ഇടതുപക്ഷത്തിന് ഞെട്ടലായി ആലത്തൂരിലെ ബിജെപി സ്ഥാനാർത്ഥി; എസ്എഫ്ഐക്കാർ പ്ലാൻ ചെയ്തത് നടന്നെങ്കിൽ താൻ ജയിലിൽ ആയേനെയെന്ന് ഡോ.സരസു

പാലക്കാട്: ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത അനുഭവങ്ങളാണ് പാലക്കാട് വിക്ടോറിയ കോളജ് പ്രിന്‍സിപ്പലായിരിക്കെ എസ്എഫ്ഐയില്‍ നിന്നും നേരിട്ടതെന്ന് ആലത്തൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി ഡോ. ഡോ. ടിഎൻ സരസു. അന്ന് ജീവിതം തീച്ചൂളയിലൂടെയാണ് കടന്നുപോയത്. താളത്തിനു തുള്ളാന്‍ അനുവദിക്കാത്തതിനാല്‍ എസ്എഫ്ഐ തന്നെ ഇരുത്തി പൊറുപ്പിച്ചില്ല. കോളജില്‍ നിന്നും പിരിയുന്നത് വരെ സമാധാനത്തോടെ ഉറങ്ങാന്‍ പോലും സാധിച്ചിരുന്നില്ലെന്ന് സരസു മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

“2016 മാർച്ച് 31-നായിരുന്നു കോളജിൽ നിന്നും വിരമിച്ചത്.വിരമിക്കുന്ന ദിവസം സംഭവിച്ചത് എങ്ങനെ മറക്കാന്‍ കഴിയും. ഭര്‍ത്താവുമൊത്ത് കാറില്‍ കോളജിന് മുന്നില്‍ ഇറങ്ങിയപ്പോള്‍ കണ്ടത് എസ്എഫ്ഐ എനിക്കായി തീര്‍ത്ത കുഴിമാടവും റീത്തുമാണ്. അത് പിന്നീട് വിവാദമായി. കേരള വിദ്യാഭ്യാസ ചരിത്രത്തിലെ തന്നെ കറുത്ത ഏടുമായി. വിരമിച്ച ശേഷവും അവര്‍ എന്നെ വെറുതെ വിട്ടില്ല. എസ്എഫ്ഐയും കോളജിലെ ഒരധ്യാപികയും പ്ലാന്‍ ചെയ്തത് നടന്നിരുന്നെങ്കില്‍ താന്‍ ഇന്ന് ജയിലിലായേനെ. ഇടത് അധ്യാപക സംഘടനയും എസ്എഫ്ഐയും സംയുക്തമായാണ് കോളജില്‍ എനിക്കെതിരെ നീങ്ങിയത്. ഞാന്‍ വിരമിച്ച ശേഷവും കുഴിമാട വിവാദം തുടരുകയായിരുന്നു.”

” കുഴിമാട വിവാദത്തിലുള്‍പ്പെട്ട ഒരു കുട്ടിയെ വിളിച്ച് അധ്യാപിക പറഞ്ഞത് പ്രിന്‍സിപ്പലിനെതിരെ കത്തെഴുതി വെച്ച് കൈ ഞരമ്പ്‌ മുറിക്കാനാണ്. ആശുപത്രിയില്‍ എത്തിച്ച് ഞങ്ങള്‍ രക്ഷിക്കും എന്നും അവനോട് പറഞ്ഞു. എസ്എഫ്ഐയുടെ രക്തസാക്ഷിയാക്കാനാണ് തീരുമാനമെന്ന് മനസിലാക്കി ആ കുട്ടി അതില്‍ നിന്നും പിന്മാറി. ഇതുമായി ബന്ധപ്പെട്ട് അനുഭവിക്കേണ്ടി വന്ന കാര്യങ്ങള്‍ പിന്നീട് വിദ്യാര്‍ത്ഥി തന്നെ തുറന്നു പറഞ്ഞു. അങ്ങനെ അന്ന് സംഭവിച്ചിരുന്നെങ്കില്‍ എന്റെ അവസ്ഥ എന്താകുമെന്ന് എനിക്ക് ആലോചിക്കാന്‍ കൂടി കഴിയുന്നില്ല. മുന്‍ വിദ്യാഭ്യാസമന്ത്രി എം.എ.ബേബിയാണ് കുഴിമാട വിവാദത്തില്‍ എസ്എഫ്ഐക്ക് അനുകൂല പ്രസ്താവന നടത്തി മുന്നോട്ടു വന്നത്. വിരമിച്ച പ്രിൻസിപ്പലിനു വിദ്യാർത്ഥികൾ ഒരുക്കിയത് പ്രതീകാത്മക കുഴിമാടമാണെന്ന് കരുതുന്നില്ലെന്നും ആർട് ഇൻസ്റ്റലേഷനാണെന്നുമാണ് അന്ന് ബേബി പറഞ്ഞത്. . മറ്റുള്ള സിപിഎം നേതാക്കള്‍ ഈ സംഭവത്തെ ന്യായീകരിക്കാന്‍ തയ്യാറായില്ല.”

“26 വര്‍ഷം വിക്ടോറിയ കോളജിലെ അധ്യാപികയായി തുടര്‍ന്ന ശേഷമാണ് അവിടെത്തന്നെ പ്രിന്‍സിപ്പലാകാന്‍ എനിക്ക് കഴിഞ്ഞത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ എനിക്ക് പ്രിന്‍സിപ്പലായി നിയമനം നല്‍കാന്‍ തീരുമാനിച്ചത് എറണാകുളം മഹാരാജാസ് കോളജിലാണ്. വിക്ടോറിയ കോളജ് എന്റെ ജീവവായുവായതിനാല്‍ അപേക്ഷ നല്‍കിയാണ്‌ അവിടെ പ്രിന്‍സിപ്പലായി വന്നത്. കോളജിന്റെ വികസനത്തിനായി എനിക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ഞാന്‍ ചെയ്തിട്ടുണ്ട്. പക്ഷെ എന്റെ മനസമാധാനം എസ്എഫ്ഐ നഷ്ടപ്പെടുത്തി. അതേ ക്രൂരത തന്നെയാണ് അവര്‍ ഇപ്പോഴും തുടരുന്നത്. സിദ്ധാര്‍ത്ഥന്‍ എന്ന പയ്യനെ കൊന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞതല്ലെയുള്ളൂ.”

“എസ്എഫ്ഐക്കാര്‍ക്ക് പരീക്ഷ എഴുതാതെ മാര്‍ക്ക് കിട്ടുന്നു, പാസാകുന്നു. ജോലി കിട്ടുന്നു. ഇതൊക്കെയല്ലേ ഇവിടെ നടക്കുന്ന അന്യായങ്ങള്‍. അവര്‍ എങ്ങനെ അഹങ്കാരികള്‍ ആകാതിരിക്കും. ഇടതുപക്ഷ അധ്യാപക സംഘടനയാണ് കോളജ് ക്യാമ്പസില്‍ എസ്എഫ്ഐ കൂട്ട്. അതാണ്‌ അവരുടെ ബലം. കോളജ് ക്യാമ്പസിലെ അക്രമ രാഷ്ട്രീയത്തിനെതിരെ തിരഞ്ഞെടുപ്പ് വേദികളില്‍ സംസാരിക്കും. ക്യാമ്പസ് രാഷ്ട്രീയം അവസാനിപ്പിക്കുകയാണ് വേണ്ടത്. ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ എത്തുന്നത് പഠിക്കാനാണ്. അവര്‍ പഠിച്ചു ഡിഗ്രി എടുത്ത് പോകട്ടെ.”

“നാളെ മുതല്‍ ആലത്തൂരില്‍ പ്രചാരണം തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്രമോദി എനിക്ക് നല്ല ഒരവസരം തന്നതില്‍ സന്തോഷമുണ്ട്. ജയിക്കുമെന്ന പ്രതീക്ഷയോടെ തന്നെയാണ് അങ്കത്തട്ടിലിറങ്ങുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആലത്തൂരില്‍ സ്ഥാനാര്‍ത്ഥി ആകുന്നതിനെക്കുറിച്ച് എന്നോട് ചോദിച്ചിരുന്നു. സമ്മതം അറിയിച്ചിരുന്നു. പിന്നീട് ഇന്നലെ പ്രഖ്യാപനം വന്നപ്പോഴാണ് അറിഞ്ഞത്. ആലത്തൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമുണ്ട്. കേന്ദ്രം ഭരിക്കാന്‍ പോകുന്നത് മോദിജിയല്ലേ. അപ്പോള്‍ ജയിപ്പിക്കേണ്ടത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ എന്നെയല്ലേ… രണ്ട് തവണ സിപിഎം ഭരിച്ചപ്പോള്‍ കേരളം ദരിദ്ര സംസ്ഥാനമായി മാറി. കഞ്ഞികുടിക്കാന്‍ പോലും വകയില്ലാത്ത അവസ്ഥയാണ് കേരളം നേരിടുന്നത്. പെന്‍ഷനും ശമ്പളവും നല്‍കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. മോദിജിയുടെ ഗ്യാരണ്ടിയാണ് ഉള്ളത്. ജയിപ്പിച്ചാല്‍ മണ്ഡലത്തില്‍ വികസനം കൊണ്ടുവരും.കേരളം മാറി ചിന്തിക്കണം.” സരസു പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top