അഴിമതിക്കെതിരെ പോരാടിയ ആപ്പ് അഴിക്കുള്ളിൽ; കേജ്‌രിവാളിന് തിരിച്ചുവരവ് ഉണ്ടാകുമോ? വ്യക്തികേന്ദ്രീകൃത പാർട്ടിയുടെ ഭാവി തുലാസിലെന്ന് വിദഗ്ധർ

ഡൽഹി: ശതകോടികളുടെ കുംഭകോണങ്ങളായ ടുജി സ്പെക്ട്രം, 3ജി, കൽക്കരി, ഹെലികോപ്റ്റർ ഇടപാട്, ടെട്രാ ട്രക്കിടപാട്, കോമൺവെൽത്ത് അഴിമതി, ആദർശ് ഹൗസിംഗ് കുംഭകോണം, ഐ പി എൽ കോഴ, സത്യം തട്ടിപ്പ്… രണ്ടാം യുപിഎ സർക്കാരിൻ്റെ കാലത്ത് പുറത്തുവന്ന അഴിമതിയിടപാടുകൾ സർക്കാരിൻ്റെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെയും അടിവേര് തോണ്ടാൻ പോന്നതായിരുന്നു. 10 വർഷത്തെ മൻമോഹൻ സിംഗ് സർക്കാർ തീവെട്ടിക്കൊള്ളക്കാരുടെ സംഘമാണെന്ന പ്രതീതി ജനിപ്പിക്കാൻ ആർഎസ്‌എസിനും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങൾക്കും കഴിഞ്ഞു എന്നുള്ളിടത്താണ് ബിജെപി നേട്ടമുണ്ടാക്കിയത്. ഒപ്പം ഈ വഴിക്ക് തന്നെയായിരുന്നു ആപ്പിൻ്റെ പിറവിയും.

വളരെ കൃത്യമായ അജണ്ടകളുടെ അടിസ്ഥാനത്തിൽ ഒരു അഴിമതി വിരുദ്ധ ക്യാമ്പയിന് രൂപം കൊടുക്കുകയാണ് സംഘപരിവാർ ഈ ഘട്ടത്തിൽ ചെയ്തത്. ആർഎസ്എസോ അവരുമായി നേരിട്ട് ബന്ധമുള്ളവരോ പരസ്യമായി രംഗത്തുവരാതെ പൊതുമണ്ഡലത്തിൽ സ്വീകാര്യതയുള്ള ഒരുപറ്റം പേരെ മുന്നിൽ നിർത്തി അഴിമതി വിരുദ്ധ പ്രചരണത്തിന് ആഹ്വാനം ചെയ്തു. അങ്ങനെ സംഘപരിവാറിൻ്റെ ആഹ്വാന പ്രകാരം അഴിമതിവിരുദ്ധ മിശിഹയായി അവതരിച്ച അരവിന്ദ് കേജ്‌രിവാള്‍ ആണ് ഇപ്പോൾ അഴിമതിക്കേസിൽ അകത്തായിരിക്കുന്നത്. അതെ, ഉച്ചിക്കുവച്ച കൈകൊണ്ട് ഉദകക്രിയയും എന്ന സ്ഥിതിയിലാണ് ഇപ്പോൾ ആംആദ്മിയും ബിജെപിയും തമ്മിലുള്ള ബന്ധം എത്തിനിൽക്കുന്നത്.

2011ൽ ആർഎസ്എസ് ബന്ധമുള്ള വിവേകാനന്ദ ഫൗണ്ടേഷൻ കള്ളപ്പണ വ്യാപനത്തെക്കുറിച്ച് ഡൽഹിയിൽ ഒരു സെമിനാർ സംഘടിപ്പിക്കുന്നു. ഇപ്പോഴത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ആർഎസ്എസ് നേതാക്കളായ എസ് ഗുരുമൂർത്തി, കെഎൻ ഗോവിന്ദാചാര്യ, ആൾദൈവം ബാബാ രാംദേവ്, ഗാന്ധിയനെന്ന് അവകാശപ്പെടുന്ന അണ്ണാ ഹസാരെ, അരവിന്ദ് കേജ്‌രിവാള്‍, മുൻ കേന്ദ്രമന്ത്രി ശാന്തി ഭൂഷൺ, പ്രശാന്ത് ഭുഷൺ, കിരൺ ബേദി തുടങ്ങിയവരായിരുന്നു അജിത് ഡോവൽ സംഘടിപ്പിച്ച ഈ പരിപാടിയിൽ പങ്കെടുത്തവർ. പിന്നെ രാജ്യം കണ്ടത് കേജ്‌രിവാള്‍ അടക്കം ഈ പറഞ്ഞവരുടെയെല്ലാം നേതൃത്വത്തിൽ ഡൽഹി ജന്തർ മന്ദറിൽ നടന്ന സമാനതകളില്ലാത്ത അഴിമതി വിരുദ്ധ പ്രക്ഷോഭം (Indian Anti Corruption Movement) ആയിരുന്നു. അവർക്ക് പിന്തുണയുമായി സിപിഎം, സിപിഐ, ബിജെപി തുടങ്ങിയ പാർട്ടികളുടെയെല്ലാം നേതാക്കൾ സമരപന്തലിലെത്തി അഭിവാദ്യങ്ങൾ അർപ്പിക്കുന്നത് പതിവായി.

ഈ പ്രക്ഷോഭമാണ് രണ്ടാം യുപിഎ സർക്കാരിൻ്റെ പതനത്തിലേയ്ക്ക് നയിച്ചത്. അഴിമതി വിരുദ്ധ പ്രചാരണങ്ങൾ ഇളക്കിമറിച്ച മണ്ണിൽ ‘അച്ഛേദിൻ’ മുദ്രാവാക്യമുയർത്തി നരേന്ദ്ര മോദിയും ബിജെപിയും 2014ൽ വൻ വിളവെടുത്തു. അധികാരമേറ്റതോടെ താനാണ് ഏറ്റവും വലിയ അഴിമതിവിരുദ്ധനെന്ന അടിത്തറയിൽ മോദി ശക്തി പ്രാപിക്കുന്നതാണ് പിന്നെ കണ്ടത്.

മോദിയുടെ പ്രഭാവലയത്തിൽ നിന്നാൽ നിലനിൽപ്പില്ലെന്ന് തിരിച്ചറിഞ്ഞവർ പുതിയ കൂട്ടുകെട്ടിനായി കോപ്പുകൂട്ടി. സ്വാഭാവികമായി ബിജെപിയുമായി ഇടപെടാൻ വൈമുഖ്യം ഉണ്ടായിരുന്ന കേജ്‌രിവാളും കൂട്ടരും പുറത്തുചാടി പുതിയ രാഷ്ട്രീയ പ്ലാറ്റ്ഫോമിന് രൂപംകൊടുത്തു. അതാണ് 2012 നവംബർ 26ന് രൂപം കൊണ്ട ആംആദ്മി പാർട്ടി. ചൂലെടുത്ത് അഴിമതിയെ തൂത്തെറിയാൻ അവർ മുന്നിട്ടിറങ്ങി. 15 വർഷമായി ഡൽഹി ഭരിച്ച ഷീല ദീക്ഷിതിൻ്റെ സർക്കാരിനെതിരെ നിരന്തര സമരവുമായി ആംആദ്മി രംഗത്തെത്തി. സാധാരണക്കാരിൽ നിന്നും ഇടത്തരക്കാരിൽ നിന്നും ഇവർക്ക് വലിയ പിന്തുണ ലഭിച്ചു. 2013ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആപ്പ് ഏറ്റവും വലിയ കക്ഷിയായി മാറിയെങ്കിലും 70 അംഗ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനാകാതെ സർക്കാർ നിലംപതിച്ചു. കേവലം 49 ദിവസം മാത്രമാണ് മുഖ്യമന്ത്രിയായി കഴിയാൻ കേജ്‌രിവാളിന് അന്ന് കഴിഞ്ഞത്. കേജ്‌രിവാളിനെ ഏക്ദിൻ കാ സുൽത്താൻ എന്നൊക്കെ പറഞ്ഞ് എഴുതിത്തള്ളിയ നിരവധി രാഷ്ട്രീയ നിരിക്ഷകരുണ്ടായിരുന്നു. ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. 2014ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴ് മണ്ഡലങ്ങളിലും ആംആദ്മി പാർട്ടി തോറ്റു തുന്നംപാടി. വീണ്ടും നിരവധി പേർ ആപ്പിന് ചരമക്കുറിപ്പെഴുതി നിർവൃതിയടഞ്ഞു.

2015ൽ നടന്ന തിരഞ്ഞെടുപ്പിൽ കേജ്‌രിവാളും കൂട്ടരും 70 അംഗ നിയമസഭയിൽ 67 സീറ്റ് നേടി സകലരേയും ഞെട്ടിച്ചു. 15 കൊല്ലം ഡൽഹി ഭരിച്ച കോൺഗ്ര സ് പൂർണമായി ‘വാഷ് ഔട്ടായി’. ഇന്ത്യ ഭരിക്കുന്ന ബിജെപിക്ക് കേവലം മൂന്നുപേരെ മാത്രമാണ് ഡൽഹി നിയമസഭയിൽ എത്തിക്കാനായത്. ഫീനിക്സ് പക്ഷിയെപോലെ ചാരത്തിൽ നിന്ന് ഉയർത്തെഴുന്നേൽക്കാൻ ശേഷിയുള്ള നേതാവാണ് താനെന്ന് അരവിന്ദ് കേജ്‌രിവാള്‍ തെളിയിച്ചു. തൻ്റെ പാർട്ടിയെ ജനങ്ങളുമായി സമ്പൂർണമായി സംയോജിപ്പിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് പിന്നെ കേജ്‌രിവാള്‍ പ്രാധാന്യം കൊടുത്തത്. അവരുടെ ആശയും അഭിലാഷങ്ങളും തിരിച്ചറിഞ്ഞ മാന്ത്രികനായി അദ്ദേഹം. 2020ലും വിജയം ആവർത്തിച്ചു, 70ൽ 62 സീറ്റ് പിടിച്ച് ഭരണത്തുടർച്ച നേടി.

അടുത്തത് പഞ്ചാബിലാണ് ആപ്പ് നോട്ടമിട്ടത്. 2017ൽ പഞ്ചാബ് നിയമസഭയിലേക്ക് മത്സരിച്ച് 20 സീറ്റിൽ വിജയം നേടി. വീണ്ടും അഞ്ച് വർഷം കഴിഞ്ഞ് 2022ൽ നടന്ന തിരഞ്ഞെടുപ്പിൽ 92 സീറ്റ് നേടി അവിടെയും ഭരണം പിടിച്ചെടുത്തു. പരമ്പരാഗത കക്ഷികളായ കോൺഗ്രസ്, അകാലിദൾ, ബിജെപി എന്നീ പാർടികളെല്ലാം ആപ്പിൻ്റെ സുനാമിയിൽ പൂർണമായി ഒലിച്ചുപോയി. ഡൽഹി സർക്കാരിൻ്റെ സാമൂഹ്യ സുരക്ഷാപദ്ധതികളുടെ വിജയമാണ് പഞ്ചാബിലെ വിജയത്തിന് കാരണമായതെന്ന് വ്യക്തമായി.

ഇൻഡ്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളെയും പിടികൂടിയിട്ടുള്ള ദൗർബല്യങ്ങൾ അരവിന്ദ് കേജ്‌രിവാളിനെയും അദ്ദേഹത്തിൻ്റെ പാർട്ടിയെയും ബാധിച്ചുവെന്ന് തന്നെ ഇതിനൊപ്പം പറയാതിരിക്കാൻ കഴിയില്ല. വ്യക്തികേന്ദ്രീകൃത പാർട്ടികൾക്കുണ്ടാവുന്ന മാറാവ്യാധികൾ ആംആദ്മി പാർട്ടിയേയും വളരെ വേഗത്തിൽ ബാധിച്ചിട്ടുണ്ട്. എടുത്തുപറയത്തക്ക ആശയ ദൃഢതയോ, വിശാല ദേശീയ കാഴ്ചപ്പാടോ, ആർജവമുള്ള മതേതര നിലപാടിൻ്റെയോ അടിത്തറ ആംആദ്മിക്കില്ല എന്നത് പരിമിതിയാണ്. എല്ലാം ഒരു നേതാവിൽ കേന്ദ്രീകരിക്കുന്നതിൻ്റെ ദൗർബല്യങ്ങൾ പ്രകടമാണ്. മുഖ്യമന്ത്രി സ്ഥാനവും പാർട്ടിയുടെ ദേശീയ കൺവീനർ സ്ഥാനവും കേജ്‌രിവാള്‍ കൈയ്യടക്കിവച്ചു.

എതിർശബ്ദങ്ങളെ നിഷ്കരുണം തുടച്ചുനീക്കുന്ന പ്രകൃതക്കാരനാണ് അദ്ദേഹമെന്ന് ചുരുങ്ങിയ കാലത്തിനിടെ പലവട്ടം വ്യക്തമായി. എൻ്റെ തല എൻ്റെ ഫുൾ ഫിഗർ എന്ന സിനിമാ ഡയലോഗിനെ അനുസ്മരിപ്പിക്കുന്ന നിലപാടുകൾ പലപ്പോഴും ഉണ്ടായിട്ടുണ്ട്. വിമത ശബ്ദമുയർത്തിയ സ്ഥാപകനേതാക്കളായ യോഗേന്ദ്ര യാദവ്, ശാന്തി ഭൂഷൺ, പ്രശാന്ത് ഭൂഷൺ, മാധ്യമ പ്രവർത്തകനായ ആശുതോഷ് തുടങ്ങിയവരെല്ലാം കേജ്‌രിവാളിൻ്റെ ഏകാധിപത്യ നടപടികളിൽ പ്രതിഷേധിച്ച്‌ പലപ്പോഴായി പാർട്ടി വിട്ടവരാണ്.

അഴിമതിക്കെതിരെ രൂപംകൊണ്ട പ്രസ്ഥാനത്തിൻ്റെ മുൻനിര നേതാക്കൾ അഴിമതി നടത്തിയതിൻ്റെ പേരിൽ ജയിലിലായത് രാഷ്ട്രിയമായി ദുരന്തം തന്നെയാണ്. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള സാധ്യതകൾ വളരെ പരിമിതമാണ്. വ്യക്തികേന്ദ്രീകൃത പാർട്ടി ആയതുകൊണ്ട് തമ്മിൽതല്ലി എല്ലാം തീരാനും സാധ്യതയുണ്ടെന്നാണ് പാർട്ടിയുടെ മുൻ വക്താവും മാധ്യമ പ്രവർത്തകനുമായ ആശുതോഷ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. കേജ്‌രിവാള്‍ രാജിവയ്ക്കില്ലെന്നും ജയിലിൽ നിന്ന് ഡൽഹി ഭരിക്കുമെന്നുമാണ് പാർട്ടി എടുത്തിരിക്കുന്ന നിലപാട്. എന്നാൽ വിവിധ ഏജൻസികൾ ഇടപെടുകയും ജാമ്യം നീണ്ടുപോകുകയും ചെയ്താൽ ഇതുവരെ പിന്തുണച്ച സാധാരണക്കാരുടെ പ്രതികരണം എങ്ങനെയാകുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്. ഇഡിക്ക് പിന്നാലെ സിബിഐയും കേസിൽ ഇടപെടുന്നതിൻ്റെ വിവരങ്ങൾ പുറത്തുവന്നുകഴിഞ്ഞു. രാജിവയ്ക്കാതെ തുടരുന്നതിൻ്റെ നിയമപ്രശ്നങ്ങൾ ഉയർന്നുവരികയും ചെയ്യും. ജയിലിലായ അരവിന്ദ് കേജ്‌രിവാളിന് രക്തസാക്ഷി പരിവേഷം കിട്ടുമോ, അതോ ജനം തൂത്തെറിയുമോ എന്നറിയാൻ അധികം കാക്കേണ്ടിവരില്ല. വരുന്ന തിരഞ്ഞെടുപ്പ് ഫലത്തിൽ അത് തന്നെയാകും പ്രതിഫലിക്കുക എന്നുറപ്പിക്കാം. അങ്ങനെ 2024 തിരഞ്ഞെടുപ്പ് ആംആദ്മിക്ക് ലിറ്റ്മസ് ടെസ്റ്റ് തന്നെയാകും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top