വിമത വൈദികര്‍ക്ക് സസ്‌പെന്‍ഷന്‍; കോടതിയെ സമീപിച്ച് അതിരൂപത സംരക്ഷണ സമിതി; എറണാകുളം അങ്കമാലി അതിരൂപതയില്‍ തര്‍ക്കം രൂക്ഷം
സീറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരമില്ലാതെ തുടരുന്നു. ഏകീകൃത കുര്‍ബാനയിലെ തര്‍ക്കം ഇപ്പോള്‍ കടുത്ത നടപടികളിലേക്ക് കടന്നിരിക്കുകയാണ്. എറണാകുളം അതിരൂപതയിലെ നാലു വൈദികരെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ സസ്‌പെന്‍ഡ് ചെയ്തു. ബസിലിക്കയിലെ അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്ന ഫാദര്‍ വര്‍ഗീസ് മണവാളന്‍, ഫാ. ജോഷി വേഴപ്പറമ്പില്‍, ഫാ. തോമസ് വാളൂക്കാരന്‍, ഫാ. ബെന്നി പാലാട്ടി എന്നിവര്‍ക്കെതിരെയാണ് നടപടി. വിമത പ്രവര്‍ത്തനത്തിന്റെ പേരിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
നേരത്തെ നാലു വൈദികരേയും ഏകപക്ഷീയമായി മാര്‍ ബോസ്‌കോ പുത്തൂര്‍ ചുമതലകളില്‍ നിന്നും നീക്കിയിരുന്നു. എറണാകുളം ബസിലിക്കയിലെ അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്ന ഫാദര്‍ വര്‍ഗീസ് മണവാളനെ പ്രീസ്റ്റ് ഹോമിലേക്ക് മാറാനായിരുന്നു നിര്‍ദേശം. തൃപ്പൂണിത്തുറ ഫോറോനാ പള്ളി വികാരി ജോഷി വേഴപ്പറമ്പില്‍, പാലാരിവട്ടം സെന്റ് മാര്‍ട്ടിന്‍ പള്ളിവികാരി തോമസ് വാളൂക്കാരന്‍, കടവന്ത്ര മാതാനഗര്‍ പള്ളി വികാരി ബെന്നി പാലാട്ടി എന്നിവരെയാണ് ഏകപക്ഷീയമായി നീക്കിയത്. പകരം അഡ്മിനിസ്‌ട്രേറര്‍മാരെ നിയമിക്കുകയും ചെയ്തു.
എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധം വിശ്വാസികളില്‍ നിന്നുണ്ടായി. പള്ളികളിലെ ഭരണം ഏറ്റെടുക്കാന്‍ എത്തിയ അഡ്മിനിസ്‌ട്രേറര്‍മാരെ വിശ്വാസികള്‍ തടഞ്ഞു. ഇതോടെ ചുമതല ഏറ്റെടുക്കാതെ മാര്‍ ബോസ്‌കോ പുത്തൂരിന്റെ സര്‍ക്കുലര്‍ പള്ളിയുടെ മതിലില്‍ ഒട്ടിച്ച് അഡ്മിനിസ്‌ട്രേറര്‍മാര്‍ മടങ്ങുകയും ചെയ്തു. ചുമതലയില്‍ നിന്ന് ഏകപക്ഷീയമായി നീക്കിയ നടപിക്കെതിരെ വിമത വിഭാഗം കോടതിയെ സമീപിച്ചിരുന്നു. കേസില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ വൈദികരെ ചുമതലയില്‍ തുടരാന്‍ അനുവദിക്കണമെന്ന് കോടതി വാക്കാല്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
ഇതോടെയാണ് ചുമതലകളില്‍ നിന്നും നീക്കുന്നതിന് പകരം വിമത നീക്കം ആരോപിച്ച് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇതിനതിരെ വീണ്ടും കോടതിയെ സമീപിക്കാനാണ് അല്മായ സംരക്ഷണ സമിതിയുടെ തീരുമാനം. അതിരൂപതയില്‍ ഇപ്പോള്‍ നടക്കുന്നത് ഒരു പറ്റം ക്രിമിനലുകളുടെ തേര്‍വാഴ്ചയാണ്. ഭരണപരമായ ഉത്തരവാദിത്തമുള്ള സമിതികളൊന്നുമില്ല. ആലോചന സമിതി, ഫിനാന്‍സ് കൗണ്‍സില്‍, പ്രസ്ബിറ്ററി കൗണ്‍സില്‍, പാസ്റ്ററല്‍ കൗണ്‍സില്‍, ട്രാന്‍സ്ഫര്‍ കമ്മിറ്റി തുടങ്ങിയ സമിതികളൊന്നും നിലവിലില്ല. ഈ ഏകപക്ഷീയമായ നടപടികള്‍ ഒരിക്കലും അംഗീകരിക്കില്ലെന്നും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അല്മായ മുന്നേറ്റം വക്താവ് റിജു കാഞ്ഞൂക്കാരന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here