വൈക്കത്ത് നിന്ന് ലഭിച്ച ഊർജത്തിൽ കോൺഗ്രസ് പ്രസിഡൻ്റായ ഗാന്ധി; ബെലഗാവിൽ അന്ന് സംഭവിച്ചതും ഇന്ന് സംഭവിക്കാൻ പോകുന്നതും…
ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ചരിത്രത്തിലെ സുവർണ വർഷങ്ങളിൽ ഒന്നാണ് 1924. ആ വർഷം ബെലഗാവിൽ (പഴയ ബെൽഗാം) നടന്ന സമ്മേളത്തിലാണ് ആദ്യമായും അവസാനമായും മോഹൻദാസ് കരംചന്ദ് ഗാന്ധിയെന്ന മഹാത്മാ ഗാന്ധി കോൺഗ്രസിൻ്റെ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പട്ടത്. ഈ സമ്മേളത്തിന് ശേഷമാണ് കോൺഗ്രസിൻ്റെ അവസാന വാക്കായി ഗാന്ധി മാറിയതെന്ന് പറഞ്ഞാലും അതിശയോക്തിയില്ല.
മൗലാനാ അബ്ദുൾ കലാം ആസാദിൽ നിന്നാണ് മഹാത്മാ ഗാന്ധി അന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സമരസംഘടനയുടെ നേതൃത്വം ഏറ്റെടുത്തത്. “കോൺഗ്രസ് ഒരു ചുമതല ഏൽപ്പിക്കുമ്പോൾ അതിൽനിന്ന് ഒളിച്ചോടുക എന്നെ സംബന്ധിച്ചിടത്തോളം ഭീരുത്വമായിരിക്കും. അതുകൊണ്ടുതന്നെ ഈ ഉത്തരവാദിത്വം ഞാൻ സന്തോഷപൂർവം ഏറ്റെടുക്കുന്നു.’’ – എന്നായിരുന്നു കോൺഗ്രസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട 1924 ഡിസംബർ 26 ന് ഗാന്ധിയുടെ പ്രതികരണം.
1925 മാർച്ചിലെ തൻ്റെ കേരള സന്ദർശനത്തിനിടയിൽ വൈക്കം സത്യഗ്രഹത്തിൽ നിന്നും ലഭിച്ച ഊർജവുമായിട്ടാണ് കോൺഗ്രസിൻ്റെ മുപ്പത്തിയൊമ്പതാം വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാൻ ഗാന്ധിയെത്തുന്നത്. അതിനാൽ അയിത്ത നിർമാർജ്ജനം കോൺഗ്രസിന്റെ പ്രധാന ലക്ഷ്യങ്ങളായി അദ്ദേഹം ബെലഗാവിയിൽ പ്രഖ്യാപിച്ചു. ഹിന്ദു-മുസ്‌ലിം ഐക്യമാണ് സമ്മേളനത്തിൽ ഗാന്ധി മുന്നോട്ട് വച്ച മറ്റൊരു ലക്ഷ്യം. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ ഇന്ത്യൻജനത മതത്തിന്റെ പേരിൽ ചേരിതിരിയരുതെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ മതത്തിൻ്റെയും ജാതിയുടേയും പേരിൽ രാജ്യത്തെ ഭിന്നിപ്പിക്കുന്നുവെന്ന് കോൺഗ്രസ് ആരോപിക്കുമ്പോഴാണ് ഗാന്ധിജി അധ്യക്ഷനായ സമ്മേളനത്തിൻ്റെ പ്രസക്തിയേറുന്നത്. അതിനാൽ വളരെയധികം പ്രാധാന്യമാണ് രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടി നൽകുന്നത്. ഇന്നും നാളെയുമായി ബെൽഗാപാൽ എടുക്കുന്ന തീരുമാനങ്ങൾ കോൺഗ്രസിൻ്റെ ഭാവിയെ നിർണയിക്കാൻ പോകുന്നതാണ് എന്നാണ് നേതാക്കൾ അവകാശപ്പെടുന്നത്. പാർട്ടിയുടെ രാഷ്ട്രീയവും സംഘടനാപരവുമായ തിരിച്ചുവരവിന് ബെലഗാവി വഴിത്തിരിവാകുമെന്നാണ് കോൺഗ്രസിൻ്റെ പ്രതീക്ഷ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here