ശ്രീജേഷുമാർക്ക് സൗജന്യമായി മുടി വെട്ടിയ ശ്രീരാജ് നിസാരക്കാരനല്ല; ദുബായിൽ ഓടിക്കയറിയത് ഒന്നാം സ്ഥാനത്തേക്ക്
കേരളത്തിൽ ഹോക്കിയുടെ പ്രചരണത്തിനായി വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ച് ശ്രദ്ധേയനായ വ്യക്തിയാണ് കായിക താരമായ പെരുമ്പാവൂർ വെങ്ങോല സ്വദേശി ശ്രീരാജ്. ടോക്കിയോ, പാരീസ് ഒളിമ്പിക്സിലെ വെങ്കല മെഡല്‍ ജേതാവ് പിആര്‍ ശ്രീജേഷിനോടുള്ള ആരാധന കാരണം ശ്രീജേഷ് എന്ന പേരുള്ളവർക്ക് സൗജന്യമായി മുടി വെട്ടി നൽകുകയാണ് അല്ലപ്രയിൽ കെ.എൽ.ഫോർട്ടി അരോമ ജെന്റ്സ് ബ്യൂട്ടി പാർലർ നടത്തുന്ന ശ്രീരാജ്. ഇന്ത്യയുടെ അഭിമാനതാരത്തിൻ്റെ ജേഴ്സി നമ്പരായ 16 ദിവസമാണ് സൗജന്യ മുടി വെട്ടൽ പ്രഖ്യാപിച്ചത്. ഈ ഓഫർ നാളെത്തോടെ അവസാനിക്കുകയാണ്. ഇതുവരെ മൂന്ന് ശ്രീജേഷുമാരാണ് നേരിട്ട് മുടി വെട്ടാൻ എത്തിയതെന്ന് ശ്രീരാജ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.
സോഷ്യൽ മീഡിയയിൽ ഓഫറിൻ്റെ വിവരം വൈറലായതോടെ വിവിധ ജില്ലകളിൽ നിന്നും നിരവധി ശ്രീജേഷുമാരാണ് വിളിച്ചത്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുമാണ് കൂടുതൽ വിളി വന്നത്. ഞങ്ങളുടെ പേരിൽ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതിൽ സന്തോഷമുണ്ടെന്ന് അറിയിച്ചതായും ശ്രീരാജ് പറഞ്ഞു.
2020 ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യ വെങ്കല മെഡൽ നേടിയപ്പോഴും ഇത്തരമൊരു ഓഫർ പ്രഖ്യാപിച്ചിരുന്നു. ഏഴ് ദിവസമായിരുന്നു സൗജന്യ മുടി വെട്ടൽ. അന്ന് എട്ട് ശ്രീജേഷുമാർ എത്തി.
മാധ്യമങ്ങളിൽ വാർത്തയായതോടെ അന്ന് സാക്ഷാൽ ഒളിമ്പ്യൻ ശ്രീജേഷ് തന്നെ കടയിലെത്തിയിരുന്നു. ദേശീയ, ഇൻ്റർനാഷണൽ വെറ്ററൻ അത്‌ലറ്റിക് മീറ്റുകളില്‍ കേരളത്തിനുവേണ്ടി മെഡൽ നേടിയ താരം കൂടിയായ ശ്രീരാജിന്റെ കായികമേഖലയ്ക്ക് വേണ്ടിയുള്ള ശ്രദ്ധേയമായ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. തുടര്‍ന്നുളള സംരഭങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും ഉറപ്പു നല്‍കിയായിരുന്നു ഒളിമ്പ്യന്‍ അന്ന് മടങ്ങിയത് എന്ന സന്തോഷവും ശ്രീരാജ് മാധ്യമ സിൻഡിക്കറ്റിനോട് പങ്കുവച്ചു.
ഇത്തവണയും മുൻ ഇന്ത്യൻ ഹോക്കി ഇതിഹാസ താരത്തെ കടയിലെത്തിക്കാൻ ശ്രമിച്ചിരുന്നു. അദ്ദേഹത്തിൻ്റെ വീട്ടിലെത്തി അച്ഛനെയും അമ്മയെയുമൊക്കെ കണ്ടിരുന്നു. ഒളിമ്പിക്സിന് ശേഷം ജൂനിയർ ടീമിൻ്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത അദ്ദേഹം തിരക്കിലാണ് എന്നാണ് അറിയാൻ കഴിഞ്ഞതെന്നും ശ്രീരാജ് പറഞ്ഞു.
ശ്രീജേഷിൻ്റെ ആരാധകനായ ശ്രീരാജിന്‍റെ കായിക ഇനങ്ങള്‍ 100, 200 മീറ്റർ ഓട്ടവും ലോംഗ്ജമ്പുമാണ്.
2023 ൽ ദുബായിൽ നടന്ന 40 വയസിന് മുകളിലുള്ളവരുടെ ഇൻ്റർനാഷണൽ കായിക മീറ്റിൽ 100 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനവും അദ്ദേഹം നേടി. 2013 ൽ മംഗലാപുരത്ത് നടന്ന 30 വയസിന് മുകളിലുള്ളവരുടെ ദേശീയ മീറ്റിൽ പങ്കെടുത്തുകൊണ്ടാണ് തുടക്കം. പിന്നീട് രാജ്യത്തിൻ്റെ വിവിധ ഭാഗത്ത് നടന്ന ദേശീയ മീറ്റുകളിൽ ശ്രീരാജ് തുടർച്ചയായി പങ്കെടുക്കുകയും പലതവണ ഒന്നാം സ്ഥാനം നേടുകയും ചെയ്തിട്ടുണ്ട്. വെങ്ങോല ബഥനിപ്പടി മാലിക്കാലയിൽ രാജപ്പന്റെയും ചന്ദ്രികയുടെയും മകനാണ് ശ്രീരാജ്. ബി ഫാമിനു പഠിക്കുന്ന ശ്രീജയാണ് ഭാര്യ. ഏകമകൻ ശ്രീപാർത്ഥ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here