എന്താണ് ജിനോം ഇന്ത്യ; രാജ്യത്തിന്റെ സ്വപ്ന പദ്ധതിയെക്കുറിച്ച് അറിയാം….

ഇന്ത്യയുടെ ജനിതക വൈവിധ്യത്തിൻ്റെ അടിസ്ഥാന ഭൂപടമായി ജിനോം ഇന്ത്യ പദ്ധതി മാറാന്‍ പോവുകയാണ്. പുതുതായി പുറത്തിറക്കിയ ഡാറ്റാബേസ് രാജ്യത്തെ 99 വംശങ്ങളിലെ ആരോഗ്യമുള്ള വ്യക്തികളുടെ ജീനോം സീക്വൻസുകൾ ഉള്ളതാണ്. ഇന്ത്യൻ ജനസംഖ്യയുടെ ജനിതകവ്യത്യാസവും ജനിതകചരിത്രവും കണ്ടെത്തുകയാണു പദ്ധതിയുടെ ലക്ഷ്യം. ഭാഷ, ഭക്ഷണം, സംസ്കാരം എന്നിവയിൽ മാത്രമല്ല, ജനിതക ഘടനയിലും വ്യത്യസ്തമായ രാജ്യമാണ് ഇന്ത്യ. 4,600-ലധികം വ്യത്യസ്ത ജനവിഭാഗങ്ങളുണ്ട്‌. ഈ വൈവിധ്യത്തെ ജീനോമിക് തലത്തിൽ പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ 2020ലാണ് ജീനോം ഇന്ത്യ പദ്ധതിക്ക് അംഗീകാരം നല്‍കിയത്.

കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ കീഴിലാണ് ഗവേഷണം പുരോഗമിക്കുന്നത്. 10,000 മനുഷ്യ ജീനോം ഡാറ്റാസെറ്റ് പങ്കിടുന്നതിനുള്ള പുതിയ പ്ലാറ്റ്‌ഫോമും ചട്ടക്കൂടും അടുത്തിടെ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യക്തിവിവരങ്ങള്‍ പുറത്തുപോകാത്ത വിധമാണ് ഇത് തയ്യാറാക്കിയത്. പ്രത്യേക രോഗങ്ങളുള്ളവരുടെ ജീനോമുകൾ ക്രമപ്പെടുത്താനാണ് രണ്ടാം ഘട്ടത്തില്‍ ഗവേഷകർ പദ്ധതിയിടുന്നത്.

നമ്മുടെ ശരീരം എങ്ങനെ വികസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നുവെന്ന് തീരുമാനിക്കുന്ന, നമ്മുടെ മാതാപിതാക്കളിൽ നിന്ന് പാരമ്പര്യമായി ലഭിക്കുന്നതാണ് ജീനോം. ജീനോം ക്രമപ്പെടുത്തുന്നതിന്, ഗവേഷകർ ആദ്യം രക്തത്തിൽ നിന്ന് വിവരങ്ങൾ വേർതിരിച്ചെടുക്കുകയാണ് ചെയ്യുന്നത്. സമ്പൂർണ്ണ മനുഷ്യ ജീനോമിൽ ഏകദേശം 3 ബില്യൺ ജോഡി ബേസുകൾ ഉണ്ട്. ഒരു മനുഷ്യ ജീനോമും ഇതുവരെ പൂർണ്ണമായി വായിച്ചിട്ടില്ല. ഒരു വ്യക്തിയുടെ ഉയരം, മുടിയുടെയും കണ്ണുകളുടെയും നിറം, അവർക്ക് പാരമ്പര്യമായി ലഭിച്ചേക്കാവുന്ന രോഗങ്ങൾ, അല്ലെങ്കിൽ അവർ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ളവ എന്നിവയെല്ലാം ഇവയിലൂടെ നിർണ്ണയിക്കാന്‍ കഴിയുന്നു.

പദ്ധതിക്ക് കീഴില്‍ ആദ്യത്തെ 10,000 ജീനോമുകൾ ക്രമപ്പെടുത്തുന്നതിന് 20 വ്യത്യസ്ത ശാസ്ത്ര സ്ഥാപനങ്ങളിലെ ഗവേഷകരാണ് പ്രവര്‍ത്തിക്കുന്നത്. പ്രോഗ്രാമിനെ കൂടുതൽ വിപുലീകരിക്കാനും 1 ദശലക്ഷം ജീനോമുകൾ വരെ ക്രമപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നത്.

ഒരു ഡാറ്റാബേസ് സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞാല്‍ അർബുദം അടക്കം വിവിധ രോഗങ്ങൾക്കു പിന്നിലുള്ള ജനിതക കാരണവും ഇതുവഴി മനസ്സിലാക്കാം. ജനിതകരോഗങ്ങൾക്കുള്ള ചികിത്സ നേരത്തേ തുടങ്ങാനും ശ്രേണീകരണം ഉപകരിക്കും. ഇന്ത്യൻ ഡാറ്റാസെറ്റ് പുതിയ വകഭേദങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്നുണ്ട്. ഇതുവരെയുള്ള 10,000 ജീനോമുകളിൽ 135 ദശലക്ഷം ജനിതക വ്യതിയാനങ്ങൾ ഗവേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്. രോഗത്തിന് കാരണമാകുമെന്ന് കരുതുന്ന ചില ജനിതക വ്യതിയാനങ്ങൾ ഏത് ആവൃത്തിയിൽ പ്രത്യക്ഷപ്പെടുന്നുവെന്ന് മനസിലാക്കാന്‍ കഴിയും.

അപൂർവ രോഗങ്ങളെ തിരിച്ചറിയാനും അവയെ ചികിത്സിക്കാനും കഴിയുന്ന ജീൻ തെറാപ്പി വികസിപ്പിക്കാനും ഇത് സഹായിക്കും. ചില ശരീരങ്ങളിലെ പ്രതിരോധം സൂചിപ്പിക്കുന്ന വകഭേദങ്ങൾ തിരിച്ചറിയുന്നതിനും ഇത് സഹായിക്കും. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ചില രോഗമുള്ളവരുടെ ജീനോമുകൾ ക്രമപ്പെടുത്തുന്നത് ഉൾപ്പെടുന്നുണ്ട്. രോഗബാധിതമായ ജീനോമുകളെ ആരോഗ്യമുള്ളവയുമായി താരതമ്യപ്പെടുത്താൻ ഇതുവഴി ഗവേഷകര്‍ക്ക് കഴിയും. നിലവിൽ, ഇന്ത്യൻ ഗവേഷകർക്ക് മാനേജ്ഡ് ആക്സസ് വഴി ഡാറ്റ ലഭ്യമാകും. ഡാറ്റ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന ശാസ്ത്രജ്ഞർ നല്‍കുന്ന നിർദ്ദേശങ്ങളോട് പ്രതികരിക്കണം. വകുപ്പുമായി സഹകരിക്കുകയും വേണം. ഗവേഷണത്തിന് സർക്കാർ ധനസഹായം നൽകും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top