‘ഗഗനചാരി’ കണ്ട് സുരേഷ് ഗോപി വിളിച്ചെന്ന് ഗണേഷ് കുമാര്‍; ‘നീ നന്നായി ചെയ്തു’ എന്നു പറഞ്ഞു
ഗഗനചാരി എന്ന ചിത്രം പുറത്തിറങ്ങിയതിന് ശേഷം ഏറ്റവും കൂടുതല്‍ പ്രശംസകള്‍ ലഭിക്കുന്നത് നടന്‍ ഗണേഷ് കുമാറിനാണ്. ചിത്ത്രതില്‍ വിക്ടര്‍ എന്ന കഥാപാത്രത്തെയാണ് ഗണേഷ് കുമാര്‍ അവതരിപ്പിച്ചത്. ചിത്രം കണ്ട് സുരേഷ് ഗോപി തന്നെ വിളിച്ച് അഭിനന്ദിച്ചുവെന്ന് ഗഗനചാരിയുടെ റിലീസിന് ശേഷം നടന്ന പ്രസ് മീറ്റില്‍ ഗണേഷ് പറഞ്ഞു. ‘നീ നന്നായി ചെയ്തു’ എന്നു സുരേഷ് ഗോപി അഭിനന്ദിച്ച വിവരം സിനിമയുടെ പ്രമോഷന്‍ വേളയില്‍ ഏറെ സന്തോഷത്തോടെയാണ് ഗണേഷ് കുമാര്‍ മാധ്യമങ്ങളെ അറിയിച്ചത്. സഹപ്രവര്‍ത്തകനില്‍ നിന്നു കിട്ടുന്ന അഭിനന്ദനം കലാകാരനെന്ന നിലയില്‍ വളരെ പ്രധാനപ്പെട്ടതാണെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
“ഗഗനചാരി വീട്ടിൽ വച്ചാണ് സുരേഷ് കണ്ടത്. അതുകഴിഞ്ഞ് എന്നെ ഫോൺ ചെയ്തു. ‘നീ നന്നായിട്ടുണ്ട്’ എന്ന് പറഞ്ഞു. വളരെ സന്തോഷമുള്ള കാര്യമാണ്. ഒരു സിനിമ ചെയ്യുമ്പോൾ അതിന് അഭിനന്ദനങ്ങൾ ലഭിക്കുന്നു എന്നത് ഏതൊരു കലാകാരനെയും സംബന്ധിച്ച് സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്.”
തിരഞ്ഞെടുപ്പ് കാലത്ത് തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപിയെക്കുറിച്ച് നടത്തിയ പരിഹാസം വലിയ വാര്‍ത്തയായിരുന്നു. തൃശൂരിലെ ഒരു പള്ളിയില്‍ സുരേഷ് ഗോപി നോമ്പുതുറയ്ക്ക് പോകുകയും നോമ്പ് കഞ്ഞി കുടിക്കുകയും ചെയ്ത വീഡിയോ പങ്കുവച്ചായിരുന്നു ഗണേഷിന്റെ പരിഹാസം. ആളുകളെ കബളിപ്പിക്കാനുള്ള നാടമായിരുന്നു സുരേഷ് ഗോപിയുടേതെന്ന് ഗണേഷ് പറഞ്ഞിരുന്നു. ‘സുരേഷ് ഗോപി നിസ്‌കരിക്കുന്നതിന് മുമ്പുള്ള കാര്യങ്ങളെല്ലാം ചോദിച്ച് മനസ്സിലാക്കിയിരുന്നു. എന്റെ പേടി പുള്ളി പള്ളിയില്‍ കയറി നിസ്‌കരിച്ച് കളയുമോ എന്നതായിരുന്നു. അഭിനയം ഭയങ്കരമായിരുന്നു. ഇതൊക്കെ പണ്ട് കേരളത്തില്‍ കണ്ടതാണ്,’ യൂത്ത് കോണ്‍ഗ്രസുകാര്‍ കോളേജ് തിരഞ്ഞെടുപ്പില്‍ കാണിച്ച അതേ നാടകമാണ് സുരേഷ് ഗോപിയ ഇപ്പോള്‍ ചെയ്യുന്നതെന്നും ഗണേഷ് കുമാര്‍ പരിഹസിച്ചിരുന്നു.
അതേസമയം, സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് പ്രധാന വേഷത്തില്‍ എത്തിയ ചിത്രമാണ് ഗഗനചാരി. ഡിസ്ടോപ്പിയന്‍ എലിയന്‍ ചിത്രമായ ഗഗനചാരിക്ക് തിയേറ്ററുകളില്‍ നിന്നു നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിലെ ഗോകുലിന്റെ പ്രകടനത്തെക്കുറിച്ചും പ്രസ് മീറ്റിൽ ഗണേഷ് കുമാർ സംസാരിച്ചു. ഗോകുലിന്റെ പ്രകടനം രസകരമായിരുന്നു എന്നാണ് ഗണേഷ് അഭിപ്രായപ്പെട്ടത്. “ഗോകുലിനെ കുഞ്ഞിലെ മുതൽ എനിക്കറിയാം. എന്റെ കൂടെ അഭിനയിക്കാൻ വന്നപ്പോൾ എനിക്ക് വളരെ സന്തോഷം തോന്നി. പാപ്പൻ എന്ന ചിത്രത്തിൽ ചെറിയ ഒരു വേഷം ആണെങ്കിലും അവന്റെ പ്രസൻസ് ഫീൽ ചെയ്തു. നല്ല നടനാണ് ഗോകുൽ.”
വ്യത്യസ്തമായ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രമായതിനാല്‍ നവയുഗ സിനിമാപ്രേമികളും നിരൂപകരും ആവേശത്തോടെയാണ് സിനിമയെ ഏറ്റെടുത്തത്. ഗഗനചാരി ആഗോള തലത്തില്‍ വിവിധ ഫെസ്റ്റുകളില്‍ അംഗീകാരങ്ങള്‍ സ്വന്തമാക്കിയ ശേഷം കേരളത്തില്‍ നടന്ന കേരള പോപ് കോണിന്റെ ഭാഗമായും പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. വളരെ മികച്ച പ്രേക്ഷകപ്രതികരണമാണ് ചിത്രത്തിന് അവിടെവച്ചും ലഭിച്ചത്. ഇതിനുപുറമെ മികച്ച ചിത്രം, മികച്ച വിഷ്വല്‍ എഫക്ട്‌സ് എന്ന വിഭാഗങ്ങളില്‍ ന്യൂ യോര്‍ക്ക് ഫിലിം അവാര്‍ഡ്സ്, ലോസ് ആഞ്ചലസ് ഫിലിം അവാര്‍ഡ്സ്, തെക്കന്‍ ഇറ്റലിയില്‍ വെച്ച് നടന്ന പ്രമാണ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളിലും അമേരിക്ക, യൂറോപ്പ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഫെസ്റ്റുകളിലും ഗഗനചാരി പ്രദര്‍ശിപ്പിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here