30 ലക്ഷം കുട്ടികൾ പട്ടിണിയിലേക്ക്; ഉച്ചഭക്ഷണത്തിന് പണമില്ല; ഹെഡ്മാസ്റ്റർ സ്ഥാനം വേണ്ടെന്ന് അധ്യാപകർ

തിരുവനന്തപുരം: സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ സൗജന്യ ഉച്ചഭക്ഷണത്തിനായുള്ള ഫണ്ട് വൈകുന്നതിനാൽ സംസ്ഥാനത്തെ 30 ലക്ഷം വിദ്യാർത്ഥികൾ പട്ടിണിയിലാകാൻ സാധ്യത. എട്ടാം ക്ലാസ്സുവരെ 12000 സ്കൂളുകളിലായി ഏതാണ്ട് 30 ലക്ഷം കുട്ടികളാണ് പഠിക്കുന്നത്. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ഉച്ചഭക്ഷണ തുക കുടിശ്ശിക വന്നതോടെ ഇനിയുള്ള ദിവസങ്ങളിൽ ഭക്ഷണം നൽകുന്ന കാര്യം പരുങ്ങലിലാണ്. 130 കോടി രൂപയാണ് നിലവിൽ കുടിശ്ശികയുള്ളത്. ഉച്ചഭക്ഷണത്തിനുള്ള തുകയുടെ 60 ശതമാനം കേന്ദ്ര സർക്കാർ വിഹിതവും ബാക്കി സംസ്ഥാന സർക്കാർ വിഹിതവുമാണ്. എന്നാൽ കേന്ദ്രം 80 കോടിയും സംസ്ഥാനം 50 കോടിയും വിതരണം ചെയ്യാൻ ബാക്കിയുണ്ട്. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു പ്രധാന കാരണം.

150 വിദ്യാർത്ഥികളുള്ള സ്കൂളിൽ ഒരു കുട്ടിക്ക് ദിവസേന 8 രൂപയാണ് ഭക്ഷണത്തിന് സംസ്ഥാനം അനുവദിച്ചിട്ടുള്ളത്. 500 വിദ്യാർത്ഥികളുള്ളിടത് പ്രതിദിനം 7 രൂപയും 500ൽ കൂടുതലാണെങ്കിൽ 6 രൂപയുമെന്നതാണ് കണക്ക്. അരി മാത്രമാണ് സർക്കാർ നൽകുന്നത്, മറ്റ് സാധനങ്ങളെല്ലാം പ്രഥമാധ്യാപകർ സംഘടിപ്പിക്കണം. ഇതിനുപുറമെ ആഴ്ചയിൽ രണ്ടു ദിവസം പാലും ഒരു ദിവസം മുട്ടയും നൽകണം. സാധനങ്ങളുടെയും പാചകവാതകത്തിന്റെയും വില കുതിച്ചുയരുന്ന സാഹചര്യത്തിൽ നിലവിലെ തുക അപര്യാപ്തമാണെന്നാണ് അധ്യാപകർ പറയുന്നത്. പാചകത്തൊഴിലാളികൾക്ക് ഓണറേറിയവും ഇതുവരെ നൽകിയിട്ടില്ല.

2016 നു ശേഷം ഇതുവരെ സർക്കാർ ഫണ്ട് പുതുക്കിയിട്ടില്ല. പാലിനും മുട്ടയ്ക്കും പ്രത്യേകം തുക അനുവദിക്കണമെന്നും ഒരു കുട്ടിക്ക് നൽകുന്ന തുക നാലു രൂപയായി ഉയർത്തണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഉൾപ്പെടെ ശുപാർശ ചെയ്തിട്ടും സർക്കാരിന്റെ ഭാഗത്തു നിന്ന് ഇതുവരെയും ഒരു തീരുമാനവും വന്നിട്ടില്ല. പ്രശ്നങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിപക്ഷ അധ്യാപക സംഘടനകൾ ഈ മാസം 13ന് സെക്രട്ടേറിയറ്റ് പടിക്കൽ മൂന്ന് ദിവസത്തെ ധർണക്ക് തയ്യാറെടുക്കുകയാണ്.

ഉച്ചഭക്ഷണത്തിന്റെ അടക്കം അധിക ചെലവ് വഹിക്കേണ്ടത് പ്രഥമാധ്യാപകരായത് കൊണ്ടുതന്നെ ഈ സ്ഥാനത്തേക്ക് വരാൻ പലരും മടിക്കുകയാണ്. കണക്കുകൾ പ്രകാരം മൂന്ന് വർഷത്തിനകം സർക്കാർ സ്കൂളുകളിൽ മാത്രം എൽ പി, യു പി സ്കൂളുകളിലെ പ്രഥമാധ്യാപക സ്ഥാനം വേണ്ടെന്ന് വച്ചത് 500 ലധികം അധ്യാപകരാണ്. എയ്ഡഡ് സ്കൂളുകളിലും ഈ എണ്ണം വർധിക്കുകയാണ്. സാമ്പത്തിക ഇടപാടുകളുടെ ചുമതലക്ക് പുറമെ ആഴ്ചയിൽ 35 പീരിയഡ് ക്ലാസ് എടുക്കുകയും വേണം. അതുകൊണ്ടു തന്നെ പ്രഥമാധ്യാപകർ ആകുമ്പോൾ ലഭിക്കുന്ന രണ്ടു മുതൽ നാലു ശതമാനം വരെയുള്ള ഇൻക്രിമെന്റ് പോലും വേണ്ടന്ന് വയ്ക്കുകയാണ് അദ്ധ്യാപകർ.

ഓണത്തിന് സ്കൂളിൽ നിന്ന് വിദ്യാർത്ഥികൾക്ക് നൽകിയ അഞ്ചു കിലോ അരിയുടെയും ഉച്ചഭക്ഷണത്തിനായി എത്തിക്കുന്ന അരിയുടേയുമെല്ലാം കൈകാര്യ ചെലവും പ്രഥമാധ്യാപകരുടെ തലയിലാണ്. ചുമട്ടു കൂലി ഉൾപ്പെടെ ഇവർ നൽകണം. ട്രഷറിയുടെയും വിദ്യാഭ്യാസ ഉപജില്ലാ ഓഫീസിന്റെയും അടുത്തുനിന്ന് എട്ടു കിലോമീറ്റർ അകലെയുള്ള സ്കൂളുകളിലെ പ്രഥമാധ്യാപകർക്ക് 1000 രൂപ നൽകാൻ വ്യവസ്ഥയുണ്ടെങ്കിലും വർഷങ്ങളായി ഇത് പാലിക്കുന്നിലെന്നാണ് അധ്യാപക സംഘടനകൾ പറയുന്നത്. കണക്കുകൾ കൃത്യമായി കാണിച്ചില്ലെങ്കിൽ പെൻഷൻ അടക്കം തടഞ്ഞുവക്കുമെന്നതും ഈ സ്ഥാനം ഏറ്റെടുക്കാൻ വിലങ്ങുതടിയാകുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top