‘ജി സുധാകരൻ കോൺഗ്രസിലേക്കോ’!! കെസി വേണുഗോപാൽ കണ്ടത് എന്തിനെന്ന് വെളിപ്പെടുത്തൽ
കോൺഗ്രസിലേക്ക് എന്ന പ്രചരണം ശക്തമാകുന്നതിന് ഇടയിൽ പ്രതികരണവുമായി മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. കോൺഗ്രസ് നേതാവ് കെസി വേണുഗോപാലുമായി നടന്നത് സൗഹൃദ കൂടിക്കാഴ്ചയെന്നാണ് അദ്ദേഹത്തിൻ്റെ വിശദീകരണം. സുധാകരൻ്റെ ആലപ്പുഴ പുന്നപ്രയിലെ വീട്ടിൽ വച്ചാണ് ഇന്ന് കൂടിക്കാഴ്ച നടന്നത്. പാർട്ടിയുമായി തനിക്ക് ഭിന്നതയൊന്നുമില്ലെന്നും താൻ അസംതൃപ്തനാണ് എന്നത് മാധ്യമസൃഷ്ടി മാത്രമാണെന്നും ഇരുവരും തമ്മില്‍ കണ്ടതിന് ശേഷം സുധാകരൻ പറഞ്ഞു. സുധാകരനുമായി പലപ്പോഴും നേരിട്ട് കാണാറുണ്ടെന്നാണ് കെസി വേണുഗോപാലിൻ്റെ പ്രതികരണം. നിലവിലെ രാഷ്ട്രീയ വിഷയങ്ങൾ ഒന്നും ചർച്ചയായില്ല. രാഷ്ട്രീയ സന്ദർശനമല്ലെന്നും തികച്ചും സൗഹൃദപരമായ കൂടിക്കാഴ്ചയാണെന്നുമാണ് കോൺഗ്രസ് നേതാവും പറയുന്നത്.
ചന്ദ്രിക ദിനപത്രത്തിന്റെ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യുമെന്ന വാർത്തകൾ പ്രചരിച്ചതോടെയാണ് സുധാകരൻ പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായത്. സിപിഎം വേദികളിൽ നിന്നും തുടർച്ചയായി അദ്ദേഹത്തെ അവഗണിക്കുന്നതും മാധ്യമങ്ങൾ വലിയ വാർത്തയാക്കിയിരുന്നു. സുധാകരൻ്റെ വീടിന് തൊട്ടടുത്ത് നടന്ന അമ്പലപ്പുഴ ഏരിയാ സമ്മേളനത്തിലും സുധാകരനെ സിപിഎം ക്ഷണിച്ചിരുന്നില്ല. തുടർന്ന് പാര്‍ട്ടിയും മുതിർന്ന നേതാവും തമ്മിലുള്ള ബന്ധം വഷളാവുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മുസ്ലിം ലീഗ് നേതാക്കൾ വീട്ടിലെത്തി സുധാകരനെ ചന്ദ്രിക ദിനപത്രത്തിൻ്റെ പ്രചരണ പരിപാടിയിലേക്ക് ക്ഷണിച്ചത്. ആദ്യം സമ്മതിച്ച സുധാകരൻ അവസാന നിമിഷം തീരുമാനം മാറ്റുകയായിരുന്നു.
യുഡിഎഫിലെ പ്രധാന പാർട്ടിയുടെ മുഖപത്രത്തിൻ്റെ പരിപാടി താൻ ഉദ്ഘാടനം ചെയ്താൽ വലിയ വിവാദങ്ങൾക്ക് കാരണമാകും എന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കാൻ ജി സുധാകരൻ ആവശ്യപ്പെട്ടതാണ് എന്ന് മുസ്ലിം ലീഗും പ്രതികരിച്ചു. അദ്ദേഹത്തിന്റെ ആവശ്യം തങ്ങൾ അംഗീകരിച്ചുവെന്നും വിവാദങ്ങളിലേക്ക് പോകാൻ താത്പര്യമില്ലെന്നും ലീഗ് ജില്ലാ പ്രസിഡൻ്റ് എഎം നസീർ പറഞ്ഞു. ചന്ദ്രിക പ്രചാരണ പരിപാടി ഉദ്ഘാടനം അദ്ദേഹത്തിന്‍റെ സൗകര്യം നോക്കി മറ്റൊരു ദിവസം നടത്തുമെന്നും നസീർ അറിയിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here