‘ആവേശം’ സ്റ്റൈലില്‍ ഗുണ്ടാ നേതാവിന്റെ പിറന്നാൾ ആഘോഷം; വളഞ്ഞിട്ട് പിടിച്ച് പോലീസ്; 16 പേര് കുട്ടികള്‍
‘ആവേശം’ സ്റ്റൈലില്‍ ഗുണ്ടാനേതാവിന്റെ ‘പിറന്നാൾ പാർട്ടി’ ആഘോഷിക്കാൻ ഒത്തുകൂടിയ 32 പേർ പോലീസ് പിടിയിൽ. തൃശൂര്‍ തേക്കിൻകാട് മൈതാനത്തായിരുന്നു ആഘോഷം. പിടിയിലായവരില്‍ 16 പേർ പ്രായപൂർത്തിയാകാത്തവരാണ്. അതിനാല്‍ വിട്ടയച്ചു. ഇവരുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തിയപ്പോഴും സ്റ്റേഷനില്‍ നാടകീയ രംഗങ്ങളായി. കുട്ടികളുടെ ചെയ്തികള്‍ അറിഞ്ഞ് ചിലർ പൊട്ടിക്കരഞ്ഞു. അടിക്കാനും ഒരുങ്ങി.
ക്രിമിനലുകളായ 16 പേരെ കരുതൽ അറസ്റ്റിലാക്കി. പോലീസ് നീക്കം അറിഞ്ഞ് ഗുണ്ടാത്തലവൻ മൈതാനത്ത് എത്താതെ മുങ്ങി. ഗുണ്ടാനേതാവ് കേക്ക് മുറിക്കുന്നതിന്റെ റീൽ തയാറാക്കി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു ഉദ്ദേശ്യം. പൊലീസിനെ വെല്ലുവിളിച്ചാല്‍ ലഭിക്കാവുന്ന വാർത്താപ്രാധാന്യം കൂടി കണക്കിലെടുത്തായിരുന്നു പാർട്ടിയുടെ ഒരുക്കങ്ങൾ.
ഒത്തുകൂടാന്‍ സോഷ്യല്‍ മീഡിയ വഴിയാണ് സന്ദേശങ്ങള്‍ കൈമാറിയത്. വിവരം അറിഞ്ഞതോടെ പൊലീസും ഉഷാറായി. ഒത്തുകൂടലിനിടെ നാല് ജീപ്പുകളിൽ പൊലീസ് സംഘമെത്തി വളഞ്ഞിട്ടു പിടിച്ചു. സിനിമാ സ്റ്റൈലിൽ വന്നിറങ്ങാൻ തീരുമാനിച്ചിരുന്ന നേതാവ് മുങ്ങി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here