ഗഗന്‍യാന്‍ പരിശീലനം റഷ്യ മുതല്‍ നാസ വരെ; ശാരീരിക- മാനസിക ആരോഗ്യത്തിനായി യോഗയും

തിരുവനന്തപുരം: ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട നാലംഗ സംഘത്തിന് കഠിന പരീശീലനമാണ് നല്‍കുന്നത്. ഗ്രൂപ്പ്‌ ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ, ഗ്രൂപ്പ്‌ ക്യാപ്റ്റൻ അജിത് കൃഷ്ണൻ, ഗ്രൂപ്പ്‌ ക്യാപ്റ്റൻ അംഗത് പ്രതാപ്, വിംഗ് കമാൻഡർ ശുഭാൻശു ശുക്ല എന്നിവരാണ് സംഘത്തിലുള്ളത്. 2019ലാണ് വ്യോമസേനാ പൈലറ്റുമാരായ ഇവരെ ദൗത്യത്തിനായി തിരഞ്ഞെടുത്തത്. നാല് വർഷമായി ബഹിരാകാശ യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഈ നാല് പേരും.

നാഷണൽ ക്രൂ സെലക്ഷൻ ബോർഡാണ് പൈലറ്റുമാരെ തിരഞ്ഞെടുത്തത്. നാലുപേരിൽ മൂന്ന് പേരാകും ബഹിരാകാശത്തേക്ക് പോകുന്നത്. കഠിനമായ പരിശീലനമാണ് ഗഗനചാരികൾക്ക് നൽകുന്നത്. റഷ്യയിലെ യൂറി ഗഗാറിൻ കോസ്‌മനോട്ട് ട്രെയിനിംഗ് സെന്ററിലായിരുന്നു ആദ്യഘട്ട പരിശീലനം. 2020ഫെബ്രുവരി മുതൽ 2021 മാർച്ചു വരെയായിരുന്നു പരിശീലനം. ഇതുമായി ബന്ധപ്പെട്ട് ഇസ്രോയും റഷ്യൻ സ്പേസ് ഏജൻസി റോസ്കോസ്മോസിന്റെ സഹ സ്ഥാപനമായ ഗ്ലോവ്കോസ്മോസും നേരത്തെ കരാർ ഒപ്പുവച്ചിരുന്നു. പാരാബോളിക് ഫ്ലൈറ്റ്, സർവൈവൽ ട്രെയിനിംഗ് ഇൻ ഓഫ് നോമിനൽ സ്നോ, ഡെസേർട്ട്- വാട്ടർ ലാൻഡിംഗ് എന്നിവയിൽ വിദ‌‌ഗ്‌ദ്ധ പരിശീലനം നേടിയ ശേഷമാണ് സംഘം തിരിച്ചെത്തിയത്. പിന്നീട് ബെംഗളൂരുവിലെ ഇസ്രോ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്ററിലും പരിശീലനം തുടർന്നു. ശാരീരിക- മാനസിക ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താൻ യോഗ മുതൽ നീന്തൽ വരെയുള്ള വ്യായാമങ്ങളും ഇവർക്ക് നൽകിയിരുന്നു.

ഈ വർഷം അവസാനത്തോടെ അമേരിക്കൻ സ്പേസ് ഏജൻസിയായ നാസയിൽ പരിശീലനം നൽകുമെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ നേരത്തെ പറഞ്ഞിരുന്നു. 2025ൽ ഗഗൻയാൻ വിക്ഷേപണം നടത്താനാണ് ഇസ്രോ ലക്ഷ്യമിടുന്നത്. ദൗത്യത്തിന് മുന്നോടിയായി ‘വ്യോമമിത്ര’ എന്ന യന്ത്രവനിതയെ ബഹിരാകാശത്ത് എത്തിക്കും. ജൂണിലായിരിക്കും വിക്ഷേപണം നടത്തുക. ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ മൂന്ന് ദിവസം സഞ്ചരിച്ച ശേഷം യന്ത്രവനിത മടങ്ങിയെത്തും. ഇതുകൂടാതെ രണ്ട് പരീക്ഷണ ദൗത്യങ്ങൾ കൂടി കഴിഞ്ഞായിരിക്കും സഞ്ചാരികളുമായുള്ള ഗഗൻയാൻ ദൗത്യം നടക്കുക.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top