ഉന്നത വിദ്യാഭ്യാസം മോദി സര്‍ക്കാരിന് പ്രധാനമല്ല; യുജിസി ഫണ്ടടക്കം ബജറ്റില്‍ വെട്ടിക്കുറച്ചു, യൂണിവേഴ്‌സിറ്റികളുടെ പ്രവര്‍ത്തനത്തെ ബാധിക്കും

തിരുവനന്തപുരം: ഇടക്കാല ബജറ്റിൽ ഉന്നത വിദ്യാഭ്യാസത്തിനുള്ള തുക വലിയതോതിലാണ് വെട്ടിക്കുറച്ചത്. ഇത് രാജ്യത്തെ സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ (യുജിസി) ഫണ്ടും പകുതിയായി വെട്ടികുറച്ചിട്ടുണ്ട്. ഗവേഷണങ്ങള്‍ ഉള്‍പ്പെടെ താളംതെറ്റാന്‍ ഇത് കാരണമാകും.

തിരഞ്ഞെടുപ്പിന് മുന്നോടിയായി അവതരിപ്പിച്ച ഇടക്കാല ബജറ്റ് പൊതുവെ ജനപ്രിയമല്ലെന്ന വാദങ്ങൾ നിലനിൽക്കുമ്പോഴാണ് വിദ്യാഭ്യാസത്തിനുള്ള തുകയിലും വൻ കുറവ് കാണുന്നത്. ഉന്നത വിദ്യാഭ്യാസത്തിന് 47,619 കോടിയാണ് അനുവദിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബജറ്റിനേക്കാൾ 9600 കോടി രൂപയുടെ കുറവാണ് ഇത്തവണ ഉണ്ടായത്. യുജിസിക്ക് അനുവദിച്ച ഫണ്ട് 2500 കോടി മാത്രമാണ് കഴിഞ്ഞ ബജറ്റിൽ ഇത് 6409 കോടി രൂപയാണ്. 60 ശതമാനത്തോളം കുറവാണ് വരുത്തിയത്. ഇതോടെ യുജിസി ഗ്രാന്റ്‌സുകൾ പിൻവലിക്കേണ്ട സ്ഥിതിയാണ്. ഗ്രാന്റുകൾ നിർത്തലാക്കിയാൽ കൂടുതൽ സെൽഫ് ഫിനാൻസിങ് കോഴ്സുകൾ തുടങ്ങാൻ സർവ്വകലാശാലകൾ നിർബന്ധിതരാകും. സാധാരണ വിദ്യാർത്ഥികൾക്ക് ഇത് അധിക ബാധ്യതയാണ്. ‘ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് ജിഡിപിയുടെ ആറു ശതമാനം വിദ്യാഭ്യാസത്തിന് മാറ്റി വയ്ക്കണമെന്നാണ്. അതിൽ മൂന്ന് ശതമാനം ഗവേഷണത്തിനും. വിദ്യാഭ്യാസത്തിന് ബജറ്റിൽ തുക വെട്ടികുറച്ചാൽ വിദ്യാഭ്യാസ നയത്തെ പ്രതികൂലമായി ബാധിക്കും. ഈ മേഖലക്കുള്ള ഫണ്ട് കൂട്ടുകയാണ് കുറയ്ക്കുകയല്ല വേണ്ടത്’; കേരള സെൻട്രൽ യൂണിവേഴ്സിറ്റി മുൻ വിസി ഡോ.ജി.ഗോപകുമാർ മാധ്യമ സിൻഡിക്കറ്റിനൊട് പറഞ്ഞു.

ബിരുദങ്ങൾ നാല് വർഷമാക്കാൻ സർവ്വകലാശാലകൾ ഒരുങ്ങുന്ന ഘട്ടത്തിലാണ് പെട്ടന്നുള്ള ഈ സാമ്പത്തിക വെട്ടിക്കുറയ്ക്കൽ. ഐഐടി, ഐഐഎം എന്നിവയ്ക്കുള്ള ഫണ്ടുകളിലും വലിയതോതിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ എൻഐടി, ഐഐഇഎസ്ടി തുടങ്ങിയവയ്ക്ക് കൂടുതൽ തുക അനുവദിച്ചിട്ടുണ്ട്. അതേസമയം സ്കൂൾ വിദ്യാഭ്യാസത്തിനുള്ള തുകയിൽ നേരിയ വർധനയുണ്ട്. 73,008 കോടി രൂപയാണ് സ്കൂൾ വിദ്യാഭ്യാസത്തിന് ഇടക്കാല ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 0.73ശതമാനം വർധനയാണിത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top