‘നവകേരള’വുമായി സഹകരിച്ചില്ല; 4 പഞ്ചായത്ത് സെക്രട്ടറിമാർക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മണ്ഡല പര്യടന പരിപാടിയായ നവകേരള സദസുമായി സഹകരിച്ചില്ലെന്ന പേരിൽ തദ്ദേശ സ്വയംഭരണ വകുപ്പിൽ സ്ഥലം മാറ്റം. നാല് പഞ്ചായത്ത് സെക്രട്ടറിമാരാണ് നടപടി നേരിട്ടത്.

കോട്ടയം പുതുപ്പള്ളി പഞ്ചായത്ത് സെക്രട്ടറി അരുൺ കുമാർ എൻ ,പാലക്കാട് പരുതൂർ പഞ്ചായത്ത് സെക്രട്ടറി എസ്.എൽ. ഷാജിലാൽ, ആനക്കര പഞ്ചായത്ത് സെക്രട്ടറി പി.കെ. രാജേന്ദ്രൻ, കോഴിക്കോട് തിരുവള്ളൂർ പഞ്ചായത്ത് സെക്രട്ടറി വി.അനീഷ എന്നിവർക്കാണ് സ്ഥലം മാറ്റം.അരുൺകുമാറിനെ ഇടുക്കി ഇടമലക്കുടിയിലേക്കും, ഷാജിയെ കാസറഗോഡ് ചെമ്മനാടിലേക്കും, രാജേന്ദ്രനെ കാസർഗോഡ് തൃക്കരിപ്പൂരിലേക്കും അനീഷയെ കാസർഗോഡ് ഉദുമയിലേക്കുമാണ് സ്ഥലം മാറ്റിയത്.
നവകേരള സദസുമായി ബന്ധപ്പെട്ട യോഗത്തിലും ഇതുമായി ബന്ധപ്പെട്ട് നടന്ന സംഘാടക സമിതി യോഗത്തിലും പങ്കെടുത്തില്ല എന്ന് സ്ഥലം മാറ്റ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ഇത് അതീവ ഗുരുതരമായ വീഴ്ചയാണെന്നും അതുകൊണ്ടാണ് നടപടി സ്വീകരിക്കുന്നതെന്നും ഉത്തരവിൽ പറയുന്നു.
നവകേരള നിര്‍മ്മിതിയുടെ ഭാഗമായി ജനങ്ങളുമായി സംവദിക്കാൻ മുഖ്യമന്ത്രിമാരും മറ്റ് മന്ത്രിമാരും മണ്ഡലങ്ങളിലേക്ക് എത്തുന്ന പരിപാടിയാണ് നവകേരള സദസ്. നവംബർ 18 മുതല്‍ ഡിസംബർ 24 വരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here