ഗഗൻയാൻ ദൗത്യത്തെ മലയാളി നയിക്കും; ഔദ്യോഗിക പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി, 2035ൽ ചന്ദ്രനിൽ ഇന്ത്യ സ്പേസ് സ്റ്റേഷൻ തുറക്കുമെന്ന് മോദി

തിരുവനന്തപുരം: ഇന്ത്യയുടെ അഭിമാനമായ ഗഗന്‍യാന്‍ ദൗത്യസംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. നാലംഗ സംഘത്തെ നയിക്കുന്നത് പാലക്കാട് നെന്മാറ സ്വദേശിയായ ഗ്രൂപ്പ്‌ ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ്. ഗ്രൂപ്പ്‌ ക്യാപ്റ്റൻ അജിത് കൃഷ്ണൻ, ഗ്രൂപ്പ്‌ ക്യാപ്റ്റൻ അംഗത് പ്രതാപ്, വിംഗ് കമാൻഡർ ശുഭാൻശു ശുക്ല എന്നിവരാണ് സംഘത്തിലെ മറ്റുള്ളവർ. തുമ്പ വിക്രം സാരാഭായ് സ്പേസ് സെന്ററിൽ (വിഎസ്എസ്സി) നടന്ന ചടങ്ങിലാണ് പ്രഖ്യാപനം. 140 കോടി ജനങ്ങളുടെ പ്രതീക്ഷയാണ് ഗഗന്‍യാന്‍ ദൗത്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിഎസ്എസ്സിയില്‍ 1,800 കോടി രൂപയുടെ ബഹിരാകാശ അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് അദ്ദേഹം തുടക്കം കുറിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മലയാളിയായ പ്രശാന്ത് നാഷണൽ ഡിഫൻസ് അക്കാദമിയിലെ പഠനത്തിന് ശേഷം 1999ലാണ് വ്യോമസേനയിൽ ചേർന്നത്. സുഖോയ് യുദ്ധവിമാന പൈലറ്റാണ്. ബഹിരാകാശത്തേക്ക് പോകുന്നതിന്റെ ഭാഗമായി 2019ലാണ് നാല് വ്യോമസേന പൈലറ്റുമാരെ തിരഞ്ഞെടുത്തത്. ഇവർക്ക് റഷ്യയിലും ഇന്ത്യയിലും പരിശീലനം നൽകിയിരുന്നു. 2035ൽ ചന്ദ്രനിൽ ഇന്ത്യയുടെ സ്പേസ് സ്റ്റേഷൻ തുറക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശ്രീഹരിക്കോട്ടയിലെ പിഎസ്എല്‍വി ഇന്റഗ്രേഷന്‍ സംവിധാനം, മഹേന്ദ്രഗിരി സെമി ക്രയോജനിക് ടെസ്റ്റ് സംവിധാനം, വിഎസ്എസ്സിയിലെ ട്രൈസോണിക് വിന്‍ഡ് ടണല്‍ എന്നിവയാണ് വിഎസ്എസ്സിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ഗഗന്‍യാൻ ദൗത്യത്തിന്റെ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തി. ഐഎസ്ആർഒ ചെയർമാൻ ഡോ.എസ് സോമനാഥ് ദൗത്യത്തെക്കുറിച്ച് പ്രധാനമന്ത്രിയോട് വിശദീകരിച്ചു.

കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി തമിഴ്നാട്ടിലേക്ക് തിരിച്ചു. നാളെ തമിഴ്‌നാട്ടിൽ നിന്ന് തിരിച്ച് തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം ഉച്ചയോടെ മഹാരാഷ്ട്രയിലേക്ക് പോകും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top