ഹമാസ് കാണിക്കുന്നത് കരാര്‍ലംഘനം; വേണ്ടിവന്നാല്‍ വീണ്ടും യുദ്ധമെന്ന് നെതന്യാഹു
ഹമാസിനെതിരെ കടുത്ത നിലപാടുമായി ഇസ്രയേല്‍. മോചിപ്പിക്കുന്നവര്‍ ആരൊക്കെയെന്ന് ഹമാസ് വെളിപ്പെടുത്തിയില്ലെന്നും ഹമാസ് കാണിച്ചത് കരാര്‍ ലംഘനമാണെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വേണ്ടിവന്നാൽ അമേരിക്കന്‍ സഹായത്തോടെ യുദ്ധം പുനരാരംഭിക്കുമെന്നും ബന്ദികളാക്കിയിരിക്കുന്ന എല്ലാവരേയും തിരികെ രാജ്യത്തെത്തിക്കുമെന്നും നെതന്യാഹു പറഞ്ഞു. എക്സ് പ്ലാറ്റ് ഫോമിലാണ് പ്രതികരണം.
യുഎസ്, ഖത്തർ, ഈജിപ്ത് രാജ്യങ്ങളുടെ എട്ടുമാസത്തെ ശ്രമഫലമായുണ്ടായ വെടിനിർത്തൽക്കരാറിന് വെള്ളിയാഴ്ച രാത്രിയാണ് ഇസ്രയേൽ മന്ത്രിസഭ അംഗീകാരം നൽകിയത്.
ആദ്യഘട്ടത്തിൽ മോചിപ്പിക്കുന്ന 737 പലസ്തീൻ തടവുകാരുടെ വിശദാംശങ്ങൾ ഇസ്രയേൽ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇതിന് ഹമാസില്‍ നിന്നും പ്രതികരണം ലഭിച്ചിട്ടില്ല.
ഇന്ന് രാവിലെയാണ് ബന്ദിക്കൈമാറ്റത്തിന് ധാരണയായിട്ടുള്ളത്. ആരൊക്കെയാണ് കൈമാറ്റം ചെയ്യുന്നത് എന്നത് സംബന്ധിച്ച ലിസ്റ്റ് ഹമാസിന്റെ പക്കൽ നിന്ന് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും ഇത് കരാർ ലംഘനമാണെന്നുമാണ് ഇസ്രയേൽ വ്യക്തമാക്കുന്നത്. വേണ്ടിവന്നാൽ യുദ്ധം പുനരാരംഭിക്കുമെന്നും ബന്ദികളെ തിരിച്ചെത്തിക്കുമെന്നുമാണ് ഇസ്രയേല്‍ നിലപാട്.
33 ബന്ദികളെ ഹമാസ് ഘട്ടംഘട്ടമായി മോചിപ്പിക്കുമെന്നാണ് ധാരണ. മൂന്നുപേരെയാണ് ഞായറാഴ്ച വിട്ടയയ്ക്കുക. ഇവർ ഇസ്രയേലിന്റെ വനിതാ സൈനികരാണെന്നാണ് സൂചന.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here