സ്കോളർഷിപ്പോടെ വിദേശപഠനം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; വിദ്യാഭ്യാസ കൺസൾട്ടൻസിക്ക് ഒന്നേകാൽ ലക്ഷം പിഴയടിച്ച് ഉപഭോക്‌തൃ കോടതി

വിദേശപഠനവും ജോലിയും ലഭിക്കുമെന്ന പ്രതീക്ഷയിൽ പണം മുടക്കിയെങ്കിലും വിദ്യാഭ്യാസ കൺസൾട്ടൻസി വാഗ്ദാനം പാലിച്ചില്ലെന്ന പരാതിയിൽ കർശന നടപടിയുമായി എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കോടതി. സ്കോളർഷിപ്പോടെ പഠനം വാഗ്ദാനം ചെയ്ത് ഫീസായി 59,000 രൂപ കൈപ്പറ്റിയ ശേഷം മറ്റൊരു കോഴ്സിൽ ചേരാൻ ആവശ്യപ്പെടുകയാണ് ഉണ്ടായത്. ഇത് ഏജൻസിയുടെ സേവനത്തിലെ അധാർമികമായ വ്യാപാര രീതിയും ന്യൂനതയുമാണെന്ന് നിരീക്ഷിച്ചാണ് ഡി.ബി.ബിനു പ്രസിഡൻ്റും വി.രാമചന്ദ്രൻ, ടി.എൻ.ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് ഏജൻസിക്ക് പിഴ ചുമത്തിയത്.

ആലപ്പുഴ പാതിരാപ്പിള്ളി സ്വദേശി അജീഷ് മോൻ സി.റ്റി, എറണാകുളത്തെ എ.ബി.സി. സ്റ്റഡി ലിങ്ക്സ് എന്ന സ്ഥാപനത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവുണ്ടായത്. റോബോട്ടിക്സ് ആൻഡ് മെക്കാട്രോണിക്സ് എന്ന് എന്ന പിജി കോഴ്സിൽ ചേരാമെന്ന് വിശ്വസിപ്പിച്ചാണ് ഏജൻസി അജീഷിൽ നിന്ന് ആദ്യ ഗഡു ഫീസ് വാങ്ങിയത്. എന്നാൽ ഇതിൽ ചേരാനുള്ള യോഗ്യതയില്ലെന്ന് പിന്നീട് അറിയിച്ച് മറ്റൊരു കോഴ്സിന് സീറ്റ് ഓഫർ ചെയ്തു. ഇതിൽ സംശയം തോന്നിയ അജീഷ് മറ്റ് ഏൻസികൾ വഴി നടത്തിയ അന്വേഷണത്തിൽ എ.ബി.സി. സ്റ്റഡി ലിങ്ക്സിൻ്റെ വാദം തെറ്റാണെന്ന് ബോധ്യപ്പെട്ടു.

ഫീസിന് പുറമെ, ഐഇഎൽടിഎസ് സ്കോർ ഉയർത്തുന്നതിന് എന്ന പേരിൽ 20,000 രൂപ കൂടി വാങ്ങിയിരുന്നു. ഇതിനും ശേഷമാണ് കോഴ്സ് മാറ്റം ആവശ്യപ്പെട്ടത്. വിദേശപഠനവും തുടർന്ന് ജോലിയും പ്രതീക്ഷിച്ച് പണം മുടക്കിയ വിദ്യാർത്ഥിയുടെ ശ്രമങ്ങളെല്ലാം ഇതോടെ വ്യഥാവിലായി. കടം വാങ്ങിയ പണത്തിനു പലിശ കൂടി കൊടുക്കാൻ കഴിയാത്ത അവസ്ഥയിലുമായി. ഇതോടെയാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

പരാതിക്കാരന് സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാൽ സ്കോളർഷിപ്പോടെ പഠിക്കാനാണ് സമീപിച്ചതെന്ന് എതിർകക്ഷി ബോധിപ്പിച്ചു. അഡ്മിഷൻ ലഭിക്കുമെന്ന് യാതൊരു ഉറപ്പും നൽകിയിട്ടില്ല. കിട്ടിയില്ലെങ്കിൽ പിന്നെ പണം തിരിച്ചു നൽകില്ല എന്നും നേരത്തെ പറഞ്ഞിരുന്നു. പ്രവേശനത്തിനുള്ള നടപടികൾ ആരംഭിച്ചുവെങ്കിലും പിന്നീട് അത് റദ്ദാക്കാനാണ് പരാതിക്കാരൻ ആവശ്യപ്പെട്ടത്. അത് രേഖാമൂലം നൽകാൻ തയ്യാറായില്ല. കാരുണ്യ പ്രവർത്തനമല്ല മറിച്ച് ബിസിനസ് ആണ് നടത്തുന്നതെന്നും അതിനാൽ ലഭിച്ച സർവീസ് ചാർജ് തിരിച്ചുനൽകാൻ കഴിയില്ലെന്നും എതിർകക്ഷി കോടതി മുമ്പാകെ ബോധിപ്പിച്ചു.

ഈ വാദങ്ങളെല്ലാം തളളിക്കൊണ്ടാണ് കോടതിയുടെ ഇടപെടൽ. “വിദേശപഠനവും ജോലിയും എന്ന ഒരു വിദ്യാർത്ഥിയുടെ സ്വപ്നം എതിർകക്ഷിയുടെ സേവനത്തിലെ ന്യൂനത മൂലം നിഷ്ഫലമായി എന്നതാണ് പരാതി. പരാതിക്കാരൻ സാമ്പത്തികമായ ബുദ്ധിമുട്ട് മാത്രമല്ല ഏറെ മന:ക്ലേശവും അനുഭവിക്കേണ്ടി വന്നുവെന്ന് കോടതി വിലയിരുത്തി. ഈ സാഹചര്യത്തിൽ ഫീസായി നൽകിയ 59,000 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും കോടതി ചെലവിനത്തിൽ 15,000 രൂപയും ഒരു മാസത്തിനകം വിദ്യാർത്ഥിക്ക് നൽകാനാണ് ഉത്തരവ്. പരാതിക്കാരന് വേണ്ടി അഡ്വ. മിഷേൽ എം ദാസൻ ഹാജരായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top