2027 ലോകകപ്പിൽ കോഹ്‌ലിയും രോഹിത്തും കളിക്കുമോ? മറുപടിയുമായി ഗംഭീർ

2027 ലെ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ഉണ്ടാകുമോയെന്ന ചോദ്യം പല കോണിൽനിന്നും ഉയരുന്നുണ്ട്. ഇരുവരുടെയും പ്രായമാണ് ഇതിന് തടസമായി ചൂണ്ടിക്കാണിക്കുന്നത്. 37 വയസുള്ള രോഹിത്തും 35 വയസുള്ള കോഹ്‌ലിയും 2027 ലോകകപ്പ് കളിക്കുമോയെന്ന ചോദ്യം ഇന്ത്യയുടെ പുതിയ കോച്ച് ഗംഭീറിനോട് ചോദിക്കുകയുണ്ടായി. കോച്ചായി നിയമിതനായശേഷം നടത്തിയ ആദ്യ വാർത്താസമ്മേളനത്തിലാണ് ഈ ചോദ്യം ഉയർന്നത്.
2027 ലെ ലോകകപ്പ് എത്തുമ്പോൾ രോഹിത്തിന് നാൽപതും കോഹ്‌ലിക്ക് മുപ്പത്തിയെട്ടുമാണ് പ്രായം. എങ്കിലും ഇരുവരും ടീമിൽ ഉൾപ്പെടാനുള്ള സാധ്യതകൾ ഗംഭീർ തള്ളിക്കളഞ്ഞില്ല. ‘തങ്ങളുടെ ഫിറ്റ്നസ് നിലനിർത്തിയാൽ 2027 ലെ ഏകദിന ലോകകപ്പിൽ ഇരുവരും പരിഗണിക്കപ്പെടും. അവർ രണ്ടുപേർക്കും ഇനിയും ഒരുപാട് മൽസരങ്ങൾ കളിക്കാനുണ്ട്. ചാമ്പ്യൻസ് ട്രോഫിയും ഓസ്‌ട്രേലിയയിലേക്കുള്ള പര്യടനവും അതിൽ ഉൾപ്പെടുന്നുണ്ട്,” ഗംഭീർ പറഞ്ഞു.
ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാണ് രോഹിത് ശർമ്മ. 2025 ലെ ചാമ്പ്യൻസ് ട്രോഫിക്കും ഇന്ത്യൻ ടീമിനെ നയിക്കുക രോഹിത്തായിരിക്കുമെന്നാണ് റിപ്പോർട്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here