പോലീസുകാർക്ക് സങ്കടമുണർത്തിക്കാൻ പുതിയ ത്രിതല സംവിധാനം; ഓൺഡ്യൂട്ടിയിൽ തലസ്ഥാനത്തെത്തി ‘ഇൻ പേഴ്സൺ’ ആയും പരാതി അറിയിക്കാം

പോലീസുകാരുടെ മാനസിക ആരോഗ്യത്തെക്കുറിച്ച് ഗൗരവതരമായ ചോദ്യങ്ങളുയരുന്ന സാഹചര്യത്തിൽ പരാതികൾ കേൾക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും പല തലങ്ങളിൽ സൗകര്യമൊരുക്കി പോലീസ് വകുപ്പ്. സ്റ്റേഷൻ തലത്തിൽ രൂപീകരിക്കുന്ന സമിതിയിൽ മുതൽ എഡിജിപി തലത്തിൽ വരെ പോലീസുകാർക്കും കുടുംബാംഗങ്ങൾക്കും ഇനി നേരിട്ട് പരാതി ബോധിപ്പിക്കാം. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാർ ഇത് സംബന്ധിച്ച സർക്കുലർ ജില്ലാ പോലീസ് മേധാവിമാർക്കും റേഞ്ച് ഐജിമാർക്കും ഇന്നലെ വൈകിട്ടോടെ അയച്ചു. ‘കാവൽ കരുതൽ’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ഉടനടി എല്ലാ ജില്ലകളിലും തുടങ്ങിവയ്ക്കാനാണ് നിർദേശം.

സ്റ്റേഷൻ തലത്തിൽ രൂപീകരിക്കുന്ന സമിതിയിൽ എസ്എച്ച്ഒ, റൈറ്റർ, ഒരു വനിതാ ഉദ്യോഗസ്ഥ എന്നിവരെ കൂടാതെ അതത് സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനും പോലീസ് അസോസിയേഷൻ പ്രതിനിധിയും ഉൾപ്പെടും. അവസാനത്തെ രണ്ടുപേരുടെ പങ്കാളിത്തം ഇത്തരം സമിതിയിൽ പതിവുള്ളതല്ല. അതുകൊണ്ട് തന്നെ സാധാരണ പോലീസുകാർ സ്വാഗതം ചെയ്യുന്നതാകും. പരാതിക്കാരെ കേൾക്കാൻ വെള്ളിയാഴ്ചകളിൽ രാവിലെ ഒമ്പതരക്ക് എല്ലാവരും ഒന്നിച്ചിരിക്കണം. എസ്എച്ച്ഒക്ക് അസൗകര്യം ഉണ്ടായാൽ മറ്റാരെയും ഏൽപിക്കരുത്, സൗകര്യപ്രദമായ ഏറ്റവുമടുത്ത സമയം നിശ്ചയിക്കണമെന്നും നിർദേശമുണ്ട്. പുതിയ സംവിധാനം പൊസിറ്റീവാണെന്ന പ്രതീതിയാണ് ഈ നിർദേശം ഉണ്ടാക്കുന്നത്.

ഇവിടെ പരിഹരിക്കാൻ കഴിയാത്ത പരാതികൾ ജില്ലാ പോലീസ് മേധാവിക്ക് അയച്ചാൽ അവിടെയും തിങ്കളാഴ്ചകളിൽ ഈ മട്ടിൽ പരാതിക്കാരെയും കുടുംബാംഗങ്ങളെയും കേൾക്കാൻ എസ്പി അടക്കം എല്ലാവരും ഒന്നിച്ചിരിക്കും. എസ്പിക്ക് അസൗകര്യം ഉണ്ടായാൽ മറ്റാരെയും ഏൽപിക്കരുത്, സൗകര്യപ്രദമായ ഏറ്റവുമടുത്ത സമയം നിശ്ചയിക്കണമെന്നും നിർദേശമുണ്ട്.

ഇതുകൂടാതെയാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസ് മുഖേന പരാതി അറിയിക്കാനുള്ള സംവിധാനം. നിലവിൽ പ്രവർത്തിക്കുന്ന ഓഫീസേഴ്സ് ഗ്രീവൻസ് സെല്ലിൻ്റെ (OGC) ഇമെയിൽ വിലാസത്തിലോ വാട്സാപ്പ് നമ്പറിലോ പരാതി അറിയിക്കാം. ഇത് പോരെങ്കിൽ നേരിട്ടെത്തി പരാതി അറിയിക്കാനുള്ളവർക്ക് ഇൻ പേഴ്സൺ (In Person) സംവിധാനവും ഉണ്ട്. സ്റ്റേഷൻ തലത്തിലോ ജില്ലാ പോലീസ് മേധാവി തലത്തിലോ തീർപ്പാകാത്ത പരാതികൾ പോലീസ് ഉദ്യോഗസ്ഥർക്കോ കുടുംബാംഗങ്ങൾക്കോ ഇവിടെ നേരിട്ടെത്തി അറിയിക്കാൻ സൗകര്യം ഒരുക്കുന്നതാണ് ഇത്. ഇങ്ങനെ തിരുവനന്തപുരത്ത് എത്തേണ്ടി വരുന്ന ഉദ്യോഗസ്ഥർക്ക് അതിനാവശ്യമായ അവധി ഡ്യൂട്ടിയായി പരിഗണിച്ച് നൽകണമെന്നും എഡിജിപിയുടെ സർക്കുലർ പറയുന്നു. ഇതും താരതമ്യേന ആശ്വാസകരമാണ് നിലവിലെ സാഹചര്യത്തിൽ പോലീസുകാർക്ക്.

ALSO READ: പോലീസ് ആത്മഹത്യകളുടെ കണക്കിതാ; ആഭ്യന്തരവകുപ്പ് ഇടപെടുന്നു

അതേസമയം അവധി ചോദിക്കുന്ന പോലീസുകാരും മേലുദ്യോഗസ്ഥരും തമ്മിൽ പോലീസ് സ്റ്റേഷനിൽ പരസ്യ തെറിവിളി നടക്കുകയും അതെല്ലാം വീഡിയോ റെക്കോർഡുകളായി പുറത്തുവരികയും ചെയ്തിട്ടും ഗുണകരമായൊന്നും സംഭവിക്കാത്ത നിലവിലെ സാഹചര്യത്തിൽ ഈ നിർദേശങ്ങളുടെ പ്രായോഗികതയിൽ പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. എങ്കിലും പോലീസുകാരുടെ മാനസികനില കണക്കിലെടുത്ത് ഇത്തരം നിർദേശങ്ങൾ ഉണ്ടാകുന്നു എന്നത് തന്നെ പോലീസിനെ സംബന്ധിച്ച് പോസിറ്റീവാണ് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top