തലസ്ഥാനത്ത് 14കാരി ഗർഭിണിയായി; മറച്ചുവെച്ച് വീട്ടുകാരും ആശുപത്രിയും; പോലീസ് അറിഞ്ഞിട്ടില്ല, സുരക്ഷ അപകടത്തിൽ

തിരുവനന്തപുരം: പതിനാലുകാരി ഗർഭിണിയായി. വിവരം മറച്ചുവച്ച് വീട്ടുകാരും സ്കാനിങ് നടത്തിയ ആശുപത്രിയും. അതുകൊണ്ട് തന്നെ നിയമപരമായി നടപടിയെടുക്കേണ്ട തിരുവനന്തപുരം സിറ്റി പോലീസ് വിവരം അറിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ കുട്ടിയുടെ തുടർസംരക്ഷണം അപകടത്തിലാണെന്ന് ഉറപ്പായി. പീഡനത്തിന് ഇരയായ സാഹചര്യത്തിൽ തന്നെയാണ് ഇപ്പോഴും കുട്ടിയുള്ളത്. തുടർപീഡനത്തിനുള്ള സാധ്യതയും നിലനിൽക്കുകയാണ്. അതീവ ഗൗരവമായ ഈ വിഷയം നിയമപരമായ എല്ലാ ബാധ്യതയും നിറവേറ്റി തന്നെ മാധ്യമ സിൻഡിക്കറ്റ് പുറത്തുവിടുന്നു.

തിരുവല്ലത്ത് നിന്നുള്ള പതിനാലുകാരി സെപ്തംബർ 21ന് തലസ്ഥാന നഗരത്തിലെ പ്രമുഖ ആശൂപത്രിയിൽ നടത്തിയ സ്കാനിങ്ങിൻ്റെ റിപ്പോർട്ട് പ്രകാരം ഗർഭം ധരിച്ചിട്ട് ഒന്നര മാസം ആയിരുന്നു. 17 വയസ് എന്നാണ് ആശുപത്രി രേഖയിലുള്ളത്. യഥാർത്ഥത്തിൽ 14 വയസ് എന്നാണ് സ്കൂളിൽ നിന്ന് ലഭിക്കുന്ന വിവരം. എന്ത് തന്നെയായാലും കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്തം. എന്നാൽ ആശുപത്രി അധികൃതർ വിവരം പോലീസിന് നൽകിയില്ല. കുട്ടി ഏറെ ദിവസം സ്കൂളിൽ ഹാജരാകാത്തത് തിരക്കിയപ്പോൾ സ്കൂളിലും വിവരം മറച്ചുവച്ചുള്ള മറുപടിയാണ് വീട്ടുകാർ നൽകിയിട്ടുള്ളത്.

സ്കാനിങ്ങിൻ്റെ തീയതി വച്ച് കണക്കാക്കിയാൽ ഗർഭത്തിന് മൂന്നുമാസത്തിലേറെ പ്രായമാകും. ഗർഭഛിദ്രം നടത്തിയോ എന്നതിലും വ്യക്തതയില്ല. ഈ സാഹചര്യത്തിൽ പോലീസ് ഇടപെടൽ അനിവാര്യമാണ്. പീഡനത്തിന് ഇരയായ അന്തരീക്ഷത്തിൽ നിന്ന് കുട്ടിയെ ഉടനടി മോചിപ്പിക്കേണ്ടതുണ്ട്. വിവരം മറച്ചുവയ്ക്കുന്നത് അമ്മയുടെ കൂടി താൽപര്യപ്രകാരമാണ് എന്നാണ് സൂചന. കുട്ടിക്ക് ഇളയ സഹോദരി കൂടിയുണ്ട്. ഇതും കണക്കിലെടുത്താൽ രണ്ടു പേരുടെയും സുരക്ഷ അപകടത്തിലാണ് എന്നാണ് വിവരം മാധ്യമ സിൻഡിക്കറ്റിനെ അറിയിച്ചവരുടെ നിഗമനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top