ചിഹ്നം വിടാതെ ഫ്രാന്‍സിസ് ജോര്‍ജ്; ആദ്യ ദിനം പാര്‍ലമെന്റിലേക്കുളള യാത്ര ഓട്ടോയില്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ചിഹ്നത്തില്‍ തന്നെ ആദ്യ ദിനം പാര്‍ലമെന്റില്‍ വന്നിറങ്ങി കോട്ടയത്തെ നിയുക്ത എംപി ഫ്രാന്‍സിസ് ജോര്‍ജ്. 18-ാം ലോക്‌സഭയുടെ ആദ്യ ദിനം സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കായുളള യാത്രയ്ക്കാണ് താമസിച്ചിരുന്ന കേരള ഹൗസില്‍ നിന്നും ഫ്രാന്‍സിസ് ജോര്‍ജ് ഓട്ടോ പിടിച്ചത്. പാര്‍ലമെന്റ് വളപ്പില്‍ ഓട്ടോയില്‍ വന്നിറങ്ങിയ ഫ്രാന്‍സിസ് ജോര്‍ജ് എല്ലാവര്‍ക്കും കൗതുകമായി.

കോട്ടയത്ത് രണ്ട് കേരള കോണ്‍ഗ്രസുകള്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ചിഹ്നവും വലിയ ചര്‍ച്ചയായിരുന്നു. എറെ വൈകിയാണ് ഫ്രാന്‍സിസ് ജോര്‍ജിന് തിരഞ്ഞെടുപ്പില്‍ ചിഹ്നം ലഭിച്ചത്. തിരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുമ്പോഴും ചുമരെഴുത്തുകള്‍ നിറഞ്ഞപ്പോഴും ചിഹ്നത്തിന്റെ സ്ഥാനം ഒഴിച്ചിട്ടിരുന്നു. ഇത് എല്‍ഡിഎഫ് ആയുധമാക്കുകയും ചെയ്തിരുന്നു. ഔദ്യോഗിക കേരള കോണ്‍ഗ്രസ് എം ജോസ് കെ മാണി നേതൃത്വം കൊടുക്കുന്നതാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചതോടെ രണ്ടില ചിഹ്നവും അവര്‍ക്ക് ലഭിച്ചു. ഇതോടെയാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് പുതിയ ചിഹ്നം തേടേണ്ടി വന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്രാക്ടര്‍ ചിഹ്നത്തിലായിരുന്നു ജോസഫ് വിഭാഗം മത്സരിച്ചത്. എന്നാല്‍ ട്രാക്ടര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയില്‍ ഇല്ലാത്തതിനാല്‍ ഓട്ടോ അനുവദിക്കാന്‍ അപേക്ഷ നല്‍കുകയായിരുന്നു.

കോട്ടയത്തെ വിജയത്തോടെ ഓട്ടോറിക്ഷ ഔദ്യോഗിക ചിഹ്നമാക്കാനുള്ള തീരുമാനത്തിലാണ് ജോസഫ് വിഭാഗം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top