അബ്ദുൾ റഹീമിന് ദയാധനമായി; നാട് കൈകോര്‍ത്തപ്പോള്‍ ലഭിച്ചത് 34 കോടി; മോചനത്തിന് വഴിയൊരുങ്ങിയതോടെ നാട്ടില്‍ ആഹ്ലാദം

കോഴിക്കോട്: നാട് ധനസമാഹരണത്തിനായി കൈകോര്‍ത്തപ്പോള്‍ കോഴിക്കോട് സ്വദേശിക്ക് തിരികെ ലഭിച്ചത് സ്വന്തം ജീവന്‍. സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനത്തിനായുള്ള ദയാധനം ലക്ഷ്യത്തിലെത്തി. നിശ്ചയിച്ചതിലും രണ്ടു ദിവസം മുമ്പ് 34 കോടി രൂപയാണ് ലഭിച്ചത്. 18 വർഷമായി ജയിലിലാണ് അബ്ദുൾ റഹീം. മോചിപ്പിക്കാനായി സമാഹരിച്ച തുക ഇന്ത്യൻ എംബസി വഴി സൗദി കുടുംബത്തിന് നൽകും.

അബ്ദുൾ ഹക്കീമിന്റെ മോചനത്തിനായി ആരംഭിച്ച ട്രസ്റ്റ് വഴിയായിരുന്നു പ്രധാന ധനസമാഹരണം. 31,93,46,568 രൂപ ബാങ്കിലെത്തി. 2.52 കോടി രൂപ പണമായി നേരിട്ട് വീട്ടിലെത്തി. ഇത് പ്രകാരം 34,45,46,568 രൂപ ലഭിച്ചു. ബോബി ചെമ്മണ്ണൂ‍രും മോചനത്തിന് മുന്നിട്ടിറങ്ങിയിരുന്നു. അദ്ദേഹം നൽകിയ ഒരു കോടി അടക്കമാണ് ഈ തുകയിലേക്ക് എത്തിയതെന്ന് ധനസഹായ സമിതി ഭാരവാഹികൾ വ്യക്തമാക്കി.

ഫറോക്ക് കോടമ്പുഴ സ്വദേശിയാണ് അബ്ദുൽ റഹീം. തലക്ക് താഴെ ചലന ശേഷി നഷ്ടപ്പെട്ട സ്പോണ്‍സറുടെ മകന്‍ ഫായിസിനെ പരിചരിക്കുന്ന ജോലിയാണ് ചെയ്തത്. ഫായിസിന് ഭക്ഷണവും വെള്ളവുമടക്കം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു. ഇതെല്ലാം ചെയ്തത് അബ്ദുൽ റഹീമായിരുന്നു. 2006 ഡിസംബര്‍ 24നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.

കാറില്‍ കൊണ്ടുപോകുന്നതിനിടയില്‍ അബ്ദുല്‍ റഹീമിന്റെ കൈ അബദ്ധത്തില്‍ കുട്ടിയുടെ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ തട്ടി. ബോധരഹിതനായ ഫായിസ് പിന്നീട് മരിച്ചു. സംഭവത്തെ തുടര്‍ന്ന് കൊലപാതക കുറ്റം ചുമത്തി റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്തു. റിയാദിലെ കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. അപ്പീല്‍ കോടതികളും വധശിക്ഷ ശരിവെച്ചിരുന്നു. തുടര്‍ന്നാണ് കുടുംബത്തെ ബന്ധപ്പെട്ട് ദയാധനം നല്‍കാനുള്ള നടപടി തുടങ്ങിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top