എമര്‍ജന്‍സി ലാൻഡിംഗിൽ ചിറകിലൂടെ ഇന്ധനം ഒഴുക്കികളയുന്നത് എന്തിന്; അല്ലെങ്കില്‍ വിമാനത്തിന് എന്തു സംഭവിക്കും; അറിയേണ്ടതെല്ലാം

ഇന്ത്യൻ വിമാന കമ്പനികളുടെ സർവീസുകൾക്ക് തുടർച്ചയായി ബോംബ് ഭീഷണികൾ ലഭിക്കുന്നത് തുടർക്കഥയാവുകയാണ്.എയർ ഇന്ത്യ, അകാശ എയർ, ഇൻഡിഗോ തുടങ്ങിയ വിമാന കമ്പനികളുടെ സർവീസുകൾക്ക് ഒരാഴ്ചക്കിടയിൽ എഴുപതിന് മുകളിൽ ഭീഷണി സന്ദേശങ്ങളാണ് ലഭിച്ചിരുന്നത്. വിമാനങ്ങൾ പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് മിക്ക ഭീഷണി സന്ദേശങ്ങളും ലഭിച്ചിരിക്കുന്നത്. അതിനാൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വിമാനംപുറപ്പെട്ട സ്ഥത്തോ തൊട്ടടുത്ത മറ്റൊരു സ്ഥലത്തോ അടിയന്തിര ലാൻഡിംഗ് ആവശ്യമായി വരുന്നു. വിമാനത്തിൽ നിറച്ചിരിക്കുന്ന ഇന്ധനം പൂർണമായും കത്തിച്ചു കളയോ പുറംതള്ളുകയോ ചെയ്ത ശേഷമാണ് അപ്രതീക്ഷിതമായ ലാൻഡിംഗ് നടത്തുന്നത്. വിമാനത്തിൻ്റെ ഭാരം കുറക്കുന്നതിനായി അടിയന്തിര ലാൻഡിംഗ് നടത്തുന്നതിന് മുമ്പായി സ്വീകരിക്കുന്ന ഈ നടപടിക്രത്തെ ഫ്യൂവൽ ഡംപിംഗ് ( Fuel dumping ) അഥവാ ഫ്യൂവൽ ജെറ്റിസൺ ( Fuel jettison ) എന്നാണ് പറയാറുള്ളത്.

വൻ സാമ്പത്തിക നഷ്ടമാണ് വിമാന കമ്പനികൾക്ക് ഇന്ധനം ഇങ്ങനെ പാഴാക്കി കളയുന്നതിലൂടെ ഉണ്ടാകുന്നത്. ഇന്ധനവിലയുമായി താരതമ്യം ചെയ്താൽ അടിയന്തിര ലാൻഡിംഗിന് ഇന്ധനം വെറുതേ കളയുന്നത് മണ്ടത്തരമായി പലർക്കും തോന്നിയേക്കാം. എന്നാൽ ഏറ്റവും സുരക്ഷിതമായ ലാൻഡിംഗ് ഉറപ്പാക്കാൻ ഈ നടപടി അനിവാര്യമാണ്. കാരണം ടേക്ക് ഓഫിനും ലാൻഡിംഗിനും വ്യത്യസ്തമായി ഭാരം നിശ്ചയിച്ചാണ് വിമാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഭാരമേറിയ വിമാനങ്ങൾ നിലത്തിറങ്ങുമ്പോൾ അപകടങ്ങൾ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ അനുവദിച്ചിരിക്കുന്ന പരമാവധി ലാൻഡിംഗ് ഭാരം പരമാവധി ടേക്ക് ഓഫ് ഭാരത്തേക്കാൾ കുറവാണ് എന്നതാണ് ഇതിനു പിന്നിലെ പ്രധാന വസ്തുത.

വ്യോമയാന മേഖലയിൽ കമ്പനികൾ സുരക്ഷക്കാണ് പ്രധാന്യം നൽകുന്നത്. അതിനാലാണ് ഭീമമായ സാമ്പത്തിക നഷ്ടം കണക്കാക്കാതെ അടിയന്തിര ലാൻഡിംഗിന് മുമ്പ് ഫ്യൂവൽ ഡംപിംഗ് നടത്തുന്നത്. വിമാനം പറന്നുയർന്ന ഉടൻ തന്നെ ഭീഷണികളോ സാങ്കേതിക തകരാറുകള്‍ മൂലമോ ആസൂത്രിതമല്ലാത്ത ലാൻഡിംഗ് ആവശ്യമായി വരുമ്പോഴാണ് വിമാനത്തിൻ്റെ ഭാരം വേഗത്തിൽ കുറയ്ക്കേണ്ട അവസ്ഥ ഉണ്ടാകുന്നത്. ദീർഘദൂര വിമാനങ്ങൾ പലപ്പോഴും 5,000 ഗാലൻ വരെ വലിയ അളവിൽ ഇന്ധനം നിറച്ചാണ് പുറപ്പെടുന്നത്. ഇത് മൂന്ന് ആനകളുടെ ഭാരത്തിന് തുല്യമാണ്. വിമാനം ഓടിച്ച് പൂർണമായും ഇന്ധനം കത്തിച്ചു കളയുകയല്ല ഈ പ്രക്രീയയിലൂടെ ചെയ്യുന്നത്. പറക്കുന്ന സമയത്ത് വിമാനത്തിൻ്റെ ചിറകുകളിലൂടെ അധിക ഇന്ധനം പുറത്തുവിടുകയാണ് ചെയുന്നത്. ഇത്തരത്തിൽ പുറംതള്ളുന്ന ഇന്ധനം അന്തരീക്ഷത്തിൽ ബാഷ്പീകരിക്കപ്പെടുകയും ചെയ്യുന്നു.

ഫ്യുവൽ ജെറ്റിസൺ സംവിധാനങ്ങളുള്ള ആധുനിക വിമാനങ്ങൾക്ക് ചിറകുകളിലൂടെ സെക്കൻഡിൽ ആയിരക്കണക്കിന് ലിറ്റർ ഇന്ധനം പുറംതള്ളാൻ കഴിയും. ഇങ്ങനെ ഇന്ധനം ഒഴിവാക്കാനാണ് അടിയന്തിര ലാൻഡിംഗ് നടത്തുന്ന സ്ഥലത്തിന് സമീപം വിമാനം പെട്ടന്ന് നിലത്തിറക്കാതെ വട്ടമിട്ട് പറന്നു കൊണ്ടിരിക്കുന്നത്. ദീർഘദൂര വിമാനങ്ങൾ പലതും വഴിതിരിച്ചുവിട്ട ശേഷമാണ് അടിയന്തിര ലാൻഡിംഗ് നടത്തുന്നത്. കഴിഞ്ഞയാഴ്ച മുംബൈയിൽ നിന്ന് അമേരിക്കയിലെ ജെഎഫ്കെ വിമാനത്താവളത്തിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ ബോയിംഗ് 777 വിമാനം ഡൽഹിയിലേക്ക് വഴി തിരിച്ചുവിട്ടാണ് അടിയന്തിര ലാൻഡിംഗ് നടത്തിയത്. ഈ ദൂരത്തിനിടയിൽ നിറച്ചിരിക്കുന്ന ഇന്ധനം പൂർണമായും ഫ്യുവൽ ഡംപിംഗ് വഴി പുറംതള്ളാനും കഴിയും.

സാധാരണ 6,000 അടിയിൽ കൂടുതൽ ഉയരത്തിലാണ് ഇങ്ങനെ ഇന്ധനം പുറംതള്ളുന്നത്. ഈ ഉയരത്തിൽ ഫ്യുവൽ ജെറ്റിസൺ പ്രക്രീയ നടത്തുന്നതിനാൽ ഭൂരിഭാഗവും ഇന്ധനവും അന്തരീക്ഷത്തിന് ദോഷകരമായ രീതിയിൽ ബാധിക്കാതെ നിലത്ത് എത്താതെ ബാഷ്പീകരിക്കപ്പെടും. ഇത് ഇന്ധനം പുറതള്ളുന്ന പ്രക്രിയ വഴിയുണ്ടാകുന്ന പരിസ്ഥിതി ആഘാതം കുറയ്ക്കാൻ സഹായിക്കുന്നു. എല്ലാ വിമാനങ്ങൾക്കും ഇന്ധനം ഇത്തരത്തിൽ കഴിവില്ല എന്നതും മറ്റൊരു വസ്തുതയാണ്.

ബോയിംഗ് 737,എയർബസ് എ 320 പോലെയുള്ള ചെറുതും ഇടത്തരം വലിപ്പവുമുള്ള വിമാനങ്ങൾക്ക് അടിയന്തിര ലാൻഡിംഗിന് ഫ്യുവൽ ഡംപിഗിൻ്റെ ആവശ്യമില്ല. പരമാവധി ടേക്ക് ഓഫ് ഭാരത്തിൽ തന്നെ ലാൻഡ് ചെയ്യാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഈ വിമാനങ്ങൾ. വലിയ വലിപ്പമുള്ള വിമാനങ്ങളായ ബോയിംഗ് 777, 747 എന്നിവ ടേക്ക് ഓഫിനും ലാൻഡിംഗും വ്യത്യസ്തമായ ഭാരം നിശ്ചയിച്ച് രൂപകൽപ്പന ചെയ്തവയാണ്. അതിനാലാണ് ഈ വിമാനങ്ങളിൽ അടിയന്തിര ലാൻഡിംഗ് നടത്തുന്നതിന് വേണ്ടി ഫ്യുവൽ ജെറ്റിസൺ സംവിധാനം ഒരുക്കിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top