ഭീകര പ്രവർത്തകർക്കും പണം നൽകി? വീണാ വിജയന്‍- സിഎംആർഎല്‍ മാസപ്പടിക്കേസിൽ ട്വിസ്റ്റ്
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനും കരിമണൽ കമ്പനിയായ സിഎംആർഎല്ലുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ അന്വേഷണം പൂർത്തിയായതായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ). ഭീകരപ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നവർക്കും സിഎംആർഎൽ പണം നല്‍കിയെന്ന സംശയമുണ്ടെന്ന് ഡൽഹി ഹൈക്കോടതിയെ അന്വേഷണ ഏജൻസി അറിയിച്ചു. അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്നും എസ്എഫ്ഐഒ വ്യക്തമായി.
ഒരു രാഷ്ട്രീയ നേതാവിന് കൈക്കൂലി നൽകിയതുമായി ബന്ധപ്പെട്ട കാര്യങ്ങളും അനേഷിക്കുകയാണ്. കാലിതീറ്റ കുംഭകോണ കേസിലെ പോലെയാണ് വ്യാജ ബില്ലുകളുടെ അടിസ്ഥാനത്തിൽ പണം നല്കിയതെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അന്വേഷണ ഏജൻസി പറഞ്ഞു. ഈ മാസം 23 ന് വീണ്ടും കേസ് പരിഗണിക്കും. മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിനെതിരെ സിഎംആർഎല്ലാണ് ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.
ചെയ്യാത്ത സേവനത്തിന്റെ പേരിൽ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് സിഎംആർഎൽ പണം നൽകിയെന്ന കേസിലാണ് അന്വേഷണം നടക്കുന്നത്. ധാതു മണല്‍ ഖനനത്തിനായി കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലിനു അനുമതി നല്‍കിയതിനു പ്രതിഫലമായി 1.72 കോടിരൂപ മാസപ്പടി നല്‍കിയെന്നാണ് ആരോപണം. പലവട്ടം വീണയുടെ മൊഴിയെടുത്തിട്ടുണ്ട്. ഈ വർഷം ജനുവരിയിലാണ് കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയം എസ്എഫ്‌ഐഒ അന്വേഷണം പ്രഖ്യാപിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here