ക്കാര്‍ ആദ്യം പോയി ചോദിച്ചിരുന്നു. അതിന് ശേഷമാണ് ഡോക്ടറുടെ അടുത്ത് എത്തിച്ചത്.

ആദ്യം പഴയ ഷീട്ട് ചോദിച്ചു. അതെടുത്തില്ലെന്നു പറഞ്ഞപ്പോള്‍ പ്രേംനാഥിന് ഒപ്പമുള്ളവരോട് ഡോക്ടര്‍ ചൂടായി സംസാരിച്ചു. എന്റെ സമയം കളയുകയാണോ? വാതില്‍ തുറന്ന് കൊടുത്ത് നിങ്ങള്‍ പൊയ് ക്കൊള്ളൂ എന്നൊക്കെ ഡോക്ടര്‍ പറഞ്ഞു. എല്‍ജെഡി നേതാക്കള്‍ ഡോക്ടറോട് സംസാരിച്ചപ്പോള്‍ എംഎല്‍എയാണെന്ന് മനസിലായില്ലെന്നാണ് പറഞ്ഞത്. എംഎല്‍എയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരോട് ഈ ഡോക്ടറുടെ പെരുമാറ്റം എങ്ങനെയായിരിക്കും? സ്ട്രോക്ക് വന്നു എത്തുമ്പോള്‍ ഇങ്ങനെയാണോ ഒരു ഡോക്ടര്‍ പെരുമാറേണ്ടത്. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് ജീവിച്ചതാണ് അച്ഛന്‍. ജീവിതം മുഴുവന്‍ സാധാരണക്കരോടൊപ്പമായിരുന്നു. അങ്ങനെയുള്ള ഒരാളിനാണ് ഇത്തരം അനുഭവം നേരിടേണ്ടി വരുന്നത്-പ്രിയ പറയുന്നു.

എല്‍ജെഡി നേതാക്കളുടെയും ബന്ധുക്കളുടെയും ആരോപണങ്ങള്‍ ഡോ. ജെയിംസ്‌ ജോസ് മാധ്യമ സിന്‍ഡിക്കറ്റിനോട് നിഷേധിച്ചു. തെറ്റിദ്ധാരണയാണ് അപ്പോള്‍ സംഭവിച്ചത്. ഒരു മുന്‍ എംഎല്‍എയാണെന്നാണ് ഒപ്പമുള്ളവര്‍ പറഞ്ഞത്. പ്രേംനാഥ് ആണെന്ന് മനസിലായില്ല. അടുത്തുള്ള ആളുകളാണ് എന്നാണ് എന്നോട് പറഞ്ഞത്. അവര്‍ അകത്ത് കയറി. വലിയ അവശത അപ്പോള്‍ അദ്ദേഹത്തിന് ഫീല്‍ ചെയ്തില്ല. നടന്നാണ് പ്രേംനാഥ് വന്നത്. മറ്റുള്ളവര്‍ പ്രേംനാഥിനെ താങ്ങിപ്പിടിച്ചിരുന്നു. ഡോക്ടറുടെ അടുത്ത് 2 വര്‍ഷം മുന്‍പ് വന്നിരുന്നു. മരുന്ന് കഴിച്ചിട്ടുണ്ട് എന്നാണ് പറഞ്ഞത്. രോഗിയ്ക്ക് അസ്വസ്ഥതയുണ്ടായിരുന്നു. ഓവര്‍ഡോസ് മരുന്ന് കഴിച്ചതായി തോന്നി. മൂന്നു വീട് അപ്പുറത്താണ് അദ്ദേഹത്തിന്റെ വീട് എന്ന് പറഞ്ഞപ്പോള്‍ പഴയ പ്രിസ്ക്രിപ്ഷന്‍ ചോദിച്ചു. അത് എടുത്ത് വരാനാണ് പറഞ്ഞത്. അഞ്ച് മിനിറ്റ് കഴിഞ്ഞിട്ടും തിരികെ എത്താതായപ്പോള്‍ സ്റ്റാഫിനോട് അന്വേഷിച്ചപ്പോഴാണ് അവര്‍ പോയതായി പറഞ്ഞത്-ഡോ.ജെയിംസ് ജോസ് പറയുന്നു.

പ്രേംനാഥിന്‍റെ സഹോദരന്‍ നല്‍കിയ പരാതിയുടെ പൂര്‍ണരൂപം

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകൾക്ക് ,

വടകര മുൻ എം.എൽ എ അഡ്വ : എം.കെ പ്രേംനാഥിന്റെ സഹോദരൻ ബാബു ഹരിപ്രസാദ് ബോധിപ്പിക്കുന്നത്,

സർ,

കഴിഞ്ഞ സപ്തംബർ 21 ന് എന്റെ സഹോദരൻ അഡ്വ: എം.കെ പ്രേംനാഥിനെ പക്ഷാഘാതം പിടിപെട്ട് കോഴിക്കോട് നടക്കാവിലെ ന്യൂറോളജി വിദഗ്ദ്ധൻ ഡോ: ജെയിംസ് ജോസിനെ കാണിച്ചിരുന്നു. അവശ നിലയിൽ വൈകുന്നേരം 4 മണിക്ക് ഡോക്ടറുടെ വീട്ടിലെത്തിച്ച സഹോദരനെ പരിശോധിക്കാനോ മരുന്ന് നൽകാനോ പ്രസ്തുത ഡോക്ടർ തയാറായില്ലെന്ന് മാത്രമല്ല, അവശനായിരുന്ന അദ്ദേഹത്തോട് പഴയ മരുന്ന് ശീട്ടുകൾ എവിടെയെന്ന് ചോദിച്ച് കയർക്കുകയും ചെയ്തു. വളരെ പരുഷമായാണ് ഡോക്ടർ എന്റെ സഹോദരനോട് പെരുമാറിയതെന്ന് അദ്ദേഹത്തെ ഡോക്ടറുടെ വീട്ടിലെത്തിച്ച ആളുകൾ പറയുന്നു.
ഇതു കാരണം എന്റെ സഹോദരന് പക്ഷാഘാതത്തിന് വേണ്ട അടിയന്തിര ചികിത്സ നിഷേധിക്കപ്പെടുകയും ഏതാനും ദിവസങ്ങൾക്കകം ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെച്ച് മരണപ്പെടുകയും ചെയ്തു.
പ്രസ്തുത ഡോക്ടർ ജ്യേഷ്ഠനെ പരിശോധിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന് പക്ഷാഘാതം ഉള്ളത് തിരിച്ചറിയുകയും അടിയന്തര ചികിത്സ നൽകാൻ സാധിക്കുകയും ചെയ്യുമായിരുന്നു. ആയതുകൊണ്ട് ഇതേക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിടണമെന്നും ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും വിനയപൂർവ്വം അപേക്ഷിക്കുന്നു.
വിശ്വസ്തതയോടെ
ബാബു ഹരിപ്രസാദ്
മീത്തലെ കുന്നമ്പത്ത്
ചോമ്പാല പോസ്റ്റ്
വടകര, കോഴിക്കോട്

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top