ഫാ.വാഴക്കുന്നത്തിനെതിരെ നടപടി; എല്ലാ ചുമതലകളില്‍ നിന്നും ഒഴിവാക്കി;പെരുമാറ്റദൂഷ്യം അന്വേഷിക്കാന്‍ കമ്മീഷന്‍
കോട്ടയം: ഓര്‍ത്തഡോക്സ് സഭയുടെ നിലക്കല്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസിനെ സമൂഹമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ച വൈദികന്‍ ഫാ.ഡോ.മാത്യൂസ് വാഴക്കുന്നത്തിനെ സഭാ ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തിയതായി സഭാധ്യക്ഷന്‍ ഡോ.ബസേലിയോസ് മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ.
ഒരു പുരോഹിതനും അധ്യാപകനും എന്ന നിലയില്‍ തികച്ചും മാതൃകാപരമായി പെരുമാറേണ്ട ഒരു വ്യക്തിയില്‍ നിന്നാണ് അപലപനീയവും ധിക്കാരപരവുമായ പെരുമാറ്റമുണ്ടായത്. വിശ്വാസികളെ നേര്‍വഴി നടത്തേണ്ട പുരോഹിതന്റെ ഭാഗത്തുനിന്നുണ്ടായ ഹീനമായ പ്രവര്‍ത്തനം അത്യന്തം ഖേദകരമാണെന്ന് കാതോലിക്ക ബാവ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
സഹോദര വൈദികനെതിരെ പരാതി ഉന്നയിക്കാന്‍ സഭക്കുള്ളില്‍ തന്നെ നിരവധി മാര്‍ഗങ്ങള്‍ ഉള്ളപ്പോള്‍ ചാനല്‍ ചര്‍ച്ചയില്‍ പരസ്യമായ കുറ്റാരോപണം നടത്തിയത് അച്ചടക്കമുള്ള വൈദികന് ചേര്‍ന്ന നടപടിയല്ല. വാഴക്കുന്നത്തിന്റെ പെരുമാറ്റ ദൂഷ്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയമിച്ചു. എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, ഫാ.വി.എം.എബ്രഹാം വാഴക്കല്‍, അഡ്വ.കെ.കെ.തോമസ് എന്നിവരാണ് സമിതി അംഗങ്ങള്‍. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും വരെ വൈദിക വൃത്തിയുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തുന്നതായി ബാവ അറിയിച്ചു.
കഴിഞ്ഞ മാസം ബിജെപിയില്‍ അംഗത്വമെടുത്ത സഭയിലെ വൈദികനും ഭദ്രാസന സെക്രട്ടറിയുമായിരുന്ന ഫാ.ഷൈജു കുര്യനെതിരായ പരാതിയുടെ വിശദാംശങ്ങള്‍ മാധ്യമങ്ങളോട് സംസാരിച്ചതിന് വാഴക്കുന്നത്തിനോട് മെത്രാൻ വിശദീകരണം ചോദിച്ചിരുന്നു. ഇതാണ് വൈദികനെ പ്രകോപിപ്പിച്ചത്. ജോഷ്വാ മാർ നിക്കോദിമോസിനോട് വിശദീകരണം നല്കാൻ താൻ തയ്യാറല്ലെന്നും, ബിഷപ്പിൻ്റെ വസ്തു ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുമെന്നുമാണ് ശബ്ദരേഖയിൽ പറയുന്നത്. ബിജെപിയിൽ ചേർന്ന വൈദികനെ ഔദ്യോഗിക ചുമതലകളിൽ നിന്ന് ഒഴിവാക്കിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here