തണ്ണിമത്തന്‍ വാങ്ങുമ്പോള്‍ സൂക്ഷിക്കുക; മായം കലര്‍ന്ന 2000 കിലോ ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്തു

ചൂടിനെ ചെറുക്കാന്‍ തണ്ണി മത്തന്‍ (Watermelon) കഴിച്ച് ശരീരം തണുപ്പിക്കണം എന്നൊക്കെ സാധാരണയായി നമ്മള്‍ പറയാറുണ്ട്. എന്നാൽ ഇപ്പോൾ നല്ല നിറവും തൂക്കവും കൂട്ടാന്‍ തണ്ണിമത്തനില്‍ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ക്കുന്നതായി കണ്ടെത്തിയിരിക്കുകയാണ് തമിഴ്നാട്ടിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് (Food Safety and Standards Authority of India -FSSAI). ഇതിലേറിയ പങ്കും കേരളത്തിലേക്ക് അയക്കാൻ തയ്യാറാക്കി വച്ചിരുന്നതാകാം എന്നതാണ് മലയാളികൾക്ക് ഏറ്റവും ആശങ്ക ഉണ്ടാക്കുന്നത്. മായം കലര്‍ത്തിയ 2000 കിലോ തണ്ണി മത്തന്‍ ആണ് ഇക്കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ നിന്ന് പിടിച്ചെടുത്ത് നശിപ്പിച്ചത്.

കൃഷിക്കാര്‍ രാസമാലിന്യങ്ങള്‍ തണ്ണിമത്തന്‍ വിളയുന്നതിന് മുമ്പായി സിറിഞ്ച് ഉപയോഗിച്ച് ഉള്ളിലേക്ക് കുത്തിവെക്കുന്നത് യുട്യൂബ് ചാനലുകളില്‍ വന്നതോടെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് രംഗത്തിറങ്ങിയത്. തണ്ണിമത്തനുള്ളില്‍ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്തിട്ടുണ്ടോ എന്നറിയാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് കോട്ടണ്‍ ബോള്‍ ടെസ്റ്റ് എന്നൊരു വിദ്യയാണ് സാധാരണയായി പ്രയോഗിക്കുന്നത്. കച്ചവടക്കാര്‍ വില്‍പ്പനയ്ക്കു മുമ്പായി സസൂഷ്മം പരിശോധനകള്‍ നടത്തണമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തണ്ണിമത്തന്‍ മുറിച്ചെടുത്ത് കുറച്ച് പഞ്ഞി ഉപയോഗിച്ച് അതില്‍ മെല്ലെ ഉരസുമ്പോള്‍ പഞ്ഞിയില്‍ ചുവപ്പ് നിറം പിടിച്ചാല്‍ അത് മായം കലര്‍ത്തിയതാണെന്ന് വ്യക്തമാകും. മായം ചേര്‍ക്കാത്ത തണ്ണി മത്തനില്‍ പഞ്ഞി വെച്ച് ഉരസിയാല്‍ നിറം പിടിക്കില്ല. അത് പോലെ തന്നെ തണ്ണി മത്തന്‍ കഷണങ്ങള്‍ മുറിച്ച് വെള്ളത്തിലിട്ടു മായം കലര്‍ത്തിയതാണോ എന്നറിയാന്‍ കഴിയും. മായം ചേര്‍ത്തതാണെങ്കില്‍ നിമിഷ നേരത്തിനുള്ളില്‍ ചുവപ്പ് കലര്‍ന്ന രാസമാലിന്യം വെള്ളത്തില്‍ പടരും.

ഭക്ഷ്യവസ്തുക്കളിലെ മായം ചേര്‍ക്കല്‍ പരിശോധിക്കുന്നത് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) അവരുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വിശദീകരിച്ചിട്ടുണ്ട്. തണ്ണിമത്തനില്‍ മായം ചേര്‍ത്തിട്ടുണ്ടോ എന്ന് മനസിലാക്കാൻ വഴികൾ വിശദീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ വീഡിയോയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മധുരം കൂട്ടാനും, നിറം കിട്ടാനും ദീര്‍ഘകാലം കേടുകൂടാതെ ഇരിക്കാനുമാണ് രാസപദാര്‍ത്ഥങ്ങള്‍ തണ്ണിമത്തനുള്ളിലേക്ക് കുത്തിവയ്ക്കുന്നത്. കൂടുതല്‍ ചുവന്ന നിറം കിട്ടാനായി എറിത്രോസിന്‍ ബി (Erythrosine -B) എന്ന ഫുഡ് ഡൈയാണ് കുത്തിക്കയറ്റുന്നത്. ഈ രാസപദാര്‍ത്ഥം ശരീരത്തിനുള്ളില്‍ ചെന്നാല്‍ വയറിളക്കം, ഓക്കാനം ഛര്‍ദ്ദില്‍, കഠിനമായ വയറ് വേദന, ചൊറിച്ചില്‍, തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ വരാനിടയുണ്ട്. വന്ധ്യതയ്ക്കും കാരണമായേക്കാം.

കടയില്‍ നിന്നും എങ്ങനെ നല്ല തണ്ണിമത്തന്‍ നോക്കിവാങ്ങാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇവ പാലിക്കാന്‍ ശ്രദ്ധിക്കണം. കാശ് കൊടുത്ത് രോഗങ്ങള്‍ വിലയ്ക്കു വാങ്ങാതിരിക്കാന്‍ സൂക്ഷിക്കുക.

  • വൃത്താകൃതിയിലുള്ള തണ്ണിമത്തന്‍ നോക്കി വാങ്ങുക. നീളമേറിയവയ്ക്ക് രുചി ഉണ്ടാവില്ല.
  • പഴുത്ത തണ്ണിമത്തന്റെ പുറം തൊലിയില്‍ എപ്പോഴും മഞ്ഞയോ ഓറഞ്ച് നിറമോ ഉള്ള ചെറിയ ഒരു ഭാഗം കാണാം. വെള്ള നിറമുള്ള സ്‌പോട്ടുകള്‍ ഉണ്ടെങ്കില്‍ മൂക്കാത്ത തണ്ണിമത്തനാണ് എന്നാണര്‍ത്ഥം.
  • കൂടുതല്‍ തിളക്കമുള്ള പുറംതൊലി, മൂക്കാത്ത തണ്ണിമത്തനാണ് ഉണ്ടാവുക. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നമ്മള്‍ അപകടത്തിലാവുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top