അമേരിക്കയില്‍ കപ്പലിടിച്ച് കൂറ്റന്‍ പാലം പൂര്‍ണ്ണമായി തകര്‍ന്നു; നിരവധി വാഹനങ്ങള്‍ നദിയില്‍ വീണു; തകര്‍ന്നത് രണ്ടര കിലോമീറ്റര്‍ നീളമുള്ള കീ ബ്രിഡ്ജ്

മേരിലാന്‍ഡ്: അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ ചരക്കുകപ്പലിടിച്ച് ഫ്രാന്‍സിസ് സ്കോട്ട് കീ പാലം പൂര്‍ണ്ണമായി തകര്‍ന്നു. അപകടത്തില്‍ പാലത്തിലൂടെ കടന്നുപോകുകയായിരുന്ന നിരവധി വാഹനങ്ങള്‍ വെള്ളത്തിലേക്ക് വീണതായാണ് റിപ്പോര്‍ട്ട്.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. സിനര്‍ജി മറൈന്‍ ഗ്രൂപ്പിന്റെ ചരക്കുകപ്പലായ ഡാലിയാണ് അപകടത്തില്‍പ്പെട്ടത്. കൊളംബോയിലേക്ക് പോകുകയായിരുന്ന കപ്പല്‍ പാലത്തിനടിയിലൂടെ കടന്നുപോകുന്നതിനിടെ തൂണില്‍ ചെന്ന് ഇടിക്കുകയായിരുന്നു. പാലം പൂര്‍ണ്ണമായി തകര്‍ന്നു വീഴുകയും ഇടിയുടെ ആഘാതത്തില്‍ കപ്പലിന് തീ പിടിക്കുകയും ചെയ്തു. അപകടത്തില്‍ എത്ര വാഹനങ്ങള്‍ അകപ്പെട്ടെന്ന വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല . കപ്പലിലുള്ളവര്‍ സുരക്ഷിതരാണെന്ന് മാത്രമാണ് നിലവില്‍ ലഭിക്കുന്ന വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പാലം തകര്‍ന്നുവീഴുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്.
1977ല്‍ പണിത കീ ബ്രിഡ്ജിന് രണ്ടര കിലോമീറ്ററോളം നീളമാണ് ഉള്ളത്. ബാള്‍ട്ടിമോര്‍ സണ്‍ എന്ന പ്രാദേശിക മാധ്യമം നല്‍കുന്ന വിവരമനുസരിച്ച് കഴിഞ്ഞ വര്‍ഷം ഏകദേശം 12.4 മില്ല്യണ്‍ വാഹനങ്ങള്‍ കടന്നുപോയ പാലമാണ് തകര്‍ന്ന കീ ബ്രിഡ്ജ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here