‘വരാഹത്തിൽ’ അഭിനയിക്കാൻ ഗൗതം മേനോൻ എത്തി; സുരേഷ്‌ഗോപി നായകനാകുന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുന്നു
കൊച്ചി: സുരേഷ്‌ഗോപി നായകനാകുന്ന ത്രില്ലർ ചിത്രം ‘വരാഹത്തിൽ’ അഭിനയിക്കാൻ സംവിധായകനായ ഗൗതം വാസുദേവ് മേനോൻ കൊച്ചിയിലെത്തി. ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷത്തിലാണ് ഗൗതം മേനോൻ എത്തുന്നത്. കഴിഞ്ഞ വർഷം പുറത്തുവന്ന വിജയ് നായകനായ തമിഴ് ചിത്രം ലിയോയിലാണ് ഗൗതം അവസാനം അഭിനയിച്ചത്.
സനൽ.വി.ദേവൻ സംവിധാനം ചെയ്യുന്ന ‘വരാഹം’ സുരേഷ്‌ഗോപിയുടെ 257-ാമത്തെ ചിത്രമാണ്. സിനിമയുടെ ചിത്രീകരണം ഇക്കഴിഞ്ഞ ഡിസംബർ 22ന് കാലടിയിൽ ആരംഭിച്ചിരുന്നു. സുരാജ് വെഞ്ഞാറമൂട്, നവ്യ നായർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ജിത്തു.കെ.ജയൻ, മനു.സി. കുമാർ എന്നിവരാണ് ചിത്രത്തിന് കഥ എഴുതിയത്, ഛായാഗ്രഹണം രാഹുൽ രാജാണ്. സഞ്ജയ് പടിയൂർ എന്റെർടൈൻമെന്റിന്റെ ബാനറിൽ വിനീത് ജയൻ, സഞ്ജയ് പടിയൂർ എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്. ചിത്രീകരണം കൊച്ചിയിലും, പാലക്കാട്ടുമായി പൂർത്തിയാകും. ഇക്കഴിഞ്ഞ ജനുവരി മൂന്നിനാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here