തെലങ്കാനയിലെ സാമ്പത്തിക അസമത്വം പഠിക്കുന്നത് ഫ്രഞ്ച് ഇക്കണോമിസ്റ്റ് തോമസ് പിക്കറ്റി; പിണറായി നേരിട്ട് ക്ഷണിച്ചിട്ടും പിക്കറ്റി എന്തേ കേരളത്തിൽ വന്നില്ല?

തെലങ്കാനയിലെ ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന സാമൂഹ്യ- സാമ്പത്തിക അസമത്വങ്ങളെക്കുറിച്ച് പഠിക്കാൻ ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ തോമസ് പിക്കറ്റിയെ(Thomas Piketty) നിയമിച്ചു. ഇടത് ആശയങ്ങളോട് ആഭിമുഖ്യം പുലർത്തുന്ന പിക്കറ്റി ഇന്ത്യയിൽ കോൺഗ്രസിൻ്റെ പല നയപരിപാടി കളുടെ പിന്നിലെയും ആശയ ശ്രോതസായിരുന്നു. പ്രത്യേകിച്ചും 2019ലെ കോൺഗ്രസിൻ്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ ‘ന്യായ്’ പദ്ധതിയുടെ ആശയം പിക്കറ്റിയുടേതായിരുന്നു. കേരളത്തിലെ സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ പിക്കറ്റിയെ നേരിട്ട് പോയി പിണറായി വിജയൻ ക്ഷണിച്ചത് 2019ലായിരുന്നു. അദ്ദേഹം കേരളത്തിലേക്ക് വരുമെന്ന് ധനകാര്യ മന്ത്രിയായിരുന്ന തോമസ് ഐസക്കും പറഞ്ഞിരുന്നു. പക്ഷേ പിക്കറ്റി ഈ വഴി വന്നില്ല. എന്തുകൊണ്ട് വന്നില്ലായെന്ന് സർക്കാർ ഇതുവരെ പറഞ്ഞതുമില്ല.

തെലങ്കാനയിൽ നടക്കുന്ന ജാതി സർവെയുടെ അടിസ്ഥാനത്തിൽ സാമൂഹ്യ- സാമ്പത്തിക അസമത്വങ്ങളെക്കുറിച്ച് പഠിക്കാൻ ക്ഷണിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നാണ് തോമസ് പിക്കറ്റി പറഞ്ഞത്. തെലങ്കാന ഇലക്ഷനിൽ കോൺഗ്രസിൻ്റെ പ്രധാന വാഗ്‌ദാനമായിരുന്നു ജാതി സർവെ നടത്തി അസമത്വങ്ങളെക്കുറിച്ച് പഠിക്കുമെന്നത്. കഴിഞ്ഞ നവംബർ – ഡിസംബർ മാസത്തിൽ സർവെ നടത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പിക്കറ്റി പഠനം നടത്തുന്നത്.

2019 ഏപ്രിൽ -മെയ് മാസങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര നടത്തിയ ഘട്ടത്തിലാണ് തോമസ് പിക്കറ്റിയെ നേരിൽകണ്ട് ചർച്ച നടത്തി കേരളത്തിലെ സാമ്പത്തിക അസമത്വങ്ങളെക്കുറിച്ച് പഠിക്കാൻ ക്ഷണിച്ചത്. പിണറായിയുടെ വിദേശയാത്രയുടെ നേട്ടമായിട്ടാണ് പിക്കറ്റിയുമായുള്ള കൂടിക്കാഴ്ചയെ അന്ന് സർക്കാർ വിശേഷിപ്പിച്ചത്.

“സാമ്പത്തിക വളര്‍ച്ചയുടെ കേരള മാതൃകയെപ്പറ്റി ആഴത്തില്‍ പഠനം നടത്താനും കേരളത്തിന്‍റെ സമ്പദ്ഘടന ശക്തിപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും താല്പര്യമുണ്ടെന്ന് പ്രഗത്ഭ ഫ്രഞ്ച് ധനതത്വ ശാസ്ത്രജ്ഞന തോമസ് പിക്കറ്റി അറിയിച്ചു. പാരീസില്‍ ഇന്ന് നടത്തിയ കൂടിക്കാഴ്ചയിലാണ് കേരളത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് പഠിക്കാനുള്ള സന്നദ്ധത തോമസ് പിക്കറ്റി പ്രകടിപ്പിച്ചത്. സാമ്പത്തിക അസമത്വം കുറയ്ക്കുന്നതിനെക്കുറിച്ചുള്ള പഠനങ്ങളില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ പിക്കറ്റിയുമായുള്ള ചര്‍ച്ച ഒരു മണിക്കൂറിലധികം നീണ്ടു. പാരീസ് സ്കൂള്‍ ഓഫ് ഇക്കണോമിക്സിലെ പ്രൊഫസറും ഇന്ത്യയിലെ സാമ്പത്തിക അസമത്വത്തെക്കുറിച്ചും സുസ്ഥിര വികസനത്തെക്കുറിച്ചും ശ്രദ്ധേയമായ ഗവേഷണങ്ങള്‍ നടത്തിയ വിദഗ്ധനുമായ ലൂകാസ് ചാന്‍സലും ചര്‍ച്ചയില്‍ പങ്കെടുത്തു.”

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു. പക്ഷേ എന്തുകൊണ്ടാണ് തോമസ് പിക്കറ്റി കേരളത്തിലേക്ക് വരാതിരുന്നത് എന്നാർക്കും അറിയില്ല, അതേക്കുറിച്ച് സർക്കാർ ഒന്നും പറഞ്ഞില്ല. ഓരോ വിദേശയാത്ര കഴിഞ്ഞ് വരുമ്പോഴും മുഖ്യമന്ത്രി ഇത്തരം ഒരുപാട് അവകാശവാദങ്ങൾ നടത്തിയിരുന്നു. പക്ഷേ കാലണയുടെ പോലും നിക്ഷേപങ്ങൾ വിദേശയാത്രയിലൂടെ വന്നിട്ടില്ല.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് പാർട്ടി തിരഞ്ഞെടുപ്പിൽ തുറുപ്പുചീട്ടായി അവതരിപ്പിച്ച പദ്ധതിയാണ് ന്യായ് – (Nyuntam Aay Yojana) ന്യായ് പദ്ധതി സാമ്പത്തിക അസമത്വം ഇല്ലാതാക്കാൻ രൂപം കൊടുത്ത പദ്ധതിയെന്നാണ് രാഹുൽ ഗാന്ധിയുടെ വിശദീകരണം. ഈ പദ്ധതിക്ക് രൂപം കൊടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച വ്യക്തിയിരുന്നു തോമസ് പിക്കറ്റി. കോൺഗ്രസ് നേതാക്കൾ പിക്കറ്റിയുമായി പലവട്ടം ചർച്ച നടത്തിയിട്ടാണ് ന്യായ് പദ്ധതിക്ക് അന്തിമരൂപം നൽകിയതെന്നാണ് എഐസിസി വിശദീകരിച്ചിരുന്നത്. ഇക്കാര്യം പിക്കറ്റി തന്നെ സമ്മതിച്ചിരുന്നു.

രാജ്യത്തെ 20 ശതമാനത്തോളം ദരിദ്ര കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72000 രൂപ അല്ലെങ്കില്‍ പ്രതിമാസം 6000 രൂപ വരുമാനം ഉറപ്പാക്കുന്ന ന്യൂതം ആയ് യോജന പദ്ധതി കോൺഗ്രസ് അധികാരത്തിൽ വന്നാൽ നടപ്പാക്കുമെന്നാണ് വാഗ്ദാനം ചെയ്തിരുന്നത്. 12000 രൂപയില്‍ കുറവ് പ്രതിമാസ വരുമാനമുള്ള കുടുംബത്തിന് 6000 രൂപ വരെ ബാങ്ക് അക്കൗണ്ടില്‍ ലഭിക്കും. 25 കോടി ആളുകള്‍ക്കു ഗുണം ലഭിക്കുന്ന പദ്ധതി ദാരിദ്ര്യത്തിനെതിരായ അവസാന പ്രഹരം എന്നാണു രാഹുല്‍ വിശേഷിപ്പിച്ചത്.

പക്ഷേ പിക്കെറ്റി മുൻകൈയെടുത്ത് രൂപം കൊടുത്ത ന്യായ് പദ്ധതി അപ്രായോഗികമാണ് എന്നാണ് അന്ന് സിപിഎം വിലയിരുത്തിയത്.
ഈ പദ്ധതിക്കെതിരെ വലിയ പുകിലുണ്ടാക്കിയ തോമസ് ഐസക്കും പിണറായി വിജയനും ചേർന്നാണ് തൊട്ടുപിന്നാലെ തന്നെ കേരളത്തിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പഠിക്കാൻ ഇതേ തോമസ് പിക്കറ്റിയെ ക്ഷണിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top