മന്ത്രി സജി ചെറിയാനടക്കം വൈകി, പിണങ്ങിപ്പോയി ജി സുധാകരന്‍; മുന്‍മന്ത്രി ഇറങ്ങിപ്പോയത് പ്രധാന നേതാക്കള്‍ പങ്കെടുക്കുന്ന ആലപ്പുഴയിലെ പരിപാടിയില്‍ നിന്ന്

ഹരിപ്പാട് സിബിസി വാര്യര്‍ സ്മൃതി പരിപാടിയില്‍ നിന്നാണ് സിപിഎം നേതാവ് ജി സുധാകരന്‍ ഇറങ്ങിപ്പോയത്. പത്ത് മണിക്ക് തുടങ്ങേണ്ട പരിപാടി പതിനൊന്നു മണിയായിട്ടും ആരംഭിക്കാത്തതിനെ തുടര്‍ന്നാണ് സുധാകരന്‍ വേദിവിട്ടത്. മന്ത്രി സജി ചെറിയാന്‍, സിപിഎം കേന്ദ്രകമ്മിറ്റിയംഗം സിഎസ് സുജാത, സംസ്ഥാന കമ്മിറ്റിയംഗം സിബി ചന്ദ്രബാബു, ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ എന്നിവരടക്കമുളള നേതാക്കള്‍ പങ്കെടുക്കേണ്ട പരിപാടിയായിരുന്നു.
പുരസ്‌കാര വിതരണത്തിനായാണ് ജി സുധാകരനെ സംഘാടകര്‍ ക്ഷണിച്ചിരുന്നത്. പത്ത് മണിക്ക് തന്നെ പരിപാടി തുടങ്ങുമെന്നും അറിയിച്ചിരുന്നു. ഇതനുസരിച്ച് കൃത്യസമയത്ത് തന്നെ സുധാകരന്‍ എത്തി. എന്നാല്‍ സ്ഥലത്തുണ്ടായിരുന്നത് സംഘാടകര്‍ മാത്രം. 10.30 ഓടെയാണ് പരിപാടിയില്‍ പങ്കെടുക്കേണ്ടവര്‍ എത്തിയത്. 11 മണിയായിട്ടും മന്ത്രി എത്താതിരുന്നതോടെ പരിപാടി തുടങ്ങിയില്ല. ഇതോടെ സുധാകരന്‍ ക്ഷുഭിതനായി വേദി വിട്ടു. സംഘാടകര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങാതെ കാറില്‍ കയറി പോവുകയായിരുന്നു.
ആലപ്പുഴയിലെ സിപിഎമ്മില്‍ കുറച്ചു നാളുകളായി ജി സുധാകരന്‍ എതിര്‍ സ്വരം ഉയര്‍ത്തുന്നുണ്ട്. തിരിഞ്ഞെടുപ്പ് പരാജയത്തില്‍ പിണറായി വിജയനെ അടക്കം പരസ്യമായി വിമര്‍ശിക്കുകയും മോദിയെ പുകഴ്ത്തുകയും ചെയ്തിരുന്നു. മന്ത്രി സജി ചെറിയാനും ജി സുധാകരനും തമ്മില്‍ നല്ല ബന്ധമല്ല കാലങ്ങളായി തുടരുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here