ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം; വിദേശത്ത് നിന്ന് മരുന്ന് എത്തിച്ചു
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശിയായ നാലുവയസുകാരനാണ് രോഗം ബാധിച്ചിരിക്കുന്നത്. പോണ്ടിച്ചേരി വൈറോളജി ലാബിലെ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ കുട്ടിക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രോഗം ലക്ഷണം കണ്ടപ്പോള്‍ തന്നെ ചികിത്സ തുടങ്ങിയത് ഗുണമായിട്ടുണ്ട്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
അമീബിക് മസ്തിഷ്‌കജ്വരം അടുപ്പിച്ച് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വിദേശത്ത് നിന്നും മരുന്ന് എത്തിച്ചിട്ടുണ്ട്. ജര്‍മ്മനിയില്‍ നിന്നും ഡോ. ഷംഷീര്‍ വയലിലാണ് ജീവന്‍ രക്ഷാ മരുന്നായ മില്‍റ്റിഫോസിന്‍ എത്തിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരമാണിത്. മരുന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജിന് കൈമാറിയിട്ടുണ്ട്. 3.19 ലക്ഷം രൂപ വിലമതിക്കുന്ന 56 ക്യാപ്‌സൂളുകള്‍ അടങ്ങുന്ന ആദ്യ ബാച്ചാണ് എത്തിച്ചത്. കൂടുതല്‍ ബാച്ച് മരുന്നുകള്‍ വരും ദിവസങ്ങളില്‍ എത്തും.
യുഎസ് സെന്റെര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) അമീബിക് മസ്തിഷ്‌കജ്വര കേസുകള്‍ ചികിത്സിക്കാന്‍ 2013 മുതല്‍ ശുപാര്‍ശ ചെയ്യുന്ന മരുന്നാണ് മില്‍റ്റിഫോസിന്‍. മസ്തിഷ്‌കത്തെ ഭക്ഷിക്കുന്ന അമീബ നെഗ്ലേരിയ ഫൗളറി മൂലമുണ്ടാകുന്ന അപൂര്‍വവും അത്യന്തം മാരകവുമായ അണുബാധയായ പ്രൈമറി അമീബിക് മെനിംഗോ എന്‍സെഫലൈറ്റിസ് (പിഎഎം) ചികിത്സിക്കാന്‍ മരുന്ന് ഫലപ്രദമാണെന്ന് പഠനങ്ങളുണ്ട്. ഇംപാവിഡോ എന്ന പേരിലാണ് മരുന്ന് വിപണനം ചെയ്യപ്പെടുന്നത്. ആന്റിമൈക്രോബിയല്‍ മരുന്നായ ഇത് 1980-കളില്‍ കാന്‍സര്‍ ചികിത്സയ്ക്കായാണ് ആദ്യം വികസിപ്പിച്ചിരുന്നത്.പിന്നീട് ലീഷ്മാനിയാസിസിനുമുള്ള ചികിത്സക്ക് ഉപയോഗിച്ച് തുടങ്ങി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here