വയറ്റിൽ കത്രിക കുടുങ്ങിയ കേസ്; രണ്ടു ഡോക്ടറന്മാറടക്കം നാല് പ്രതികൾ, നഷ്ടപരിഹാരം വേണമെന്ന് ഹർഷിന

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ പുതുക്കിയ പ്രതിപ്പട്ടിക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു. രണ്ടു ഡോക്ടറന്മാർക്കുപുറമെ രണ്ടു നേഴ്സുമാരും പ്രതിപട്ടികയിലുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളജിലെ ഡോ സി.കെ.രമേശനും കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോ ഷഹനയുമാണ് പ്രതിപ്പട്ടികയിലുള്ളത്. തന്റെ സമരം തുടരുമെന്ന് ഹർഷിന വ്യക്തമാക്കി.

2017 നവംബര്‍ 30ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഹര്‍ഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ നടത്തിയ സംഘത്തിലെ അംഗങ്ങളാണ് നിലവിലെ പ്രതിപ്പട്ടികയിലുള്ളത്. പ്രതികളായ നാലുപേരെയും നേരത്തെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഈ ശസ്ത്രക്രിയയ്ക്കിടെയാണു ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതെന്ന പോലീസ് കണ്ടെത്തല്‍ ജില്ലാതല മെഡിക്കല്‍ ബോര്‍ഡ് തള്ളിയെങ്കിലും തുടര്‍ നടപടികളുമായി മുന്നോട്ടു പോകാം എന്നായിരുന്നു പോലീസിന് ലഭിച്ച നിയമോപദേശം. മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് പ്രകാരം മെഡിക്കല്‍ കോളേജ് പോലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചുമാസം കൊണ്ടാണു പോലീസ് അന്വേഷണം നടത്തി കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുന്നത്. മെഡിക്കൽ കോളേജ് അസിസ്റ്റന്‍റ് കമ്മീഷണർ കെ.സുദർശന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അഞ്ചു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പോലീസ് റിപ്പോർട്ട് സമർപ്പിച്ചിച്ചത്. കേസിൽ വഴിത്തിരിവായത് എംആര്‍ഐ റിപ്പോര്‍ട്ടായിരുന്നു.

മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലായിരുന്നു ഹർഷിനയുടെ പ്രസവ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം അമിതമായ വേദന അനുഭവപ്പെട്ടിരുന്നു. 2022 സെപ്റ്റംബർ 13 ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ സിടി സ്കാൻ പരിശോധനയിലാണ് വയറ്റില്‍ കത്രിക കുടുങ്ങിയതായി വ്യക്തമായത്. വയറ്റിൽ കുടുങ്ങിയ കത്രികയുമായി അഞ്ചു വർഷമാണ് ഹർഷിന വേദന സഹിച്ചു ജീവിച്ചത്.

സെപ്റ്റംബർ 17 ന് കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് ഹർഷിനയുടെ വയറ്റിൽനിന്ന് കത്രിക പുറത്തെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഫെബ്രുവരി 26 നാണ് ഹർഷിന സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. കുറ്റപത്രത്തിൽ പ്രതിചേർത്തിട്ടുള്ളവരെ വിചാരണ ചെയ്യാനുള്ള അനുമതിക്കായി അപേക്ഷ നല്‍കിയിട്ടുണ്ട്. അനുമതി ലഭിച്ചശേഷമാകും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുക.

കേസിൽ നിരപരാധികള്‍ ശിക്ഷിക്കപ്പെടരുതെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) രംഗത്തെത്തി. അന്തിമ തീരുമാനം മെഡിക്കല്‍ ബോര്‍ഡിന്റെതാണ്. വിഷയത്തില്‍ അനാസ്ഥ സംഭവിച്ചിട്ടുണ്ട്. കേസിൽ മെഡിക്കല്‍ ബോര്‍ഡിന്റേതല്ലാത്ത കണ്ടെത്തലുകള്‍ നിലനില്‍ക്കില്ലെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. സുല്‍ഫി നൂഹു പറഞ്ഞു. പൊലീസ് അന്വേഷണത്തിൽ ക്രമക്കേട് പുറത്തുവന്നെന്നും തനിക്ക് അര്‍ഹതപ്പെട്ട നഷ്ടപരിഹാരം വേണമെന്നും ഹര്‍ഷിന പ്രതികരിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top