ഗംഗാവലിയില്‍ ലോറിയുടെ ഭാഗം കണ്ടെത്തിയെന്ന് ഈശ്വര്‍ മാല്‍പെ; അര്‍ജുന്‍ ദൗത്യത്തില്‍ നിര്‍ണായക പുരോഗതി

കര്‍ണാടകയിലെ ഷിരൂര്‍ ഗംഗാവലി പുഴയില്‍ ലോറിയുടെ ഭാഗം കണ്ടെത്തി. കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിലിലാണ് മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ അര്‍ജുന്‍റെതെന്ന് കരുതിയ ലോറിയുടെ ഭാഗം കണ്ടെത്തിയത്. രണ്ട് ടയറുകളാണ് തിരച്ചിലില്‍ തെളിഞ്ഞത്. മാല്‍പെ ടയറുകളെ ബന്ധിപ്പിക്കുന്ന ഇരുമ്പ് തൂണില്‍ വടംകൊണ്ട് ബന്ധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ലോറി ഉടന്‍ ഉയര്‍ത്താന്‍ കഴിഞ്ഞേക്കും.

ലോറി കണ്ടെത്തിയ കാര്യം കാർവാർ എംഎൽഎ സതീഷ് സെയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് ലോറിയൊന്നും അവിടെ കാണാതായിട്ടില്ലെന്നും അത് അർജുന്റെത് തന്നെയാണെന്ന് കരുതുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

ഗംഗാവലി പുഴയില്‍ 15 അടി താഴ്ചയില്‍ ലോറി തലകീഴായി നില്‍ക്കുന്നത് കണ്ടെന്നാണ് മാല്‍പെ അറിയിച്ചത്. മണ്ണിടിച്ചിലില്‍ അകപ്പെട്ട ചായക്കടയുടെ സമീപത്തായുള്ള പ്രദേശത്താണ് ലോറി കണ്ടിരിക്കുന്നത്. ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചിലും പുരോഗമിക്കുകയാണ്. ഇന്നലെയും പുഴയില്‍നിന്ന് മണ്ണ് നീക്കംചെയ്തിട്ടുണ്ട്.

മണ്ണ് എടുക്കുമ്പോള്‍ ലോറിയുടെ ലോഹഭാഗം കണ്ടെത്തിയിരുന്നു. ഇന്ന് പുഴയിൽനിന്ന് അക്കേഷ്യ മരക്കഷണങ്ങൾ മാൽപെ കണ്ടെടുത്തിരുന്നു. അർജുന്‍ ലോറിയിൽ കൊണ്ടുവന്ന തടികളാണിതെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ രീതിയിലുള്ള കൂടുതൽ മരത്തടികൾ അടിത്തട്ടിലുണ്ടെന്നാണ് മാൽപെ പറഞ്ഞത്.

കഴിഞ്ഞ ജൂലൈ 16ന് രാവിലെയാണ് ഷിരൂരിൽ മലയിടിഞ്ഞ്‌ വന്‍ അപകടം ഉണ്ടായത്. ദുരന്തത്തില്‍ 11 പേരെ കാണാതായിരുന്നു. ഇതിൽ എട്ടു പേരുടെ മൃതദേഹം കണ്ടെത്തി. അപകടത്തിൽ കാണാതായ കോഴിക്കോട് സ്വദേശിയായ അർജുൻ ഉൾപ്പടെ മൂന്ന് പേരെയാണ് ഇനി കണ്ടെത്താനുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top