സപ്ലൈകോയെ മറയാക്കി കോടികളുടെ തട്ടിപ്പ് നടത്തിയ സംഘത്തിന് രാഷ്ട്രീയ പിന്തുണയെന്ന് സൂചന; മുഖ്യപ്രതി മുൻ ഭക്ഷ്യമന്ത്രിയുടെ സ്റ്റാഫ്; മുൻപും തട്ടിപ്പുകേസുകൾ
സപ്ലൈകോയുടെ പേരിൽ വ്യാജ കമ്പനിയുണ്ടാക്കി എട്ടുകോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ സംഘത്തിന് ഉന്നതതല രാഷ്ട്രീയ പിന്തുണയെന്ന് സൂചന. ആദ്യ പിണറായി സർക്കാരിൽ ഭക്ഷ്യമന്ത്രി ആയിരുന്ന പി.തിലോത്തമൻ്റെ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന സതീഷ് ചന്ദ്രൻ ആണ് സംഘത്തിലെ പ്രധാനി. ഇയാൾ മുൻപ് കൊച്ചി കടവന്ത്രയിലെ സപ്ലൈകോ ആസ്ഥാനത്ത് അസിസ്റ്റൻ്റ് മാനേജർ ആയിരുന്നു. സപ്ലൈകോയുടെ വ്യാജ ലെറ്റർപാഡ് ഉപയോഗിച്ചതിന് പുറമെ, സപ്ലൈകോയുടെ ജിഎസ്ടി നമ്പറും ഇ-മെയിൽ അഡ്രസും തട്ടിപ്പിന് ഉപയോഗിച്ചതായി സപ്ലൈകോ വിജിലൻസ് എസ്പി ജോസഫ് സാജു നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ നൽകിയ പരാതിയിലാണ് എറണാകുളം കടവന്ത്ര പോലീസ് കേസ് റജിസ്റ്റർ ചെയ്ത് സതീഷ് ചന്ദ്രനെ അറസ്റ്റുചെയ്തത്.
7.79 കോടിയുടെ മഞ്ഞ ചോളം വാങ്ങിയതിൻ്റെ പണം മുഴുവനായി കിട്ടിയിട്ടില്ല എന്ന് പരാതിപ്പെട്ട് ഈ മാസം 17ന് മുംബൈയിലെ ജീവ് ലൈഫ് സ്റ്റൈൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി സപ്ലൈകോയെ ബന്ധപ്പെട്ടതോടെയാണ് തട്ടിപ്പിൻ്റെ ആദ്യസൂചന കിട്ടുന്നത്. ചോളം ഇന്നേവരെ സപ്ലൈകോ വാങ്ങിയിട്ടില്ല എന്നതിനാൽ തട്ടിപ്പ് ആണെന്ന് ഉറപ്പിച്ച് പ്രാഥമിക അന്വേഷണം തുടങ്ങി. ആദ്യഗഡു എന്ന് പറഞ്ഞ് 3.61 കോടി മാത്രമാണ് ജീവ് ലൈഫിന് കിട്ടിയത്. ഇത് അയച്ചത് കൊച്ചി കടവന്ത്രയിലെ ഗ്രാമീൺ ബാങ്കിൻ്റെ അക്കൗണ്ടിൽ നിന്നാണെന്ന് കണ്ടെത്തിയ ശേഷം വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് സതീഷ് ചന്ദ്രൻ്റെ പങ്ക് തിരിച്ചറിയുന്നത്.
സപ്ലൈകോ അഗ്രി കമ്മോഡിറ്റീസ് ലിമിറ്റഡ് എന്ന പേരിലുള്ള കമ്പനിയുടെ കറൻ്റ് അക്കൗണ്ടിൽ നിന്നാണ് തുക പോയത്. ഇതിൻ്റെ നടത്തിപ്പുകാരൻ ആണ് സതീഷ് ചന്ദ്രൻ. സപ്ലൈകോയുടെ പേര് ഉപയോഗിച്ച് മറ്റൊരു കമ്പനി ഉണ്ടാക്കി എന്നു മാത്രമല്ല, ഈ കമ്പനിയുടെ പേരിൽ ലെറ്റർ പാഡ് ഉണ്ടാക്കിയാണ് മുംബൈ കമ്പനിക്ക് പർച്ചേസ് ഓർഡർ നൽകിയിരിക്കുന്നത്. ഇതിനെല്ലാം പുറമെ mtbp@supplycomail.com എന്ന സപ്ലൈകോയുടെ തന്നെ പഴയ ഇ-മെയിൽ അഡ്രസ് ആണ് തട്ടിപ്പിന് ഉപയോഗിച്ചത്. രണ്ടുവർഷമായി സപ്ലൈകോയിൽ ആരും ഈ അഡ്രസ് ഉപയോഗിച്ചിട്ടില്ല. എന്നാൽ ഇ-മെയിലിൻ്റെ ഐപി അഡ്രസ് കേരളത്തിന് പുറത്ത് നിന്നുള്ളതാണ്. ഏറ്റവും ഗുരുതരമായ വസ്തുത, സപ്ലൈകോയുടെ ജിഎസ്ടി നമ്പറാണ് ഈ തട്ടിപ്പിന് സതീഷ് ചന്ദ്രൻ്റെ കമ്പനി ഉപയോഗിച്ചിരിക്കുന്നത് എന്നതാണ്.
സപ്ലൈകോയിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ ആയാണ് സതീഷ് ചന്ദ്രൻ ജോലിയിൽ പ്രവേശിച്ചത്. എന്നാൽ പിന്നീട് ഇന്ദിരാഗാന്ധി ഓപ്പൺ സർവകലാശാലയിൽ നിന്ന് എംബിഎ നേടിയെന്ന് കാണിച്ച് പേഴ്സണൽ ഓഫീസർ തസ്തികയിൽ ജോലി തരപ്പെടുത്തി. ഇതിനെ പിന്നീട് പുനർനാമകരണം ചെയ്ത് എച്ച്ആർ അസിസ്റ്റൻ്റ് മാനേജർ എന്ന പോസ്റ്റാക്കി. എന്നാൽ യഥാർത്ഥത്തിൽ ഇയാൾക്ക് എംബിഎ ഇല്ലെന്ന് ആക്ഷേപങ്ങൾ ഉയർന്നതിനെ തുടർന്ന് അന്വേഷണം നടത്തി നടപടിയെടുക്കാൻ അന്നത്തെ എംഡി ആശാ തോമസ് ശ്രമിച്ചിരുന്നു. അപ്പോഴേക്ക് ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്തിയുടെ സ്റ്റാഫിലേക്ക് രാഷ്ട്രീയ നിയമനം നേടിയ സതീഷ് ചന്ദ്രൻ പല മാർഗങ്ങളിലൂടെ ഇതിന് തടയിട്ടു. തനിക്കെതിരെ നടപടിക്ക് മുതിർന്ന ഉന്നത ഉദ്യോഗസ്ഥരെ ഉപദ്രവിക്കാൻ മന്തിയുടെ ഓഫീസിലിരുന്ന് ചില ശ്രമങ്ങൾ നടത്തിയതായും ആരോപണമുണ്ട്.
കഴിഞ്ഞ വർഷം കൊച്ചി സൗത്ത് പോലീസ് രജിസ്റ്റർ ചെയ്ത തൊഴിൽ തട്ടിപ്പ് കേസിൽ സതീഷ് ചന്ദ്രൻ അറസ്റ്റിലായിരുന്നു. സംസ്ഥാന സർക്കാരിന് കീഴിലെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി പണം കൈപ്പറ്റി എന്നതായിരുന്നു കുറ്റം. ഇയാളെ കൂടാതെ മറ്റു മൂന്നുപേരും ഈ കേസിൽ പ്രതികളായിരുന്നു. മാന്നാർ, ആലുവ തുടങ്ങിയ സ്റ്റേഷനുകളിലും ഈ സംഘത്തിനെതിരെ സമാന കേസുകളുണ്ട്. ഇവർ ജോലി വാഗ്ദാനം ചെയ്തിരുന്നതിൽ ഏറെയും സിവിൽ സപ്ലൈസ് കോർപ്പറേഷൻ, കാംകോ തുടങ്ങി സിപിഐ മന്ത്രിമാർ ഭരിക്കുന്ന വകുപ്പുകൾക്ക് കീഴിലെ കമ്പനികളിലായിരുന്നു എന്നതാണ് ശ്രദ്ധേയം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here